ADVERTISEMENT

വാഷിങ്ടൻ ∙ ടിബറ്റിനു മേൽ ചൈന നടത്തുന്ന അധീശ്വത നിലപാടുകൾക്കെതിരെ രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്കുള്ള സന്ദർശനം ചൈന വിലക്കിയതിനു പരസ്പരപൂരകമായ യുഎസ് നിയമം പോലെ മറ്റു രാജ്യങ്ങളും നിയമമുണ്ടാക്കണമെന്നു മുതിർന്ന നയതന്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. ടിബറ്റൻ വിഷയങ്ങൾക്കുള്ള സ്പെഷൽ കോ–ഓർഡിനേറ്റർ റോബർട്ട് എ ഡെസ്ട്രോ ആണ് ചൈനയ്ക്കെതിരെ പ്രസ്താവന നടത്തിയത്.

‘ടിബറ്റിലേക്ക് എല്ലാവർക്കും പ്രവേശനം നൽകണമെന്നാണു ചൈനയോടു യുഎസും ആഗോള സഖ്യരാജ്യങ്ങളും ആവശ്യപ്പെടുന്നത്. നയതന്ത്ര പ്രതിനിധികൾക്കും മാധ്യമ പ്രവർത്തകർക്കും ടിബറ്റിലൂടെ സഞ്ചരിക്കാൻ സാധിക്കണം. മറ്റു രാജ്യങ്ങൾ ചൈനയിലെ നയതന്ത്ര പ്രതിനിധികൾക്കും മാധ്യമ പ്രവർത്തകർക്കും പൗരന്മാർക്കും അവരുടെ പ്രദേശത്ത് അനുമതി നൽകുന്നതു പോലെ തിരിച്ചും വേണം. ടിബറ്റിന്റെ ഭാഷയും സംസ്കാരവും ചൈനീസ് കമ്യൂണിസറ്റ് പാർട്ടി ഇല്ലാതാക്കുന്നതിൽ അദ്ഭുതമില്ല. ഉയിഗുർ, കസാഖ് വംശജരോടും സിൻജിയാങ്ങിലും ഇതേ കാര്യങ്ങളാണു ചൈന ചെയ്യുന്നത്’– ടിബറ്റിലെ മതസ്വാതന്ത്ര്യം എന്ന വിഷയത്തിൽ നടന്ന വിഡിയോ കോൺഫറൻസിൽ റോബർട്ട് എ ഡെസ്ട്രോ അഭിപ്രായപ്പെട്ടു.

ടിബറ്റിലേക്കു വിദേശികളുടെ വരവ് തടഞ്ഞ ചൈനയുടെ നിലപാടിനെതിരെ ‘റെസിപ്രോക്കൽ ആക്സസ് ടു ടിബറ്റ് ആക്ട്’ എന്ന നിയമം യുഎസ് കൊണ്ടുവന്നിരുന്നു. ടിബറ്റിൽ വിലക്കു കൊണ്ടുവന്ന ചൈനീസ് ഉദ്യോഗസ്ഥർക്ക് യുഎസിൽ യാത്രാവിലത്ത് ഏർപ്പെടുത്തുന്ന ഈ നിയമത്തിൽ 2018 ഡിസംബറിലാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടത്. സമാന മനസ്കരായ സുഹൃത് രാജ്യങ്ങൾ ഇതുപോലുള്ള നിയമം കൊണ്ടുവരണമെന്നു റോബർട്ട് എ ഡെസ്ട്രോ ആവശ്യപ്പെട്ടു. വിശ്വാസത്തിലും മതത്തിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇടപെടുന്നത് അവർക്കു ഭയമുള്ളതിനാലാണ്. ടിബറ്റൻ ബുദ്ധിസ്റ്റുകൾ ഒറ്റയ്ക്കല്ലെന്നും ഡെസ്ട്രോ കൂട്ടിച്ചേർത്തു.

English Summary: As China Restricts Access To Tibet, US Urges Nations To Make Laws Over It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com