ADVERTISEMENT

ശബരിമല ∙ തീർഥാടകരുടെ എണ്ണം കൂട്ടിയിട്ടും ശബരിമലയിൽ ഭക്തരുടെ സാന്നിധ്യത്തിൽ കാര്യമായ വർധനയില്ല. സന്നിധാനം മിക്കപ്പോഴും വിജനമാണ്. ദർശനത്തിനും പതിനെട്ടാംപടി കയറുന്നതിനും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പായിരുന്നു മുൻകാലങ്ങളിൽ. ഇപ്പോൾ  കാത്തുനിൽക്കേണ്ടെന്നു മാത്രമല്ല, ഓരോ പടിയിലും തൊട്ടുതൊഴുതു കയറാം. തിരുനടയിൽ അയ്യപ്പനെ എത്ര സമയം വേണമെങ്കിലും തൊഴാം. പൊലീസ് തള്ളിമാറ്റില്ല.

അപ്പം, അരവണ വിൽപന കുറഞ്ഞു

അയ്യപ്പ ദർശനവും നെയ്യഭിഷേകവും കഴിഞ്ഞാൽ സ്വാമി ഭക്തർ നേരെ പോകുക അപ്പം,  അരവണ വഴിപാട് കൗണ്ടറുകളിലേക്കാണ്. ഭക്തരുടെ ഇഷ്ട വഴിപാട് പ്രസാദമാണ് അരവണയും അപ്പവും. ഇവയുടെ വിറ്റുവരവായിരുന്നു ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനം. തീർഥാടനം തുടങ്ങി 20 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷം ഒരു ദിവസം ലഭിച്ച വരുമാനം പോലും ഇത്തവണ കിട്ടിയിട്ടില്ല.

കഴിഞ്ഞ വർഷം വൃശ്ചികം ഒന്നിന് വരുമാനം 3.32 കോടി രൂപയായിരുന്നു. അതിൽ അപ്പം വിറ്റുവരവ് 13.98 ലക്ഷവും അരവണ വിറ്റുവരവ് 1.19 കോടിയും. ഇത്തവണ അപ്പം, അരവണ വിറ്റുവരവിലൂടെ ഇതുവരെ ലഭിച്ചത് 65 ലക്ഷം രൂപ മാത്രം. അപ്പം, അരവണ എന്നിവ തയാറാക്കുന്ന തിടപ്പള്ളിയിൽ കഴിഞ്ഞ വർഷം 450 തൊഴിലാളികളെ ദിവസവേതനത്തിൽ നിയോഗിച്ചിരുന്നു. ഇത്തവണ 35 പേർ മാത്രം.

എല്ലാ ദിവസവും അപ്പവും അരവണയും തയാറാക്കുന്നില്ല. വിറ്റഴിയുന്നതിനുസരിച്ചു മാത്രം. നട തുറക്കുന്നതിന് 2 ദിവസം മുൻപ് 5000 ടിൻ അരവണ തയാറാക്കിയിരുന്നു. അവ വിറ്റഴിക്കാൻ ദിവസങ്ങളെടുത്തു. ശനി, ഞായർ ദിവസങ്ങളിലാണ് അൽപമെങ്കിലും വിൽപനയുള്ളത്. 2120 ടിൻ അരവണ ഒരു ദിവസം വിൽക്കാൻ കഴിഞ്ഞതാണ് ഇത്തവണ റെക്കോർഡ്.

പ്രസാദ വിതരണത്തിന് നേരത്തേ 16 കൗണ്ടറുകൾ ഉണ്ടായിരുന്നു. ഇവിടെ എപ്പോഴും നീണ്ട ക്യൂ കാണാം. കുറഞ്ഞത് രണ്ടര മണിക്കൂർ കാത്തുനിന്നു മാത്രമേ അപ്പവും അരവണയും വാങ്ങാനാവൂ. ഇപ്പോൾ പതിനെട്ടാംപടിക്കു സമീപം 3 കൗണ്ടർ മാത്രമാണ് തുറന്നിട്ടുള്ളത്.  അവയുടെ മുൻപിൽ തിരക്കേയില്ല. ഒന്നോ രണ്ടോ പേർ മാത്രം.

