ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റണോയെന്നതില്‍ തീരുമാനം അടുത്ത മാസത്തോടെ. തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നല്‍കി ബെഹ്റയെ നിലനിര്‍ത്താനും ആലോചനയുണ്ട്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് നിര്‍ണായകമാവുക.

സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ ലോക്നാഥ് ബെഹ്റ നാല് വര്‍ഷമാവുകയാണ്. മൂന്ന് വര്‍ഷം ഒരേ പദവിയില്‍ തുടരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്  മാറ്റണമെന്ന് നിയമമുണ്ട്. ഇതാണ് ബെഹ്റയുടെ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചീഫ് സെക്രട്ടറിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഔദ്യോഗിക ചര്‍ച്ചകള്‍ ജനുവരിയിലേ തുടങ്ങു.  ബെഹ്റയെ മാറ്റുന്നതില്‍ സര്‍ക്കാരും അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നല്‍കി ബെഹ്റയെ നിലനിര്‍ത്താനാണ് ആലോചന. 

മാത്രവുമല്ല, അടുത്ത ജൂണില്‍ അദേഹം വിരമിക്കും. വിരമിക്കാന്‍ ആറ് മാസം മാത്രമുള്ള സമയത്ത് സ്ഥലം മാറ്റരുതെന്ന ചട്ടവും ബെഹ്റയ്ക്ക് അനുഗ്രഹമായേക്കും. അങ്ങനെയെങ്കില്‍ ഭരണത്തിന്റെ തുടക്കം മുതല്‍ ഒപ്പമുള്ള ബെഹ്റയെ തെരഞ്ഞെടുപ്പിലും കൂടെ നിര്‍ത്താനാവും സര്‍ക്കാര്‍ ശ്രമിക്കുക.  തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചില്ലങ്കില്‍ മാത്രം മാറ്റത്തിലേക്കു കടക്കും. 

ബെഹ്റ മാറിയാല്‍ ആര്‍.ശ്രീലേഖ, ഋഷിരാജ് സിങ്, ടോമിന്‍ തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്കുമാര്‍ എന്നിവരാണ് ഡിജിപി പദവിക്കായി പരിഗണനയിലുള്ളവർ. ശ്രീലേഖ ഈ മാസം വിരമിക്കും. ഋഷിരാജ് ജൂലായില്‍ വിരമിക്കുന്നതിനാല്‍ ആറ് മാസമെങ്കിലും കാലാവധിയുള്ളവരെ പൊലീസ് മേധാവിയാകാവൂവെന്ന മാനദണ്ഡം അദേഹത്തിന് തടസമായേക്കാം.

പ്രധാനമന്ത്രിയുടെ ഉള്‍പ്പെടെ സുരക്ഷാചുമതലയുള്ള എസ്പിജി ഡയറക്ടറായി തുടരുന്ന അരുണ്‍കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങാനും സാധ്യതയില്ല. അതോടെ ടോമിന്‍ തച്ചങ്കരിക്കോ സുദേഷ്കുമാറിനോ നറുക്ക് വീഴും. ഇതിനുള്ള ചരടുവലികള്‍ സജീവവുമാണ്.

English Summary: EC considers removing Loknath Behera from law and order responsibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com