ADVERTISEMENT

‘‘കുഴപ്പമായീന്നാ തോന്നുന്നേ......’’ മലയാളം വായിക്കാൻ അറിയാമായിരുന്നെങ്കിൽ ബോളിവുഡ് നടി അനുഷ്ക ശർമ തീർച്ചയായും ഈ ഡയലോഗ് പറഞ്ഞേനേ. അത്രയ്ക്കല്ലേ ആ ഫോട്ടോയെക്കുറിച്ച് കേരളത്തിൽ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തത്. ഏതു ഫോട്ടോയാണെന്ന് ഇനിയും മനസ്സിലാകാത്തവർക്കായി പറയട്ടെ.

ഗർഭിണിയായ അനുഷ്ക ശർമ ശീർഷാസനത്തിൽ അതായത് തല താഴെയും കാലുകൾ മുകളിലുമായുള്ള യോഗാസനത്തിൽ നിൽക്കുന്നു, ഭർത്താവ് ക്രിക്കറ്റ് താരം വിരാട് കോലി അവരെ അതിനു സഹായിക്കുന്നു. ഏതാനും നാൾ മുൻപത്തെ ഈ ചിത്രം അവർ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നു. അതു വാർത്തയാകുന്നു, ഗർഭിണികൾ ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന ചർച്ച മുറ‌ുകുന്നു. ഇതാണു സംഭവം.

ഗർഭകാലത്തെ ശീർഷാസനം വേണമായിരുന്നോ, കടുംകൈ ആയില്ലേ എന്ന തരത്തില്‍ ട്രോളുകള്‍ നിറഞ്ഞു. ഇൻസ്റ്റയിലെ ചർച്ച അവിടെ അവസാനിച്ചെങ്കിലും കേരളം വളരെ ശാസ്ത്രീയമായി ഈ വിഷയത്തെ ഏറ്റെടുത്തു. അനുഷ്കയെ മാതൃകയാക്കാനും ശീർഷാസനം അനുകരിക്കാനും ഗർഭിണികൾ മുന്നോട്ടു വന്നാലുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടിയ കുറിപ്പുകൾ. ഏതു വിഷയത്തെയും അതിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് ചർച്ച ചെയ്യുന്ന മലയാളി സമൂഹത്തിന് ഒരു വലിയ സല്യൂട്ട്.

anushka-sharma-baby-bumb
അനുഷ്ക ശർമ (ഇടത്), അനുഷ്കയും വിരാട് കോലിയും (വലത്)

കോവിഡും കെടുതിയും മറ്റു ഗുരുതര പ്രശ്നങ്ങളും ഉള്ളപ്പോൾ ഇതൊക്കെ ചർച്ച ചെയ്യുന്നത് എന്തിന് എന്ന ചോദ്യം മറക്കുന്നില്ല. മനുഷ്യർ പലവിധമെന്നതു പോലെ, വാർത്തകളും പലവിധമാണല്ലോ. അതുകൊണ്ട് അനുഷ്കയും ഗർഭകാലത്തെ ശീർഷാസനവും വാർത്തയാകുന്നു എന്നു മാത്രം. എട്ടാഴ്ച ഗർഭിണിയായിരിക്കെ ഓസ്ട്രേലിയൻ ഓപ്പൺ വിജയിച്ച സെറീന വില്യംസ്, ഗർഭകാലത്തെ യോഗാസനങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ടെന്നിസ് താരം സാനിയ മിർസ, നടിമാരായ ശിൽപ ഷെട്ടി, സോഹ അലി ഖാൻ, സിസേറിയനു മുൻപ് നൃത്തം ചെയ്യുന്ന വിഡിയോകൾ പോസ്റ്റ് ചെയ്ത വനിതകൾ – അങ്ങനെ മുൻപും ഗർഭകാലകാഴ്ചകളിൽ പലതും ചർച്ചയായിട്ടുണ്ട്. ഇനി നോക്കാം, ഗർഭകാലത്തെ ശീർഷാസനത്തെ കുറിച്ച് നമ്മുടെ ചില ഡോക്ടർമാർക്കും യോഗാചാര്യന്മാർക്കും എന്താണു പറയാനുള്ളതെന്ന്.