മാളികപ്പുറത്തെ കൗണ്ടറുകൾ തുറന്നിട്ടില്ല. കഴിഞ്ഞ വർഷം സന്നിധാനം കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാൻ പമ്പയിലും അപ്പം, അരവണ എന്നിവ വിതരണം ചെയ്തിരുന്നു. സന്നിധാനത്തുനിന്ന് ട്രാക്ടറിൽ എത്തിച്ചായിരുന്നു വിതരണം. ഇത്തവണ പമ്പയിലെ കൗണ്ടർ അടഞ്ഞു കിടക്കുന്നു

ഇന്ത്യയിൽ എവിടെയുളള തപാൽ ഓഫിസിലൂടെയും ഭക്തർക്ക് അപ്പം, അരവണ പ്രസാദങ്ങൾ ബുക്ക് ചെയ്യാം. പണം അടച്ച് 4 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ഏതു പോസ്റ്റ് ഓഫിസ് വഴിയും മേൽവിലാസക്കാരനു വിതരണം ചെയ്യാനുള്ള ക്രമീകരണമുണ്ട്.

നെയ്ത്തേങ്ങ കൗണ്ടറിൽ നേരിട്ടു വാങ്ങും

അഭിഷേക പ്രിയനാണ് അയ്യപ്പൻ. കഠിന വ്രതനിഷ്ഠയിൽ പതിനെട്ടാംപടി കയറുന്ന സ്വാമി ഭക്തരുടെ പ്രധാന ആഗ്രഹം നെയ്യഭിഷേകം നടത്താൻ അവസരം കിട്ടണമേ എന്നാണ്. വൈകിട്ട് എത്തുന്ന അയ്യപ്പന്മാർ അഭിഷേകത്തിനായി പിറ്റേന്നു വരെ കാത്തിരിക്കും. നെയ്ത്തേങ്ങ പൊട്ടിച്ച് അതിലെ നെയ്യ് പാത്രത്തിലാക്കി ക്യൂ നിൽക്കും.

10 മുതൽ 13 മണിക്കൂർ വരെ കാത്തിരുന്നാണ് നെയ്യഭിഷേകം നടത്തുന്നത്. ഇപ്പോൾ അവിടെ ആരുമില്ല. അഭിഷേകത്തിനു നെയ്യ് നേരിട്ട് ശ്രീകോവിലിൽ ഏൽപ്പിക്കാനും കഴിയില്ല. ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്ത്തേങ്ങ കൗണ്ടറിൽ നേരിട്ടു വാങ്ങി അഭിഷേക ടിക്കറ്റ് കൊടുക്കുകയാണ്. അഭിഷേകം ചെയ്ത നെയ്യ് പകരം താഴെ തിരുമുറ്റത്തെ കൗണ്ടറിൽനിന്ന് ലഭിക്കും.

കാണിക്കപ്പണം എണ്ണാൻ 30 പേർ

അയ്യപ്പന്മാർ കാണിക്ക അർപ്പിക്കുന്ന പണം എണ്ണുന്നതിന് കഴിഞ്ഞ വർഷം 325 ദേവസ്വം ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ 30 പേർ മാത്രം. തിരുനടയിൽ അർപ്പിക്കുന്ന പണം കൺവയർബെൽറ്റ് വഴി ദേവസ്വം ഭണ്ഡാരത്തിൽ എത്തുമായിരുന്നു. വരുമാനം കുറവായതിനാൽ കൺവയർ പ്രവർത്തിപ്പിക്കുന്നില്ല. പുതിയ ഭണ്ഡാരം തുറന്നിട്ടേയില്ല.

കാണിക്ക വഞ്ചികളിൽ അർപ്പിക്കുന്ന പണം ചാക്കുകളിൽ നിറച്ച് പഴയ ഭണ്ഡാരത്തിൽ എത്തിച്ച് എണ്ണുകയാണ് ഇപ്പോൾ ചെയ്യുന്നത്. കഴിഞ്ഞ വർഷം ഒരു കോടി രൂപയിൽ കുറയാതെ എല്ലാ ദിവസവും വരുമാനം ഉണ്ടായിരുന്നു. അതേ സ്ഥാനത്ത്  ഇത്തവണ ഏറ്റവും കൂടുതലായി ലഭിച്ചത് 4.23 ലക്ഷം രൂപയാണ്. 

English Summary : Sabarimala Piligrimage during Covid Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com