ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഏജൻസികൾക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. സ്വപ്നയ്ക്കു നിലവിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നു കോടതിയെ അറിയിക്കാനും വകുപ്പ് തീരുമാനിച്ചു.

അതേസമയം, ജയിലിലിരിക്കെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയിലെ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ നിലച്ചു. സ്വർണക്കടത്തിലെ വൻമരങ്ങളെക്കുറിച്ച് മൊഴി നൽകരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനൊപ്പം ഋഷിരാജ് സിങ് നയിക്കുന്ന ജയിൽ വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണ്.

സ്വപ്നയുടെ പരാതി കള്ളമെന്നാണ് ജയിൽ വകുപ്പിന്റെ വാദം. സ്വപ്ന അട്ടക്കുളങ്ങര വനിത ജയിലിലെത്തിയത് ഒക്ടോബർ 14നാണ്. മറ്റൊരു തടവുകാരിക്കൊപ്പമാണ് കഴിയുന്നത്. വനിത ജയിലിൽ പുരുഷ ഉദ്യോഗസ്ഥരില്ല. ഔദ്യോഗിക ആവശ്യത്തിന് ഒന്നോരണ്ടോ ഉന്നത ഉദ്യോഗസ്ഥൻ മാത്രമാണ് ഇതിനിടെ അവിടെയെത്തിയത്. ചോദ്യം ചെയ്യലിനായി ഇഡി, കസ്റ്റംസ്, വിജിലൻസ് ഉദ്യോഗസ്ഥരും സന്ദർശനത്തിനായി വീട്ടുകാരും മാത്രമാണ് വന്നിട്ടുള്ളത്.

സംശയമുണ്ടെങ്കിൽ ജയിലിന്റെ കവാടത്തിലും കൂടിക്കാഴ്ച മുറിയിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കട്ടെയെന്നാണ് ജയിൽ വകുപ്പ് പറയുന്നത്. അതോടൊപ്പം ജയിൽ മേധാവിയുടെ ആവശ്യപ്രകാരം രണ്ടാഴ്ച മുൻപ് ജയിൽ കവാടത്തിൽ സായുധ പൊലീസിനെ നിയോഗിച്ച് സ്വപ്നയുടെ സുരക്ഷ വർധിപ്പിച്ചിരുന്നെന്നും പറയുന്നു. സുരക്ഷ നൽകാനുള്ള ഉത്തരവ് പരിശോധിച്ച ശേഷം ഇക്കാര്യം കോടതിയെ അറിയിക്കാനാണു തീരുമാനം.

ജയിലിൽ കഴിയവേ സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെ ഭീഷണിയെന്ന പരാതിയും ഉയർന്നതാണു ഗൗരവം വർധിപ്പിക്കുന്നത്. എന്നാൽ ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. കേസെടുക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ മടിയും സ്വപ്നയെ ചോദ്യം ചെയ്യാൻ കോടതി അനുമതി തേടുന്നതിലെ തടസ്സവുമാണ് അന്വേഷണം നിലയ്ക്കാൻ കാരണം.

English Summary: Swapna Suresh claim is not valid, says Kerala Prisons Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com