ADVERTISEMENT

തൃശൂർ∙ 1969ൽ കേരളത്തിലുണ്ടായത് 2 സംരംഭങ്ങളാണ്. കെഎസ്എഫ്ഇയും കേരളാ ലോട്ടറിയും. സത്യത്തിൽ, അന്ന് കേരളത്തിനടിച്ച കേരളാ ലോട്ടറിയാണ് കെഎസ്എഫ്ഇ. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കേരളം ഇട്ട കടിഞ്ഞാൺ. അതാണ് കെഎസ്എഫ്ഇ. സർക്കാരിന്റെ ചിട്ടിക്കമ്പനി. ഇതുപോലൊന്ന് രാജ്യത്തില്ല; ലോകത്തില്ല.

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ 1969ൽ തുടക്കമിട്ട കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെഎസ്എഫ്്ഇ) അരനൂറ്റാണ്ടിനിപ്പുറം വളർന്നത് പരശതം കോടികളിലേക്കാണ്. എന്നാൽ ആ കണക്കിലല്ല കാര്യം. ഇതുവരെ കെഎസ്എഫ്ഇ കൊണ്ടു ഗുണമുണ്ടായ കോടിക്കണക്കിനു സാധാരണക്കാരായ മലയാളികൾ. അതാണ് കെഎസ്എഫ്ഇയുടെ കരുത്ത്.

സ്വകാര്യ ചിട്ടി ചൂഷകരിൽനിന്നു ജനങ്ങളെ രക്ഷിക്കുക, ചിട്ടിയെ നിയമാനുസൃതം സർക്കാർ നിയന്ത്രിതമാക്കുക എന്നീ ലക്ഷ്യങ്ങളാണ് അന്നുണ്ടായിരുന്നത്. ഇപ്പോൾ ഇതു രണ്ടും സാധ്യമായിരിക്കുന്നു. കേന്ദ്ര ചിട്ടി നിയമം 1982ന്റെ ചട്ടക്കൂടിലേക്ക് സ്വകാര്യ ചിട്ടികളും ഇപ്പോൾ വന്നിരിക്കുന്നു. സ്വകാര്യ ചിട്ടികൾ പലതും തകർച്ചമൂലം ഉപഭോക്താക്കൾക്കു വൻതുക നഷ്ടമുണ്ടാക്കിയ ചരിത്രമുണ്ട്. എന്നാൽ കെഎസ്എഫ്ഇ എന്നും നിലകൊള്ളുന്നത് വിശ്വാസ്യതയിലാണ്.

∙ അന്ന്

1969 നവംബർ 6 നു തൃശൂർ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചപ്പോൾ, വെറും 2 ലക്ഷം രൂപ മാത്രമായിരുന്നു മൂലധനം. അന്നുണ്ടായിരുന്ന 10 ജില്ലകളുടെ ആസ്ഥാനങ്ങളിൽ ഓരോ ശാഖകൾ. ജീവനക്കാർ 45.

∙ ഇന്ന്

2020 ഒക്ടോബർ 31ന്റെ കണക്കുകൾ ഇങ്ങനെ:

വിറ്റുവരവ് - 50,295 കോടി രൂപ.
ശാഖകൾ - 611
ജീവനക്കാർ - 7500
പ്രതിമാസ ചിട്ടികളുടെ ആകെത്തുക – 2168 കോടിരൂപ.
പ്രതിമാസ ചിട്ടികളുടെ എണ്ണം – 35,000.
വായ്പ – 7313 കോടി രൂപ.
നിക്ഷേപം –17,453 കോടി രൂപ.
ചിട്ടിയും വായ്പയും നിക്ഷേപവുമടക്കം പ്രതിമാസ ഇടപാടുകാർ – 40 ലക്ഷത്തിലേറെ.
‌‌‌
കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന ചിട്ടികളിൽ 70 ശതമാനവും കെഎസ്എഫ്ഇയുടേതാണ്. സ്വർണപ്പണയ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, ഗൃഹോപകരണ – വാഹന വായ്പ തുടങ്ങി എത്രയോ പദ്ധതികൾ. ട്രഷറിയിൽ ആയിരക്കണക്കിനുകോടി രൂപ കെഎസ്എഫ്ഇയുടെ നിക്ഷേപമുണ്ട്.

