ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്തുമായി ബന്ധമുള്ള രാഷ്ട്രീയ ഉന്നതനാരെന്ന് ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറിൽ കൊടുത്തത് എന്ന് വ്യക്തമാക്കണം. മൊഴി കണ്ട് കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധംകെട്ടു വീഴുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്തിൽ ബന്ധമുള്ള ഉന്നതനാരെന്ന് മുഖ്യമന്ത്രി പറയണം. നയതന്ത്ര ചാനൽ വഴി റിവേഴ്സ് ഹവാലയ്ക്ക് ഈ ഉന്നതൻ സഹായിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മന്ത്രിമാർക്ക് ഇതിൽ പങ്കുണ്ട് എന്ന വാർത്ത പുറത്തു വരുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പറയണം. സ്വർണക്കള്ളക്കടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നാണ് വ്യക്തമാകുന്നത്. പാർട്ടിയും സർക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പു രംഗത്ത് ഇറങ്ങാതെ പോയത്. ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാൻ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ടു ചെയ്യില്ല എന്ന തിരിച്ചറിവുമൂലമാണ്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റു കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് 500 രൂപയുടെ കിറ്റു പോലുമില്ല. കിറ്റിനുള്ള സഞ്ചി വാങ്ങിയതിൽ തന്നെ കമ്മിഷൻ അടിച്ചിരിക്കുന്നു. അതിൽ പോലും കമ്മിഷനടിക്കുന്ന പ്രവർത്തനമാണ് സർക്കാരിന്റേത്.

എല്ലാ സർക്കാരുകളും പെൻഷൻ കൊടുക്കാറുള്ളതാണ്. പെൻഷൻ പദ്ധതി കൊണ്ടു വന്നത് കോൺഗ്രസ് സർക്കാരാണ്. അതുകൊണ്ട് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളോട് പറയാനില്ലാത്തതിനാലാണ് അദ്ദേഹം പ്രചാരണ രംഗത്തില്ലാതിരുന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുകയാണ്. കോവിഡിന്റെ മറവിൽ നടന്ന അഴിമതികളും ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിൽ കാര്യങ്ങൾ ഇതിലും ഗുരുതര അവസ്ഥയിലേക്ക് മാറുമായിരുന്നു.

കോൺഗ്രസിന് ബിജെപിയുമായി സഖ്യമെന്നത് പഴകിപ്പുളിച്ച ആരോപണമാണ്. മുഖ്യമന്ത്രി വർഗീയ പ്രചാരണം നടത്താൻ ശ്രമിക്കുകയാണ്. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാഷ ആർഎസ്എസിന്റെ ഭാഷയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്‍ലിം ലീഗിനായിരിക്കും ആധിപത്യം എന്നാണ് അദ്ദേഹം പറയുന്നത്. ആർഎസ്എസ് സംസാരിക്കുന്ന ഭാഷയിലാണ് വിജയരാഘവൻ സംസാരിക്കുന്നത്. വർഗീയത ഇളക്കിവിടാനാണ് ഈ സംസാരം എന്ന് ജനങ്ങൾ തിരിച്ചറിയും. മുന്നണി നയിക്കുന്നത് കോൺഗ്രസാണ്. സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ ഇന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി എവിടെ നിൽക്കുന്നു എന്നതിന്റെ പ്രതീകമാണ്. പണത്തിനും അധികാരത്തിനും വേണ്ടി ഏത് നിലയിൽ വേണമെങ്കിലും പോകും എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

Content Highlights: Ramesh Chennithala, CM Pinarayi Vijayan, Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com