ADVERTISEMENT

കൊച്ചി ∙ രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ മൂന്നു മുന്നണികളും വി4 കൊച്ചി, ട്വന്റി ട്വന്റി തുടങ്ങിയ കൂട്ടായ്മകളും പ്രതീക്ഷയിൽ. കോവിഡ് പശ്ചാത്തലത്തിൽ പോളിങ് നിരക്ക് കുറഞ്ഞേക്കുമെന്ന ഭീതി യുഡിഎഫിനും എൽഡിഎഫിനും തലവേദനയാകുന്നുണ്ട്.

വോട്ടു ചെയ്യില്ലെന്ന് ഏതാനും മുതിർന്ന പ്രമുഖർ പ്രഖ്യാപിച്ചത് വോട്ടർമാരുടെ നിലപാടിനെയും സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഇതോടെ പരമാവധി വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിൽ എത്തിച്ച് വോട്ട് ചെയ്യിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് മുന്നണികൾ. അനുകൂല നിലപാടുള്ള മുതിർന്ന പൗരൻമാരെ തിരിച്ചറിഞ്ഞ് പോളിങ് സ്റ്റേഷനിലെത്തിക്കുന്നതിനുള്ള നിർദേശം നേതാക്കൾ അണികൾക്ക് നൽകി.

ആവേശമില്ലാത്ത പ്രചാരണകാലം

കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ വൻ ആവേശം പ്രകടമാകാത്ത പ്രചാരണത്തിനാണ് തിരഞ്ഞെടുപ്പുകാലം സാക്ഷ്യം വഹിച്ചത്. പൊതുയോഗങ്ങളും ആൾക്കൂട്ടങ്ങളുമില്ലായിരുന്നു. കവല പ്രസംഗങ്ങളും ആളുകളെ ചേർത്തുള്ള പ്രചാരണങ്ങളും നാമമാത്രമായി. വീടു കയറിയുള്ള പ്രവർത്തനങ്ങൾ നടന്നെങ്കിലും അവിടെയും നിയന്ത്രണങ്ങൾ ഏറെ, പ്രത്യേകിച്ചും നഗരങ്ങളിൽ. കൂട്ടമായി ചെന്ന് വോട്ടു ചോദിക്കുന്നത് സ്ഥാനാർഥികളും ഒഴിവാക്കി. മിക്കയിടങ്ങളിലും സ്ഥാനാർഥികൾ ഒറ്റയ്ക്കു വീടുകൾ കയറിയിറങ്ങി. മുറ്റത്തു പോലും കയറാതെയായിരുന്നു പലസ്ഥലങ്ങളിലും വോട്ടുപിടിത്തം. 

മൊബൈൽ ഫോണുകളിലൂടെ അടുപ്പക്കാരെക്കൊണ്ടും പരിചയക്കാരെക്കൊണ്ടും വിളിപ്പിച്ച് വോട്ടു ചോദിക്കുന്നതായിരുന്നു മറ്റൊരു തന്ത്രം. സമൂഹമാധ്യമങ്ങളിലെ കാടടച്ചുള്ള പ്രചാരണങ്ങൾക്കു പകരം തന്ത്രപരമായി ഡിജിറ്റൽ പരസ്യ ഏജൻസികളെക്കൊണ്ട് പേജുകളിലൂടെ വോട്ടർമാരുള്ള പ്രദേശം ടാർഗറ്റ് ചെയ്ത് പോസ്റ്റുകളിട്ടുള്ള പ്രചാരണവും നടന്നു. പ്രചാരണത്തിനു കൊഴുപ്പു കുറവായിരുന്നെങ്കിലും അവസാന ദിവസങ്ങളിൽ കുറച്ചു കൂടി ശക്തമായി. നഗരത്തിൽ തിരഞ്ഞെടുപ്പിന്റെ അൽപമെങ്കിലും ബഹളം പ്രകടമായത് അവസാന ഞായറാഴ്ചയിലായിരുന്നു. വീടുകളിൽ ആളുകളുള്ള ദിവസം അന്നായതിനാൽ സ്ഥാനാർഥികൾ ഈ ദിവസം പരമാവധി വീടുകള്‍ കയറി വോട്ടു ചോദിക്കാനും ശ്രമിച്ചിരുന്നു. 