Dr-Mayadevi-Kurup
ഡോ. മായാദേവി

എന്താണു സുരക്ഷിതമെന്ന് നമ്മൾ തിരിച്ചറിയണം – ഡോ. മായാദേവി കുറുപ്പ്(സീനിയർ കൺസൽറ്റന്റ്, ഗൈനക്കോളജി വിഭാഗം, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി)

ഗർഭകാലത്തു സുരക്ഷിതമായ വ്യായാമങ്ങൾ ചെയ്യണമെന്നുതന്നെയാണ് അഭിപ്രായം. പക്ഷേ, എന്താണു സുരക്ഷിതമെന്ന് അവനവൻ കൃത്യമായി മനസ്സിലാക്കണം. ശീർഷാസനം ചെയ്യരുതാത്ത യോഗാസനമൊന്നുമല്ല. എന്നാൽ, ഗർഭകാലത്ത് ഇതു ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വിദഗ്ധരുടെ ഉപദേശവും മേൽനോട്ടവും കൂടിയേ തീരൂ. യോഗാ ഗുരുവിന്റെ മേൽനോട്ടത്തിലാണു താനിതു ചെയ്തതെന്ന് അനുഷ്ക തന്നെ പറയുന്നുമുണ്ട്.

എന്നാൽ, ഈ ചിത്രം കണ്ടിട്ട് ഉടനെ ഗർഭകാലത്തു ശീർഷാസനം ചെയ്യാമെന്നു തീരുമാനിച്ചാൽ കുഴപ്പത്തിലാകും. ഗർഭകാലത്തു സുരക്ഷിതമായി ചെയ്യാവുന്ന പല യോഗാസനങ്ങളുമുണ്ട്. അതു ചിലതു നമ്മൾ പഠിപ്പിച്ചു കൊടുക്കാറുമുണ്ട്. ആന്റി നേറ്റൽ വ്യായാമങ്ങളെല്ലാം പറഞ്ഞുകൊടുക്കും. യോഗ ശീലമാക്കിയവരാണെങ്കിൽ ഗർഭകാലത്തെ കാര്യങ്ങൾ ശാസ്ത്രീയമായി പരിശീലിച്ച യോഗ ഇൻസ്ട്രക്ടറോടു ചോദിച്ച്, മാത്രം ചെയ്യാനും നിർദേശിക്കാറുണ്ട്. ഗർഭകാലത്തു ശീർഷാസനം തന്നെ ചെയ്യണമെന്നുമില്ലല്ലോ.

ശീർഷാസനം ചെയ്യരുത് എന്ന് എനിക്കു പറയാൻ പറ്റില്ല. ശീർഷാസനം കൊണ്ടു കുഞ്ഞിന്റെ പൊസിഷൻ മാറിപ്പോകുകയുമില്ല. പക്ഷേ, ഗർഭകാലത്ത് ഇതു ചെയ്യുന്നതിൽ പല സങ്കീർണതകളുമുണ്ട്. ഇത്തരം ചിത്രങ്ങളെയും മറ്റും വലിയ സംഭവമാക്കി അവതരിപ്പിക്കുന്നതിലും പ്രശ്നങ്ങളുണ്ട്. ഈ ചിത്രം കാണുന്ന ചിലർ അന്ധമായി അനുകരിക്കാൻ ശ്രമിച്ചാലാണ് അപകടം. ഗർഭിണികളല്ലാത്തവർ പോലും പരിശീലനവും മേൽനോട്ടവുമില്ലാതെ ശീർഷാസനം ചെയ്യരുതെന്നാണു പറയുക. വരുംവരായ്കകളെ കുറിച്ച് ആലോചിച്ചു മാത്രമാകണം നമ്മുടെ ഓരോ ചുവടുവയ്പും.

yoga-BALANCHADRAN
എം.ആർ. ബാലചന്ദ്രൻ

യോഗ വ്യായാമമുറയല്ല, ശ്രദ്ധയോടെ തുടരേണ്ട ജീവിതചര്യ – എം.ആർ. ബാലചന്ദ്രൻ(യോഗാചാര്യൻ)

