ADVERTISEMENT

വികസനത്തെക്കുറിച്ചുള്ള ചർച്ചകളുമായി പ്രചാരണം ആരംഭിച്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിൽ പെട്ടെന്നാണ് പാക്കിസ്ഥാനും കശ്മീരും റോഹിൻഗ്യകളും നിറഞ്ഞത്. ഹിന്ദുക്കളുടെ അവകാശത്തെക്കുറിച്ചും സർജിക്കൽ സ്ട്രൈക്ക്, മുഗൾ ഭരണം, ബിരിയാണി, അയോധ്യ തുടങ്ങിയ കാര്യങ്ങളിലേക്കും പ്രചാരണം മാറിപ്പോയി. ദക്ഷിണേന്ത്യയിലെ പുതിയതായി രൂപീകരിക്കപ്പെട്ട ഒരു സംസ്ഥാനത്തെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അരയുംതലയും മുറുക്കി രംഗത്തിറങ്ങിയ ബിജെപിയാണ് വാർത്തകളിൽ.

ജിഎച്ച്എംസിയിലെ 150 ഡിവിഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ആദ്യം കിട്ടിയ മേൽക്കൈ പിന്നീട് ബാലറ്റ് പേപ്പർ എണ്ണിയപ്പോൾ ബിജെപിക്ക് നഷ്ടപ്പെട്ടു. വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ ലഭിച്ച ലീഡിൽ ബിജെപി വൻ നേട്ടം കൊയ്യുമെന്ന വിലയിരുത്തൽ ഉണ്ടായി. ബിജെപി നേതാക്കൾ ആവേശത്തോടെ ട്വിറ്ററിൽ വിജയകാഹളം മുഴക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആ പ്രതീക്ഷകൾക്കു മങ്ങലേറ്റു. എങ്കിലും ലഭ്യമായ ഫലസൂചന പ്രകാരം നാലിൽനിന്ന് 46 സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കി.

പാർട്ടിയുടെ യുവ മുഖമായ തേജസ്വി സൂര്യ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരാണ് പ്രചാരണം നയിക്കാനെത്തിയത്. ‘നൈസാം സംസ്കാരത്തിൽ’നിന്ന് ‘മിനി ഭാരതം’ ആക്കി ഹൈദരാബാദിനെ മാറ്റുമെന്നായിരുന്നു അമിത് ഷായുടെ വാഗ്ദാനം. ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗർ’ എന്നാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥും വാഗ്ദാനം ചെയ്തു. ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയില്ലെങ്കിലും പ്രധാനമന്ത്രി മോദിയും ഹൈദരാബാദിലേക്ക് ഒരു സന്ദർശനം നടത്തി – വാക്സീൻ വികസിപ്പിക്കുന്ന ഭാരത് ബയോടെക് കമ്പനിയുടെ കേന്ദ്രത്തിലേക്കാണ് മോദി പോയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ വാക്സീൻ വികസന യൂണിറ്റ് സന്ദർശിക്കുന്നു. (Image Courtesy - @BJP4Telangana)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ വാക്സീൻ വികസന യൂണിറ്റ് സന്ദർശിക്കുന്നു. (Image Courtesy - @BJP4Telangana)

എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ഇതും മോദിയുടെ ‘നിശബ്ദ’ സന്ദർശനവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായിരുന്നെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ശനിയാഴ്ചയാണ് ‘വാക്സീൻ ടൂർ’ എന്ന പേരിൽ മോദി സന്ദർശനം നടത്തിയത്.

ഹൈദരാബാദ് വഴി തമിഴ്നാട്ടിലേക്ക് ബിജെപി

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു കിട്ടിയത് ഒരു സീറ്റ് (വോട്ട് ശതമാനം 7.1%) മാത്രമാണ്. എന്നാൽ, തൊട്ടടുത്ത വർഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 4 സീറ്റുകൾ (വോട്ട് 19.5%) ലഭിച്ചു. പിന്നാലെ ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിൽനിന്നുള്ള ഉപതിരഞ്ഞെടുപ്പ് വിജയമാണ് ഹൈദരാബാദിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപിക്ക് ഊർജം നൽകിയത്. തെലങ്കാനയിലെ ആകെയുള്ള 119 നിയമസഭാ മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലായി പരന്നുകിടക്കുന്ന ജിഎച്ച്എംസിയിലെ ചെറിയ വിജയം പോലും നിയമസഭ പിടിച്ചെടുക്കാനുള്ള പാർട്ടിയുടെ നീക്കങ്ങൾക്കു കരുത്തേകും.

