‘കോവിഡിന് ചികിൽസിക്കേണ്ടേ; സി.എം. രവീന്ദ്രനെ ഒന്നും ചെയ്യാൻ കഴിയില്ല’

Mail This Article
തിരുവനന്തപുരം ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ച തന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രവീന്ദ്രൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മുന്നിൽ പോയി തെളിവു കൊടുക്കുമെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ ഏജൻസികൾക്ക് അദ്ദേഹത്തെ ഒരുകാര്യവും ചെയ്യാൻ കഴിയില്ലെന്ന വിശ്വാസം തനിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചോദ്യം ചെയ്യലിൽ രവീന്ദ്രനു ഭയപ്പാടില്ല. നിർഭാഗ്യവശാൽ അദ്ദേഹത്തിനു കോവിഡ് വന്നു. അതിന്റെ ഭാഗമായി ആരോഗ്യപ്രശ്നങ്ങളുണ്ടായി. കോവിഡ് വന്നാൽ ചികിൽസിക്കേണ്ടെന്നാണോ പറയുന്നത്? രവീന്ദ്രനെതിരെ ചില ആക്ഷേപങ്ങള്‍ ഏജൻസികൾക്കു കിട്ടിയിട്ടുണ്ട്. ആക്ഷേപങ്ങൾ കിട്ടിയാൽ അതിനെക്കുറിച്ചു കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. തനിക്കെതിരെ സിബിഐയ്ക്കു പരാതി കിട്ടിയപ്പോഴും ഏജൻസികൾ വിവരം അന്വേഷിച്ചിരുന്നു.
പരാതികൾ ലഭിച്ചാൽ അന്വേഷണ ഏജൻസിക്കു വിളിച്ചു വിവരം തിരക്കേണ്ടിവരും. അതാണ് അന്വേഷണ രീതി. അന്വേഷണം അതിന്റെ രീതിയിൽ നടക്കും. ചില പ്രത്യേക മാനസിക രീതിയുള്ളവരുണ്ട്. അവർ നിരന്തരം അന്വേഷണ ഏജൻസികൾക്കു പരാതി അയയ്ക്കും. ഒഞ്ചിയത്തു സിപിഎമ്മിനോടു രാഷ്ട്രീയ വിരോധമുള്ളവർ അവിടെയുള്ള പല സ്ഥാപനങ്ങളും കെട്ടിടവും രവീന്ദ്രന്റേതാണെന്ന് ആക്ഷേപം പറയുന്നു. അവിടെയെല്ലാം പോയി അന്വേഷിച്ചിട്ട് എന്തു തെളിവുകിട്ടിയെന്ന് അന്വേഷണ ഏജൻസികൾ പറയട്ടെ– മുഖ്യമന്ത്രി പറഞ്ഞു.
English Summary: CM Pinarayi Vijayan supports CM Raveendran in ED probe case