ശീർഷാസനം ഗർഭാവസ്ഥയിൽ ചെയ്യാറില്ലാത്തതാണ്. തലച്ചോറിലെ രക്തപ്രവാഹം കൂട്ടാനും നാഡീഞരമ്പുകളെ ഉത്തേജിപ്പാനും കണ്ണിനും തലച്ചോറിനുമുൾപ്പെടെ ആരോഗ്യം കൂട്ടാനുമുള്ള യോഗമുറയായ ശീർഷാസനം ഒന്നര മാസത്തെ ഘട്ടംഘട്ടമായ പരിശീലനം കൊണ്ടു മാത്രമേ ചെയ്തു തുടങ്ങാനാകൂ. ജീവിതചര്യ കൃത്യമായി പാലിക്കുന്നവർക്കാണിതു ഗുണകരമായ രീതിയിൽ ചെയ്യാനാകുക. അതേസമയം, ശീർഷാസനത്തിന്റെ ഗുണം കിട്ടുന്ന മറ്റു ചില ആസനങ്ങളുമുണ്ട്. കഴുത്തിനു പ്രശ്നങ്ങൾ ഉള്ളവർ, ഹൃദ്രോഗികൾ, ഉയർന്ന രക്തസമ്മർദമുള്ളവർ, ഹൈപ്പർ തൈറോയ്ഡ് ബാധിതർ ഇവരൊന്നും ശീർഷാസനം ചെയ്യരുത്.

വർഷങ്ങളായി യോഗ പരിശീലിക്കുന്നവർ ഇടയ്ക്കു ഗർഭിണിയായാലും അതു തുടരാൻ പറ്റും. എന്നാൽ, 3 മാസം പിന്നിട്ടാൽ കമിഴ്ന്നുകിടന്നുള്ള ആസനങ്ങളൊന്നും പറ്റില്ല. എന്നാൽ, വിദേശികൾ പലരും ഗർഭകാലത്തുടനീളം യോഗ ചെയ്യുന്നതു കാണാറുണ്ട്. സത്യത്തിൽ യോഗ ഒരു വ്യായാമമുറയല്ല. ആത്മവിദ്യയെന്ന് അതിനെ വിളിക്കാം. രോഗം മാറാനോ തടികുറയ്ക്കാനോ ഉള്ളതല്ല യോഗ. ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പാക്കാനായി ജീവിതശൈലിയുടെ ഭാഗമാക്കേണ്ട ഒന്നാണത്. യോഗ ശീലമാക്കുമ്പോൾ ശരീരഭാരം നിയന്ത്രിച്ചു നിർത്താനാകുമെന്നതടക്കമുള്ള ഗുണങ്ങളുണ്ടെന്നു മാത്രം.

യോഗയിൽ ഇപ്പോൾ അശാസ്ത്രീയമായ പല മിക്സിങ്ങും കാണുന്നുണ്ട്. അതു തെറ്റാണ്. ശരിയായ യോഗ എന്നാൽ ശരീരത്തെ പീഡിപ്പിക്കുന്നതല്ല, വിയർത്തൊലിക്കാറുമില്ല. ജീവിതചര്യ നന്നായി ചിട്ടപ്പെടുത്തിയിട്ടാകണം ആസനങ്ങൾ ചെയ്യാൻ. യോഗയിലെ പ്രാണായാമം ഗർഭകാലത്തു ചെയ്യാം. സൂക്ഷ്മവ്യായാമങ്ങൾ എന്നൊരു വിഭാഗമുണ്ട്. കണ്ണിനും കാലിനും കഴുത്തിനും അരക്കെട്ടിനുമൊക്കെയുള്ള സൂക്ഷ്മവ്യായാമങ്ങൾ ചെയ്യാം.

Dr-Nirmala
ഡോ. സി. നിർമല സുധാകരൻ

അനുഷ്കയുടെ സാഹചര്യമല്ല നമ്മുടേത് – ഡോ. സി. നിർമല സുധാകരൻ,
(റിട്ട. ഗൈനക്കോളജി വിഭാഗം മേധാവി, തിരുവനന്തപുരം മെഡിക്കൽ കോളജ്. നിലവിൽ കുലശേഖരം ശ്രീമൂകാംബിക മെഡിക്കൽ കോളജിൽ പ്രഫസർ)

