ADVERTISEMENT

മൊറാദാബാദ്∙ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഹിന്ദു യുവതിയുമായുള്ള വിവാഹ റജിസ്ട്രേഷനെത്തിയ മുസ്‌ലിം യുവാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റു ചെയ്തു. കന്ത് മേഖലയിലാണു സംഭവം. ബജ്റങ്ദൾ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതും ഇവരെ പിടികൂടിയതും.

സബ് ​റജിസ്ട്രാർ ഓഫിസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപു തന്നെ ഇവരെ കസ്റ്റഡിയിലെടുത്ത് പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. 22 കാരിയായ യുവതിയെ ഒരു കൂട്ടം പുരുഷന്മാർ വലയം ചെയ്തു സ്റ്റേഷനിൽ നിൽക്കുന്നതിന്റെ ഒരു മിനിറ്റ് 11 സെക്കൻഡ് നീണ്ടുനിന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. മതം മാറുന്നതിന് ജില്ലാ മജിസ്ട്രേറ്റ് അനുമതി നൽകിയതിന്റെ രേഖകൾ കാണിച്ചുതരണമെന്ന് ഇവർ ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. കയ്യിൽ ലാത്തിയുമായി നിൽക്കുന്ന പൊലീസുകാരനടക്കം രണ്ടു പൊലീസകാരെയും യുവാക്കൾക്കൊപ്പം വിഡിയോയിൽ കാണാം. പുതിയ നിയമം നിങ്ങൾ വായിച്ചിട്ടുണ്ടോ ഇല്ലയോ? അത് നിങ്ങളെ പോലുള്ളവർക്കായി രൂപീകരിച്ചതാണെന്നും മറ്റൊരാൾ പറയുന്നു.

പരസ്പര സമ്മതപ്രകാരം വിവാഹം കഴിച്ചവരാണ് തങ്ങളെന്ന് യുവതി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഞാൻ പ്രായപൂർത്തിയായ ആളാണ്. 22 വയസ്സായി. ജൂലൈ 24ന് സ്വന്ത ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണ്. അഞ്ചുമാസമായി ഞങ്ങൾ വിവാഹിതരായിട്ടെന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ യുവതിയെ വഞ്ചിച്ച്‌ വിവാഹം കഴിക്കുന്നതിനും മതം മാറ്റത്തിനും യുവാവ്് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് പരാതി നൽകിയിരുന്നതായി പൊലീസ് വ്യക്തമാക്കി. യുവാക്കളെ രണ്ടു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഉയർന്ന പൊലീസുദ്യോഗസ്ഥൻ വിദ്യാ സാഗർ പറഞ്ഞു.

യുവാവോ യുവതിയോ മതം മാറിയതായോ അത്തരത്തിൽ മാറാൻ പദ്ധതിയിടുന്നതായോ അറിയില്ല. നിർബന്ധിത മതപരിവർത്തനത്തിനെതിരെ കൊണ്ടുവന്ന ഉത്തർപ്രദേശ് പ്രൊഹിബിഷൻ ഓഫ് അൺലോഫുൾ കൺവേർഷൻ ഓഫ് റിലീജിയൺ ഓർഡിനൻസ് 2020 അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടാൽ ഒന്നു മുതൽ അഞ്ചുവർഷം വരെ തടവ് ലഭിക്കാം. മതപരിവർത്തന വിരുദ്ധനിയമം നിലവിൽ വന്നതിനു പിന്നാലെ ഒരാഴ്ചയ്ക്കിടെ യുപിയിൽ റജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്.

English Summary: "Law For Those Like You": UP Hindu Woman Heckled, Muslim Husband Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com