സ്വകാര്യ, പുതുതലമുറ ബാങ്കുകൾ കളം നിറഞ്ഞാടിയിട്ടും 5 വർഷത്തിനിടെ കെഎസ്എഫ്ഇയുടെ ലാഭം ഇരട്ടിയായി. വിറ്റുവരവും ഇരട്ടിയായി. തൃശൂർ ചെമ്പുക്കാവിൽ 1977 ൽ നിർമിച്ച ആസ്ഥാന മന്ദിരം സുവർണ ജൂബിലി പ്രമാണിച്ചു നവീകരിക്കുകയും ചെയ്തു.

∙ കടൽ കടന്ന ലേലം

സുവർണജൂബിലിക്കാലത്ത് കെഎസ്എഫ്ഇ ചിട്ടിയും ലേലവും രാജ്യാതിർത്തികൾ കടന്നു ചരിത്രം സൃഷ്ടിച്ചു. പ്രവാസിചിട്ടിയിലൂടെയാണിത്. പ്രവാസികൾക്ക് അവർ കഴിയുന്ന രാജ്യത്തിരുന്നു ചിട്ടിയിൽ ചേരാനും ലേലത്തിൽ പങ്കെടുക്കാനുമാവുന്ന ഡിജിറ്റൽ സംവിധാനം വലിയ പ്രശംസ നേടി.

ചിട്ടി പണം കൊണ്ടുവരും വഴി

1000 രൂപ പ്രതിമാസ അടവ് വരുന്ന, 100 തവണകളുള്ള ചിട്ടി (സല – 1ലക്ഷം) ലാഭം കൊണ്ടുവരുന്നതെങ്ങനെ എന്നു നോക്കാം.

100 തവണയുള്ള ചിട്ടിയിൽ 99 പേർക്ക് ചേരാം. ഒന്നാമത്തെ ടിക്കറ്റ് കെഎസ്എഫ്ഇക്കു തന്നെയാണ്. ആകെ 100 ടിക്കറ്റുകൾ. 100 തവണകൾ.

അത്യാവശ്യക്കാർക്ക് ചിട്ടി വിളിക്കാം. പരമാവധി വിളിക്കാവുന്നത് മൊത്തം ചിട്ടിത്തുകയായ ഒരുലക്ഷത്തിന്റെ 30 % കുറച്ച് 70,000 രൂപ വരെ. ഈ തുക ചിട്ടി വിളിക്കുന്നയാൾക്കു കിട്ടും.
ബാക്കി 30,000 രൂപ കെഎസ്എഫ്ഇയുടെ കൈവശം വരും. ഇതിൽ 5000 രൂപ കെഎസ്എഫ്ഇയുടെ ലാഭമാണ്. (1 ലക്ഷത്തിന്റെ 5%). ബാക്കി 25,000 രൂപ 100 ഉപഭോക്താക്കൾക്കായി വിഭജിക്കും. അതായത് ഒരാൾക്ക് 250 രൂപ വീതം ലാഭം. ഈ തുക അടുത്ത തവണ അടയ്ക്കുമ്പോൾ കുറച്ച് അടച്ചാൽ മതി. അതായത് അടുത്തമാസം 1000 രൂപ അടയ്ക്കുന്നതിനു പകരം 750 രൂപ അടച്ചാൽ മതി. അതിന് 1000 രൂപയുടെ മൂല്യമുണ്ടാകും.. 50 തവണ ഈ ലാഭം ലഭിച്ചാൽത്തന്നെ ഉപഭോക്താവിന് 12,500 രൂപ ലാഭമുണ്ടാകും.. ഒരു ലക്ഷം രൂപയുടെ ചിട്ടിയിലാണ് ഇത്രയും ലാഭമെന്നോർക്കണം.

ഇത് നിക്ഷേപമെന്ന നിലയിലുള്ള ലാഭമാണ്; ഇനി ചിട്ടി വിളിക്കുന്നയാൾക്കുള്ള ലാഭം നോക്കാം. ബാങ്കിൽ നിന്നു വായ്പയെടുക്കുന്നതിനു പകരം ചിട്ടി പിടിച്ചാൽ ബാങ്ക് സംവിധാനത്തിനു വിപരീതമായി മേൽപ്പറഞ്ഞ 100 തവണത്തെ അടവുകൊണ്ട് ബാധ്യത തീരും. പലിശ കണക്കാക്കിയാൽ ആകെ വരുന്നത് 6–7% മാത്രവും.

English Summary: KSFE lottery of Kerala - growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com