ADVERTISEMENT

തിരുവനന്തപുരം ∙ ചോദ്യം ചെയ്യലിനു വ്യാഴാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടുന്നതു സംബന്ധിച്ച് നിയമോപദേശം തേടി. സി.എം.രവീന്ദ്രന്റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയാല്‍ സിപിഎം പ്രതിരോധത്തിലാകും. 

അറസ്റ്റിലായ എം.ശിവശങ്കര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിനു സ്വപ്നയുമായി ഉണ്ടായ സൗഹൃദത്തിനു സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധം. എന്നാല്‍ സി.എം.രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചത് പാര്‍ട്ടിയാണ്. രവീന്ദ്രനെ വിശ്വാസമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിരോധത്തിലാകും. രവീന്ദ്രനിലൂടെ അനേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയാണോ ലക്ഷ്യമിടുന്നതെന്ന ആശങ്കയും പാര്‍ട്ടി നേതാക്കള്‍ പങ്കുവയ്ക്കുന്നു. 

കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റു ചെയ്യുമോയെന്ന ആശങ്ക അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്കുണ്ട്. ദേഹാസ്വാസ്ഥ്യവും തലവേദനയും കാരണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട രവീന്ദ്രന്‍ നിരീക്ഷണത്തിലാണ്. കാര്യമായ ആരോഗ്യപ്രശ്‌നമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയില്‍നിന്ന് വിടുതല്‍ വാങ്ങി ഇഡിക്കു മുന്നില്‍ ഹാജരാകുന്നതിനെക്കുറിച്ചും പാര്‍ട്ടിതലത്തില്‍ ആലോചനകള്‍ നടക്കുന്നു.

ഇഡി അധികൃതര്‍ ആശുപത്രിയിലെത്തി കൂട്ടികൊണ്ടുപോകുന്നത് ഒഴിവാക്കാനാണിത്. മൂന്നു തവണ നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് രവീന്ദ്രന്‍ ഒഴിവാകുകയായിരുന്നു. തുടര്‍ച്ചയായി നോട്ടിസ് നല്‍കിയിട്ടും ഹാജരാകാത്തതില്‍ ഇഡിക്കും അതൃപ്തിയുണ്ട്. ഒഴിഞ്ഞുമാറ്റം തുടര്‍ന്നാല്‍ ആശുപത്രിയിലെത്തി ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. ഡോക്ടര്‍മാരുമായി ഇഡി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.

പാര്‍ട്ടി അനുമതിയോടെയാണ് രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള ചോദ്യം ചെയ്യല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു പാര്‍ട്ടി വിലയിരുത്തുന്നു. സര്‍ക്കാരിന്റെ പ്രതിഛായ മോശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

വലിയൊരു വിഭാഗം പിന്തുണയ്ക്കുമ്പോഴും രവീന്ദ്രന്റെ വിഷയത്തില്‍ ആശങ്ക പങ്കുവയ്ക്കുന്ന നേതാക്കളുമുണ്ട്. ഇഡി ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കുമ്പോഴെല്ലാം ആശുപത്രിയില്‍ പ്രവേശിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് അവര്‍ പറയുന്നു. രവീന്ദ്രന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളില്‍ രവീന്ദ്രന്റെ പങ്കും പരിശോധിക്കുന്നു. പദ്ധതികള്‍ അനുവദിക്കുന്നതിനു കമ്മിഷന്‍ ലഭിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

English Summary: CPM confused on CM Raveendran Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com