ദക്ഷിണേന്ത്യയിൽ കർണാടകയിൽ മാത്രമാണ് ബിജെപിക്കു വേരുറപ്പിക്കാനായത്. ജിഎച്ച്എംസി തിരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ തെലങ്കാന വഴി തമിഴ്നാട്ടിലേക്ക് ഒരു റോഡ് വെട്ടുകയാണ് ബിജെപി ചെയ്തത്. നാളെ കേരളത്തിലേക്കും ഇതേ തന്ത്രം തന്നെ അവർ പയറ്റുമെന്നും വിലയിരുത്തപ്പെടുന്നു. വർഷങ്ങളായി കെ.ചന്ദ്രശേഖർ റാവുവിന്റെ അനിഷേധ്യ ഭരണമാണ് തെലങ്കാനയിൽ. എന്നാൽ ഏകാധിപത്യഭരണത്തോടുള്ള എതിർപ്പ് നാൾക്കുനാൾ വർധിച്ചുവരികയാണ്. വാഗ്ദാനം ചെയ്ത പല കാര്യങ്ങളും പാലിക്കാൻ കെസിആറിന് കഴിഞ്ഞിട്ടില്ല. അടുത്തിടെയുണ്ടായ പ്രളയം കൈകാര്യം ചെയ്തതും അദ്ദേഹത്തിന്റെ വീഴ്ചയിൽ പെടും.

തെലങ്കാനയെന്ന സംസ്ഥാനത്തിനായി പോരാടിയ കെസിആറിന്റെ ചരിത്രം ഇനി പഴമയാണ്. ഈ തിരഞ്ഞെടുപ്പോടുകൂടി ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരീക്ഷണങ്ങളാണ് ഹൈദരാബാദ് കണ്ടത്. ജിഎച്ച്എംസി വഴി തെലങ്കാനയും അതുവഴി ദക്ഷിണേന്ത്യയിലെ മുന്നേറ്റത്തിനുമാണ് ബിജെപി തയാറെടുത്തത്. പല സംസ്ഥാനങ്ങളിലും ഇത്തരം നീക്കങ്ങളിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയത്. എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഒവൈസിയുടെ നാടാണ് ഹൈദരാബാദ്. 150 സീറ്റുകളിൽ 50 എണ്ണവും മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ്. ഇവിടെയാണ് ഒവൈസിയുടെ ശക്തി. 2016ലെ തിരഞ്ഞെടുപ്പിൽ കെസിആറിന്റെ ടിആർഎസും എഐഎംഐഎമ്മും സഖ്യത്തിലായിരുന്നു.

യോഗി ആദിത്യനാഥ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ. (Image Courtesy - @BJP4Telangana)
യോഗി ആദിത്യനാഥ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ. (Image Courtesy - @BJP4Telangana)

150ൽ 143 (ടിആർഎസ് – 99, എംഐഎംഐഎം – 44) സീറ്റുകളും സഖ്യം നേടിയിരുന്നു. അന്ന് ബിജെപി നേടിയത് 4 സീറ്റുകൾ മാത്രം. ഈ നഗരത്തിലേക്കാണ് ദുബ്ബാക്ക് ഉപതിരഞ്ഞെടുപ്പ് വിജയം ഊർജം നിറച്ച ബിജെപി എത്തിയത്. ഇത്തവണ 99 സീറ്റുകളിലെ പ്രധാനപ്പെട്ട പോരാട്ടം ടിആർഎസും ബിജെപിയുമായായിരുന്നു. ബാക്കി 51ൽ ടിആർഎസ്, ബിജെപി, എഐഎംഐഎം എന്നിവരും. 150 ഡിവിഷനുകളിലേക്കും ടിആർഎസ് സ്ഥാനാർഥികളെ നിർത്തി. ബിജെപി 149 സീറ്റുകളിലാണ് സ്ഥാനാർഥികളെ നിർത്തിയത്. 146 സീറ്റിൽ കോൺഗ്രസും 51 ഇടത്ത് എഐഎംഐഎമ്മും സ്ഥാനാർഥികളെ ഇറക്കി.