പ്രശ്ന പരിഹാരങ്ങൾക്ക് വോട്ട്

തദ്ദേശ തിരഞ്ഞെടുപ്പിൽ പൊതു രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടെങ്കിലും വോട്ടർമാരെയും വോട്ടിനെയും ബാധിക്കുക പ്രാദേശിക വിഷയങ്ങൾ തന്നെയായിരിക്കും. കൊതുക് കടിച്ച് ഉറക്കം നഷ്ടപ്പെടുന്ന പൗരന് അതിൽനിന്ന് മോചനം നൽകാമെന്ന വാഗ്ദാനം വോട്ടുകളായി മാറിയേക്കാം. അതുകൊണ്ടുതന്നെ പ്രാദേശിക വിഷയങ്ങളിലൂന്നി ആയിരുന്നു മുന്നണികൾ പ്രചാരണ  പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. 

ഉറപ്പിച്ചും തറപ്പിച്ചും മുന്നണികൾ

പ്രാദേശിക തിരഞ്ഞെടുപ്പുകൾ എപ്പോഴും പ്രവചനാതീതമാകുന്നതാണ് പതിവ്. സൂചനകളും ഊഹാപോഹങ്ങളുമായി പലരും ഈ ദിവസങ്ങളിൽ രംഗത്തെത്തുമെങ്കിലും അവസാന ഫലം വരുന്നതു വരെ ഇതെല്ലാം അപ്രസക്തമാണെന്നാണ് ചരിത്രം. കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെുപ്പ് നടക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തൽ. യുഡിഎഫ് അധികാരത്തിൽ വന്ന കഴിഞ്ഞ രണ്ടു ടേമുകളിലും അതിനു മുൻപ് എൽഡിഎഫ് ഭരിച്ച 32 വർഷവും കാര്യമായ അന്തരമില്ലാത്ത ഫലങ്ങളായിരുന്നു കൊച്ചിയിൽ. 

എൻഡിഎ പിടിക്കുന്ന സീറ്റുകളുടെ എണ്ണം ഇത്തവണ ഭരണത്തിൽ നിർണായകമാണ്. കോർപ്പറേഷൻ ഭരണത്തെ നിയന്ത്രിക്കാൻ ബിജെപിക്ക് അഞ്ചു സീറ്റ് ലഭിച്ചാൽ മതിയാകും. അതുകൊണ്ടു തന്നെ ആദ്യ ഘട്ടത്തിലെ സീറ്റ്, സ്ഥാനാർഥി തർക്കങ്ങൾക്കുശേഷം ശക്തി കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞുള്ള പ്രചാരണമായിരുന്നു ബിജെപിയുടേത്. അതേസമയം വി4 കൊച്ചി പോലെയുള്ള കൂട്ടായ്മകൾ ഡിവിഷനുകളിൽ ആരു ജയിക്കുമെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാകും. നേരിയ വോട്ടുകൾക്കു വിജയം നിർണയിക്കുന്ന ഡിവിഷനുകളിൽ സ്വതന്ത്രരും വിമതരും ഇത്തരം കൂട്ടായ്മകളും സ്ഥാനാർഥികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. 

ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടുകൾ മാത്രമാണ് പൊതു രാഷ്ട്രീയത്തിന് അൽപമെങ്കിലും സ്വാധീനമുണ്ടാക്കാൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്. 27 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ പത്തുവർഷം നീണ്ട യുഡിഎഫ് ഭരണം നിലനിർത്താനാകുമെന്ന് ഇവർ പറയുമ്പോൾ അത് തിരുത്തിയെഴുതുനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ബ്ലോക്കിലും സ്ഥാനാർഥി മികവിനെക്കാൾ രാഷ്ട്രീയ വിഷയങ്ങൾക്ക് സ്വാധീനം ചെലുത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഭരണത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനായത് നേട്ടമാകുമെന്ന് എൽഡിഎഫും വ്യക്തമാക്കുന്നു. 

ജില്ലയിലെ 13 നഗരസഭകളിലേയ്ക്കുള്ള പോരാട്ടത്തിൽ മേൽക്കൈ നേടാൻ ഇരു മുന്നണികളും പരമാവധി ശ്രമിച്ചിട്ടുണ്ട്. മിക്ക പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. ജില്ലയിലെ 82 പഞ്ചായത്തുകളിൽ 42 എണ്ണത്തിന്റെയും ഭരണം കയ്യാളുന്ന എൽഡിഎഫ് ഇത്തവണ 50 പഞ്ചായത്തുകളെങ്കിലും സ്വന്തമാക്കുമെന്ന് ഉറപ്പിക്കുമ്പോൾ എല്ലാ പഞ്ചായത്തുകളും കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമമാണ് യുഡിഎഫിന്റേത്. കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി ട്വന്റിയുടെ സാന്നിധ്യം ഇത്തവണയും ശക്തമാണ്.

English Summary: Kerala Loal Body Election - second phase campaign will end tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com