ADVERTISEMENT

തിരുവനന്തപുരം∙ നാലാഞ്ചിറയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പോളിങ് സാമഗ്രി വിതരണം നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. നിയന്ത്രണങ്ങള്‍ ഉദ്യോഗസ്ഥരും വോട്ടര്‍മാരും കര്‍ശനമായി പാലിക്കണം. പ്രശ്നം പരിഹരിച്ചെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍ പറഞ്ഞു. ആറുമണിക്കുശേഷവും പിപിഇ കിറ്റ് ധരിച്ച് രോഗികള്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 7 വൈകിട്ട് മൂന്ന് മുതല്‍ ഡിസംബര്‍ 8 വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഡിസംബര്‍ 8 വോട്ടെടുപ്പ് നടക്കുന്നത്.

ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ ഫോറം 19 സിയില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഇവര്‍ വൈകിട്ട് ആറിന് മുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തണം. എന്നാല്‍ ആറിന് ക്യൂ വിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടുചെയ്തതിനുശേഷം മാത്രമേ ഇവരെ വോട്ടു ചെയ്യാന്‍ അനുവദിക്കൂ.

സ്പെഷൽ വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനില്‍ കയറുന്നതിന് മുമ്പ് പോളിങ് ഉദ്യോഗസ്ഥരും ഏജന്റ്മാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം. തിരിച്ചറിയലിനും മഷി പുരട്ടുന്നതിനും സാധാരണ വോട്ടര്‍മാര്‍ക്കുള്ള എല്ലാ നടപടി ക്രമങ്ങളും സ്‌പെഷൽ വോട്ടര്‍മാര്‍ക്ക് ബാധകമാണ്. കയ്യുറ ധരിക്കാതെ വോട്ടിങ് മെഷീനില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പ്രത്യേകം പേന ഉപയോഗിച്ച് വേണം വോട്ടര്‍ റജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്താൻ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ ആരോഗ്യവകുപ്പ് പോളിങ് സ്‌റ്റേഷനില്‍ എത്തിക്കും. സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന സ്പെഷല്‍ വോട്ടര്‍മാര്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിച്ച് എത്തണം. പോളിങ് സ്റ്റേഷനിലേക്ക് വരുന്നതിനിടയില്‍ പുറത്തിറങ്ങാന്‍ പാടില്ല. ഇവരെ കൊണ്ട് വരുന്ന ഡ്രൈവര്‍മാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം.

വോട്ടെടുപ്പ് സമയത്ത് പോളിങ് ഉദ്യോഗസ്ഥർ നിർബന്ധമായും ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കയ്യുറ എന്നിവ ഉപയോഗിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്. പോളിങ് ഏജന്റുമാർക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്.

മൊത്തം 24,584 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. വോട്ടർമാർ 88,26,620. മൊത്തം 5 ജില്ലകളിലായി 46,68,209 സ്ത്രീകൾക്കും 41,58,341 പുരുഷൻമാർക്കും 70 ട്രാൻസ്‌ജെൻഡർമാർക്കും വോട്ടവകാശമുണ്ട്. കൂടുതൽ വോട്ടർമാരുള്ള ജില്ല തിരുവനന്തപുരവും കുറച്ചുള്ളത് ഇടുക്കിയുമാണ്. 11,225 പോളിങ് സ്‌റ്റേഷനുകളിലായി അരലക്ഷത്തിലേറെ ഉദ്യോഗസ്ഥരാണു ഡ്യൂട്ടിക്കുള്ളത്.

English Summary: Kerala local body polls: Arrangements being made for first phase in five districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com