2023ലേക്ക് വിത്തുപാകി ബിജെപി

വികസിത നഗരം എന്നു പേരുകേട്ട ഹൈദരാബാദിൽ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ കേട്ടത് ധ്രുവീകരണത്തിന്റെ വാക്കുകളായിരുന്നു. പാക്കിസ്ഥാനിലെ ഭീകരർക്കുനേരെ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ തുടങ്ങി റോഹിൻഗ്യകളെ ഓടിക്കണമെന്നും ഹൈദരാബാദിൽനിന്ന് പാക്കിസ്ഥാനികളെ പുറത്താക്കണമെന്നതും നിരന്തരമായി കേട്ടുതുടങ്ങി. ബാബർ, അക്ബർ, ജിന്ന തുടങ്ങിയവരുമായി ഒവൈസിയെയും മറ്റും താരതമ്യം ചെയ്തും ബിജെപി പ്രചാരണം നടത്തി. ഉദ്ദേശിച്ച വിജയം സ്വന്തമാക്കാനായില്ലെങ്കിലും 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിത്തുപാകൽ ആയി ബിജെപിയുടെ ഈ പ്രചാരണകോലാഹലങ്ങളെ കാണാം. ഹൈദരാബാദിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പാണെങ്കിലും വൻ മാധ്യമശ്രദ്ധ നേടിയ പ്രചാരണം സംസ്ഥാനമാകെ എത്തിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്.

തളര്‍ന്ന് കോൺഗ്രസ്

തേജസ്വി സൂര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ. (Image Courtesy - @BJP4Telangana)
തേജസ്വി സൂര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ. (Image Courtesy - @BJP4Telangana)

ദേശീയ പാർട്ടിയായ കോൺഗ്രസ് പോലും പ്രാദേശിക പാർട്ടികളായ ടിആർഎസ്, എഐഎംഐഎം എന്നിവയ്ക്കു മുന്നിൽ അപ്രസക്തമാകുന്ന കാഴ്ചയാണ് തെലങ്കാനയിൽ കണ്ടത്. ബിജെപിയുടെ ദേശീയനേതൃത്വം ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയെങ്കിലും ഒരു ദേശീയ നേതാവിനെപ്പോലും കൊണ്ടുവരാൻ കോൺഗ്രസിനു കഴിഞ്ഞില്ല. പലപ്പോഴും ബിജെപിയും ഒവൈസിയും തമ്മിലുള്ള മത്സരമെന്ന നിലയിലേക്ക് ജിഎച്ച്എംസി തിരഞ്ഞെടുപ്പ് ചിത്രീകരിക്കപ്പെട്ടു.

സംസ്ഥാനത്തെ ശക്തരായ റെഡ്ഡി വിഭാഗം ദുർബലരായ കോൺഗ്രസിനെ വിട്ട് ബിജെപിയിലേക്കു ചായുകയാണെന്നാണു റിപ്പോർട്ടുകൾ. ടിആർഎസിനോടുള്ള ഭരണവിരുദ്ധവികാരവും അശക്തരായ കോൺഗ്രസിനോടുള്ള താൽപര്യക്കുറവും ബിജെപിക്കുള്ള സാധ്യതയാണ് കൽപ്പിക്കുന്നത്. മാത്രമല്ല, കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ ടിആർഎസ് തയാറാവണമെന്നില്ല. ബിജെപിയെ ഒറ്റയ്ക്കു നേരിടാൻ ശക്തിയുണ്ടെന്നു കാണിക്കാൻ ടിആർഎസ് ശ്രമിച്ചേക്കും. അങ്ങനെ വന്നാൽ വോട്ടുകൾ വിഭാഗിക്കപ്പെടും. അതിന്റെ നേട്ടം കൊയ്യുക ബിജെപി തന്നെയാകുമെന്നും വിലയിരുത്തലുണ്ട്.

English Summary: GHMC Election, BJP hopes to make Telangana inroads with Hyderabad polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com