ഞാൻ ഒരു സർക്കാർ ആശുപത്രിയിൽ സാധാരണക്കാരായ ഗർഭിണികളെ പരിശോധിച്ച ഡോക്ടറാണ്. ഇന്ത്യയിലെ 90 ശതമാനം വരുന്ന ഗർഭിണികളെ മുന്നിൽ കണ്ടാണ് എന്റെ അഭിപ്രായം. ഗർഭകാലത്ത് ചില വ്യായാമങ്ങൾ പറയുന്നത് 1) ഗർഭകാല സങ്കീർണതകൾ ഒഴിവാക്കുക 2) സിസേറിയൻ നിരക്ക് കുറയ്ക്കുക 3) ഗർഭാനന്തരം പേശികൾക്കുൾപ്പെടെ ആരോഗ്യം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്. വയറിലെയും പെൽവിക് ഭാഗത്തെയും മസിലുകൾക്കു ഗുണകരമാകുന്ന രീതിയിലുള്ള വ്യായാമമാണു പറഞ്ഞുകൊടുക്കുക.

anushka-sharma-1
അനുഷ്ക ശർമ

അനുഷ്ക ശർമയെപ്പോലെ മികച്ച ഭൗതിക സാഹചര്യങ്ങളും ഡോക്ടർ ഉൾപ്പെടെ വിളിപ്പുറത്തുള്ള ആരോഗ്യസന്നാഹവും ഉള്ളവർ ഗർഭകാലത്തു ശീർഷാസനം ചെയ്യുന്നതു പോലെയല്ല, മികച്ച പരിഗണന പോലും കിട്ടാത്ത നമ്മുടെ ഗർഭിണികൾ. യോഗയിൽ വിദഗ്ധയും വർഷങ്ങളായി ശീർഷാസനം ചെയ്യുന്നയാളുമാണ് അനുഷ്കയെന്നതും കണക്കിലെടുക്കണം. എന്നാൽ, ഗർഭകാലത്തെ ഒരു നല്ല വ്യായാമമായി ഞാൻ ശീർഷാസനം ഉപദേശിക്കില്ല. അവരുടെ സാഹചര്യത്തിൽ ചിലപ്പോൾ അതു ശരിയാകാം. എന്നാൽ, ശാസ്ത്രീയമായി ഞാനിതുപദേശിക്കില്ല.

ശ്വസനം സുഗമവും കാര്യക്ഷമവുമാക്കുന്ന പ്രാണായാമം പോലെയുള്ള ശ്വാസവ്യായാമങ്ങൾ ഗർഭിണികൾക്കു ചെയ്യാം. ദീർഘകാലമായി യോഗ പരിശീലിക്കുന്നുണ്ടെങ്കിൽ, ഗർഭകാലത്തെ ഹോർമോൺ ഏറ്റക്കുറച്ചിൽ കൊണ്ടുണ്ടാകുന്ന മൂഡ് വ്യത്യാസങ്ങൾ ശരിയാക്കാൻ അതു തുടരാം. ഉദാഹരണത്തിന് ധ്യാനം. ഗർഭിണിയുടെ മാനസിക സന്തോഷം, കുഞ്ഞ് വളരുന്ന കുടുംബത്തിലെ ആരോഗ്യകരമായ അന്തരീക്ഷം, ശാന്തി, സമാധാനം എന്നിവയാണ് ഏറ്റവും പ്രധാനം. അതിനുള്ള കാര്യങ്ങൾക്കാണു മുൻതൂക്കം കൊടുക്കേണ്ടതും. അനുഷ്ക ചെയ്തത് എന്തോ വലിയ കാര്യം എന്നു കാണേണ്ടതില്ല, നമ്മുടെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ ഇത്തരം സാഹസികതകൾക്കു മുതിരരുത്.

Dr-K-Jayakrishnan
ഡോ. കെ. ജയകൃഷ്ണൻ

പരിചയമുള്ളവർക്ക് കുഴപ്പമുണ്ടാകില്ല – ഡോ. കെ. ജയകൃഷ്ണൻ (കൺസൽറ്റന്റ്, കെജെകെ ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി റിസർച് സെന്റർ, തിരുവനന്തപുരം)

യോഗ ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി അതു ഗർഭാവസ്ഥയിൽ തുടരുന്നതിനു പ്രശ്നമില്ല. അനുഷ്ക വളരെക്കാലമായി യോഗ ചെയ്യുന്നതായാണു വാർത്ത. ശീർഷാസനം ചെയ്യുമ്പോൾ ഭർത്താവ് വിരാട് കോലി അവരെ സഹായിക്കുന്നുമുണ്ട്. യോഗാ വിദഗ്ധരുടെയും ഡോക്ടറുടെയും ഉപദേശവും മേൽനോട്ടവുമുണ്ടെന്നും പറയുന്നു. ഇത്തരം സാഹചര്യത്തിൽ അതിൽ കുഴപ്പമുണ്ടെന്നു പറയാനാകില്ല.

