ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകളടക്കം തടഞ്ഞുകൊണ്ട് പ്രതിഷേധം നടക്കുകയാണ്. ഡൽഹി – മീററ്റ് ഹൈവേ അടച്ചു. ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെടുത്തുകയും കടകളും ഓഫിസും അടപ്പിക്കുകയും ചെയ്തു. സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നതെന്നും ആംബുലൻസ് അടക്കം അടിയന്തര സംവിധാനങ്ങൾ തടസ്സപ്പെടുത്തില്ലെന്നും കർഷകർ പറഞ്ഞു.

അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിച്ചു. ഔദ്യോഗിക വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. പുറത്തിറങ്ങാനും അനുവാദമില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഡൽഹി പൊലീസിനെതിരെയാണ് പ്രവർത്തകരുടെ ആരോപണം. ഇന്നലെ കർഷക നേതാക്കളെ കേജ്‌രിവാള്‍ സന്ദർശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ വീ‌ട്ടുത‌ടങ്കലിൽ ആക്കിയിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

ഗുജറാത്തിലെ മൂന്നു ഹൈവേകളാണ് ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധക്കാർ ബ്ലോക്ക് ചെയ്തത്. ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ ഇവിടെ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിൽ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. ഡൽഹിയിൽ കർഷകർ പ്രധാന റോഡുകളും ടോൾ പ്ലാസകളുമാണ് തടഞ്ഞിരിക്കുന്നത്. രാവിലെ 11 മുതൽ 3 വരെ ഇത്തരത്തിലുള്ള പ്രതിഷേധം നടത്തുമെന്ന് കർഷകർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.

നാളെ കേന്ദ്ര സർക്കാരുമായി നടത്തുന്ന ആറാം വട്ട ചർച്ചയ്ക്കു മുന്നോടിയായുള്ള ശക്തിപ്രകടനമായി ബന്ദിനെ മാറ്റാനാണു കർഷക സംഘടനകളുടെ തീരുമാനം. നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ചു ഡൽഹിയെ വളഞ്ഞ് 3 ലക്ഷം കർഷകരാണു നിലയുറപ്പിച്ചിരിക്കുന്നത്.

Bharat Bandh - Mumbai
മുംബൈ വാഷി ട്രക്ക് ടെർമിനലിൽനിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു വി. നായർ

കോൺഗ്രസ് അടക്കം 20 പാർട്ടികളാണ് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യമെങ്ങും വഴിതടയൽ അടക്കമുള്ള പ്രതിഷേധ പരിപാടികൾ നടന്നേക്കുമെന്ന ആശങ്കയിൽ സംസ്ഥാനങ്ങൾക്കു കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാനം തകർക്കാനുള്ള നീക്കങ്ങൾ തടയണമെന്നും സമാധാനം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾക്കുള്ള സന്ദേശത്തിൽ കേന്ദ്രം നിർദേശിച്ചു.

Bharat Bandh - Mumbai
വാഷി എപിഎംസി മാർക്കറ്റിൽനിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു വി. നായർ
Bharat Bandh - Mumbai
മുംബൈ വാഷി എപിഎംസി മാർക്കറ്റിന് ഉള്ളിൽനിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു വി. നായർ
Bharat Bandh - Mumbai
എൻസിപി നേതാവ് നവാബ് മാലിക്കിന്റെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന പ്രകടനത്തില്‍നിന്ന്. ചിത്രം: വിഷ്ണു വി. നായർ
Bharat Bandh - Delhi
ഡൽഹിയിൽനിന്നുള്ള പ്രതിഷേധത്തിന്റെ ദൃശ്യം. ചിത്രം: രാഹുൽ ആർ. പട്ടം
Bharat Bandh - Delhi
ഡൽഹിയിൽനിന്നുള്ള പ്രതിഷേധത്തിന്റെ ദൃശ്യം. ചിത്രം: രാഹുൽ ആർ. പട്ടം

English Summary: Bharat Bandh: AAP Says Arvind Kejriwal "Under House Arrest", Delhi Police Says No

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com