ADVERTISEMENT

കൊച്ചി∙ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്കെതിരെ നടത്തുന്ന കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും തനിക്കെതിരെ അന്വേഷണ സംഘത്തിന് ഒരു തെളിവും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈക്കോടതിയിൽ. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരം അറസ്റ്റ് ചെയ്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് ശിവശങ്കർ ഇക്കാര്യം കോടതിയിൽ അറിയിച്ചത്.

ഇത്ര നാളായിട്ടും തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. വാട്സാപ് സന്ദേശങ്ങളാണ് തെളിവുകളായി ഹാജരാക്കിയിരിക്കുന്നത്. അന്വേഷണ സംഘം വിവരങ്ങൾ മാധ്യമങ്ങൾക്കാണ് ആദ്യം നൽകുന്നത്. താൻ സസ്പെൻഷനിൽ ആയതിനാൽ സാക്ഷികളെ സ്വാധീനിക്കാനാവില്ല തുടങ്ങിയ വാദങ്ങളും അദ്ദേഹം ജാമ്യം ആവശ്യപ്പെട്ട് കോടതിയിൽ ഉയർത്തി. ഇന്നോടുകൂടെ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലുള്ള വാദം അവസാനിച്ചു. ഇതിനെതിരായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടു. കേസ് ഡിസംബർ 18ന് പരിഗണിക്കും.

സുപ്രീം കോടതി അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് ശിവശങ്കറിനു വേണ്ടി ഹാജരായത്. ഇഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവും സ്പെഷൽ കൗൺസിൽ അഭിഭാഷകൻ ഉണ്ണികൃഷ്ണനും ഹാജരായി. 

അതേസമയം, കഴിഞ്ഞ ദിവസം ശിവശങ്കറിനെതിരായി സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ കൂടുതൽ തെളിവുകൾ കസ്റ്റംസ് അന്വേഷണ സംഘം കോടതിയിൽ മുദ്രവച്ച കവറിൽ നൽകിയിരുന്നു. ഇന്നലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു ഇത്. തുടർന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. കസ്റ്റംസ് കേസുകളിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്നലെ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതി അനുമതിയോടെ പിൻവലിച്ചിരുന്നു.

English Summary: M Sivasankar against Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com