ADVERTISEMENT

ന്യൂഡൽഹി∙ യുഎസ് കമ്പനിയായ ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സീൻ ഉടൻ ഇന്ത്യയ്ക്കു ലഭ്യമാകില്ലെന്നു റിപ്പോർട്ടുകൾ. യുകെയുടെ അനുമതി ലഭിച്ച വാക്സീൻ അടുത്ത ആഴ്ച മുതൽ ജനങ്ങളിലേക്ക് എത്തുമെങ്കിലും ഇന്ത്യയിൽ ‘നിലവിൽ’ വാക്സീൻ ലഭ്യമാകില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ വാക്സീന് അനുമതി ലഭിക്കണമെങ്കിൽ ഇവിടെ പരീക്ഷണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഫൈസറോ, പങ്കാളികളായ മറ്റു കമ്പനികളോ ഇതുവരെ ഇന്ത്യയിൽ പരീക്ഷണങ്ങൾ നടത്താനുള്ള അനുമതി ചോദിച്ചിട്ടില്ല.

ഇനി ഫൈസർ ഏതെങ്കിലും ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തം ഉണ്ടാക്കിയാലും രാജ്യത്ത് വാക്സീൻ ലഭിക്കണമെങ്കിൽ കുറച്ചു സമയമെടുക്കും. ഇന്ത്യയിൽ വാക്സീൻ പരീക്ഷണങ്ങൾക്ക് അനുമതി നൽകുന്നത് ഡ്രഗ്സ് കൺട്രോളർ ജനറല്‍ ഓഫ് ഇന്ത്യയാണ്. ഇതുവരെ അനുമതി ലഭിച്ച വാക്സീനുകൾ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. ഫൈസർ കമ്പനിയുമായി അധികൃതർ ഓഗസ്റ്റിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാല്‍ പിന്നീടു തീരുമാനങ്ങളൊന്നുമുണ്ടായില്ല. 

രാജ്യത്ത് വാക്സീൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത് പ്രധാനമായും അഞ്ചു കമ്പനികളാണ്. ലോകരാജ്യങ്ങൾ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ ട്രയലും കോവിഷീൽഡ് എന്ന പേരിൽ ഉൽപാദനവും സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് നിർവഹിക്കുന്നത്. അവസാനഘട്ട ട്രയലിലെ മുഴുവൻ പേർക്കും 2 വാക്സീൻ ഡോസ് വീതം നൽകി. ഇതിന്റെ ഫലം വിശദമാക്കുന്ന റിപ്പോർട്ട് ഡിസംബറിൽ എത്തിയേക്കും. അംഗീകാരം ലഭിച്ചാലുടൻ വിതരണം തുടങ്ങും. മൂന്നാഴ്ചയ്ക്കുള്ളിൽ വാക്സീന് അനുമതി നൽകണമെന്ന അഭ്യർഥനയുമായി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനാവാല അറിയിച്ചു.

English Summary: India May Not Get Pfizer Covid Vaccine, Cleared By UK, Anytime Soon: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com