ADVERTISEMENT

ബെംഗളൂരു∙ കർണാടകയിൽ ഗോ സംരക്ഷകരുടെ ജീവിതം അപകടത്തിലായിരുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്‌വത് നാരായൺ. ഗോ വധം നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമം സംസ്ഥാനത്തെ പശു സംരക്ഷകർക്ക് വളരെയധികം ആശ്വാസം നൽകുന്നതാണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

‘കന്നുകാലി കച്ചവടവുമായി ബന്ധപ്പെട്ട് ആളുകൾ പൂർണമായും ആയുധധാരികളായിരുന്നു. ആവർ ജീവനെടുക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നു. അതുപോലെ അല്ല കന്നുകാലികളെ വളർത്തുന്നവരുടെ അവസ്ഥ. അവരുടെ ജീവിതം അപകടത്തിലായിരുന്നു. 

ഈ നിയമത്തിലൂടെ കന്നുകാലികളുടെ സംരക്ഷണവും വളർച്ചയും മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ കൃഷി, മൃഗസംരക്ഷണം എന്നിവ നല്ലരീതിയിൽ ഉറപ്പുവരുത്താനും. നമുക്ക് നമ്മുടെ സംസ്കാരം സംരക്ഷിക്കുകയും ഉയർത്തുകയും വേണം. അതാണ് ഈ നിയമവുമായി മുന്നോട്ടു വരാനുള്ള പ്രധാന കാരണം. അതിനു പിന്നിൽ പ്രത്യേക അജണ്ടകളൊന്നുമില്ല’– നാരായൺ പറഞ്ഞു. 

കടുത്ത പ്രതിഷേധം മറികടന്ന് കഴിഞ്ഞ ദിവസമാണ് ഗോവധം പൂർണമായും നിരോധിച്ചു കൊണ്ടുള്ള കന്നുകാലി കശാപ്പു നിരോധന, സംരക്ഷണ നിയമഭേദഗതി കർണാടക നിയമസഭയിൽ പാസായത്. നിയമലംഘനം നടത്തുന്ന കശാപ്പുകാർക്കും മറ്റു സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കന്നുകാലികളെ കടത്തുന്നവർക്കും കടുത്ത ശിക്ഷ നൽകുന്ന നിയമ ഭേദഗതിയാണിത്. പശു, കിടാവ്, കറവയുള്ള മറ്റു കന്നുകാലികൾ എന്നിവയുടെ കശാപ്പാണ് പൂർണമായും നിരോധിച്ചത്. 

1960കൾ മുതൽ ഗോവധം കർണാടകയിൽ നിയമവിരുദ്ധമായിരുന്നു. എന്നാൽ ഇപ്പോൾ 13 വർഷമെങ്കിലും വളർച്ചയെത്താത്ത കാള, പോത്ത്, എരുമ എന്നിവയെ കൊല്ലാൻ പാടില്ലെന്ന ഭേദഗതിയും കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവർക്ക് 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. തെറ്റ് ആവർത്തിച്ചാൽ 10 ലക്ഷം രൂപ വരെ പിഴ ചുമത്തും.

ബിൽ അവതരണത്തിനു മുന്നോടിയായി സഭാസമ്മേളനം നടക്കുന്ന വിധാൻസൗധയ്ക്കു മുന്നിൽ ഗോപൂജയും  ഉണ്ടായിരുന്നു. ഇന്നു നിയമനിർമാണ കൗൺസിലിൽ അവതരിപ്പിക്കുന്ന ബിൽ അവിടെയും പാസായാൽ ഗവർണറുടെ അനുമതിയോടെ നിയമമാകും. 

English Summary : "Cow Vigilantes Were At Risk": Karnataka Minister Defends Beef Ban Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com