എന്നാൽ, യോഗയുടെയോ ശീർഷാസനത്തിന്റെയോ പശ്ചാത്തലമില്ലാതെ ആരെങ്കിലും ഇതു ചെയ്യണമെന്നു പറഞ്ഞാൽ ശരിയാകില്ല. ശീർഷാസനം ചെയ്യുന്നതുകൊണ്ടു കുട്ടിക്ക് അപകടമൊന്നും സംഭവിക്കില്ല. അമ്മയുടെ തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് (ബ്ലഡ് ഫ്ലോ) കൂടുകയാണു ചെയ്യുക. അതേസമയം, കഴുത്തിനുപ്രശ്നങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ്, ഉയർന്ന രക്തസമ്മർദം എന്നിവയുള്ളവർക്കു ശീർഷാസനം പ്രശ്നങ്ങളുണ്ടാക്കും. ഗർഭാവസ്ഥയിൽ സങ്കീർണതകളില്ലെങ്കിൽ ലഘുവ്യായാമങ്ങളോ ചെയ്തുകൊണ്ടിരിക്കുന്ന വ്യായാമമോ തുടരാനാണു പറയുക.

Dr-Sudha
ഡോ. എസ്. സുധ

ഇതൊരു പുതിയ ചാലഞ്ചാക്കല്ലേ – ഡോ. എസ്. സുധ(അസിസ്റ്റന്റ് പ്രഫസർ, ഗവ. ആയുർവേദ മെഡിക്കൽ കോളജ്, തിരുവനന്തപുരം)

ഗർഭാവസ്ഥയിൽ ശീർഷാസനം ഉപദേശിക്കാറില്ല. ഗർഭിണികൾക്കു ചെയ്യാനാകുന്ന യോഗയെ കുറിച്ച് ദേശീയ യോഗാ പ്രോട്ടോക്കോളിൽ പറയുന്ന ആസനങ്ങളിൽ ശീർഷാസനമില്ല. എന്നാൽ, ഇതിനു സമാനമായ ഗുണങ്ങൾ നൽകുന്ന വിപരീത കരണി എന്ന യോഗാസനം ശരീരത്തിനു കൃത്യമായ സപ്പോർട്ട് നൽകി 6 മാസത്തോളം ചെയ്യാമെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ നടപ്പും ലഘുവ്യായാമങ്ങളുമാണു പൊതുവേ ഉപദേശിക്കുന്നത്.

anushka-sharma-glamour1332
അനുഷ്ക ശർമ

വളരെക്കാലമായി ശീർഷാസനം ചെയ്തു പരിചയമുള്ളവർക്കു ഗർഭകാലത്തും അതു തുടരണമെങ്കിൽ വിദഗ്ധരുടെ മേനോട്ടത്തിൽ ആകാം. എന്നാൽ, ഇതിന്റെ റിസ്കിനെക്കുറിച്ചു നല്ല ബോധ്യം വേണം. അവസാന 3 മാസങ്ങളിൽ ഇതു ചെയ്യാതിരിക്കുന്നതാണു നല്ലതും. അനുഷ്ക ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ആരാധകരും കോലിയുടെ ഫാൻസ് അസോസിയേഷൻകാരും പിന്നെ സാഹസികതകളിൽ കൊതിയുള്ളവരും ‘ശീർഷാസന ചാലഞ്ച്’ എന്നെല്ലാം പറഞ്ഞ് രംഗത്തെത്താതിരുന്നാൽ മതി. സാഹചര്യവും മറ്റു ഘടകങ്ങളും മനസ്സിലാകാതെ ഒന്നും അനുകരിക്കരുത്.

English Summary: Expert, Medical opinion on pregnant Anushka Sharma doing headstand yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com