ADVERTISEMENT

കൊച്ചി ∙ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂരിലെ ബിജെപി സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തി മൽസരത്തിൽനിന്നു പിന്തിരിപ്പിക്കുന്നത് എന്ന പേരിൽ ഒരു വിഡിയോ പ്രചരിച്ചിരുന്നു. പിന്നാലെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുന്നണികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ടാംഘട്ട വോട്ടെടുപ്പിനു പിന്നാലെ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തുനിന്നു പുറത്തുവന്നിരിക്കുന്ന വിഡിയോ രാഷ്ട്രീയ കേരളത്തിനു തന്നെ വലിയ അപമാനമാണ്. 14 വർഷമായി പ്രദേശത്തു താമസിക്കുന്ന വയനാട് സ്വദേശി പിന്റുവും ഭാര്യയും വോട്ടു ചെയ്യാനെത്തിയപ്പോൾ പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകർ ഓടിച്ചിട്ടു മർദിക്കുന്നതാണു വിഡിയോയിലുള്ളത്.  സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പട്ടിമറ്റം സിഐ മനോരമ ഓൺലൈനോടു പറഞ്ഞു.

∙ കിഴക്കമ്പലം: വ്യത്യസ്ത മാതൃക

രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തൊരു രാഷ്ട്രീയ മാതൃകയായിരുന്നു 2015ൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ട്വന്റി ട്വന്റി എന്ന സംഘടന പിടിച്ചെടുത്തതോടെ കേരളം കണ്ടത്. ഒരു രാഷ്ട്രീയ  മുന്നണികളുടെയും പിന്തുണയില്ലാതെ ട്വന്റി ട്വന്റി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്തിലെ 19ൽ 17 സീറ്റുകളും പിടിച്ച് അധികാരത്തിലേറി. കിറ്റക്സ് എന്ന കോർപ്പറേറ്റ് സ്ഥാപന ഉടമകളുടെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റിയാണ് ട്വന്റി ട്വന്റി.

കിഴക്കമ്പലത്ത് വോട്ടറെ ആക്രമിക്കുന്ന വിഡിയോയിൽനിന്നുള്ള ദൃശ്യം.
കിഴക്കമ്പലത്ത് വോട്ടറെ ആക്രമിക്കുന്ന വിഡിയോയിൽനിന്നുള്ള ദൃശ്യം.

ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി 2015-ലാണ് ട്വിന്റി ട്വന്റി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ചത്. കോർപ്പറേറ്റുകൾ രാഷ്ട്രീയാധികാരം പിടിക്കുന്നത് സ്വേച്ഛാധിപത്യത്തിലേയ്ക്കു നയിക്കുമെന്ന് ഒരുഭാഗത്ത് വിമർശനം ഉയരുമ്പോഴാണ് ട്വന്റി ട്വന്റി പഞ്ചായത്തിൽ വ്യത്യസ്തമായ ഭരണം കാഴ്ചവച്ചത്. 

തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് സർക്കാർ നൽകുന്ന ഓണറേറിയത്തിനു പുറമേ 15,000 രൂപ ശമ്പളമായി നൽകി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യഥാക്രമം 25,000 രൂപയും 20,000 രൂപയും ശമ്പളം. കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന സൂപ്പർമാർക്കറ്റ് കൂടി അവതരിപ്പിച്ചതോടെ സംസ്ഥാനമൊട്ടാകെ പരീക്ഷിക്കപ്പെടേണ്ട മാതൃകയാണെന്ന് പലരും ചൂണ്ടിക്കാട്ടി.

ഇതിനിടെ പഞ്ചായത്തിന്റെ നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കാനാവില്ലെന്നു കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചതും വാർത്തയായി. കോർപ്പറേറ്റുകൾ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നത് ദോഷമാകുന്നത് ജനാധിപത്യത്തിന് ഗുണമാണോ ദോഷമാണോ എന്ന ചർച്ച ഇതിനിടെ ശക്തമായി. വിമർശനങ്ങൾ കൂടിയപ്പോഴും ജനസേവന പ്രവർത്തനങ്ങളുമായി ട്വന്റി ട്വന്റി മുന്നോട്ടു പോയി.

kizhakkambalam-candidate

∙ ശത്രുവിന്റെ ശത്രു മിത്രം

വീണ്ടും തദ്ദേശ തിരഞ്ഞെടുപ്പെത്തിയപ്പോൾ നേർക്കുനേർ പൊരുതുന്ന യുഡിഎഫും എൽഡിഎഫും ട്വന്റി ട്വന്റി സ്ഥാനാർഥിക്കെതിരെ ഒരുമിച്ചു വോട്ടു പിടിക്കുന്നതും കേരളം കണ്ടു. ഏഴാം വാർഡിൽ മൽസരിച്ച അമ്മിണി രാഘവനെയാണ് യുഡിഎഫും എൽഡിഎഫും പിന്തുണച്ചത്. രണ്ട് പാർട്ടി അംഗങ്ങളുള്ള വീട്ടിലെ വനിതയെയാണ് സ്ഥാനാർഥിയാക്കിയത് എന്നായിരുന്നു എൽഡിഎഫ് വിശദീകരണം. അങ്ങോട്ടു ചെന്ന് മൽസരിക്കാമോ എന്ന് ചോദിച്ചാണ് അമ്മിണി രാഘവനെ സ്ഥാനാർഥിയാക്കിയതെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. രണ്ടു മുന്നണികളും ഒരു സ്ഥാനാർഥിക്കുവേണ്ടി വോട്ടു ചോദിച്ച് സ്ഥാപിച്ച പോസ്റ്ററുകൾ ട്രോളുകൾക്കും വഴിയൊരുക്കി. 

∙ എന്താണ് കിഴക്കമ്പലത്ത് നടന്നത്?

ട്വന്റി ട്വന്റിയെ വീഴ്ത്താൻ ഇരുമുന്നണികളും കൈകോർത്ത കുമ്മനോടു പ്രദേശത്തു തന്നെയാണ് വിഡിയോയിൽ കാണുന്ന അക്രമ സംഭവങ്ങൾ അരങ്ങേറിയത്. വോട്ടു ചെയ്യാനെത്തിയ ദമ്പതികളെ ഇടതു പ്രവർത്തകർ കടന്നാക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രദേശവാസികളല്ലാത്തവർ വോട്ടു ചെയ്യേണ്ടെന്ന് അക്രമികൾ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. വോട്ടു ചെയ്യാനെത്തിയവരുടെ പക്കൽ എന്ത് തിരിച്ചറിയൽ കാർഡുണ്ട് എന്ന് പ്രിസൈഡിങ് ഓഫിസറോ നിയോഗിക്കപ്പെട്ടവരോ പരിശോധിക്കുന്നതിനു മുമ്പ് വരിയിൽ നിൽക്കുമ്പോഴാണ് ഇവർക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായതെന്ന് പൊലീസ് പറയുന്നു.

സംഭവമുണ്ടാകുമ്പോൾ ആവശ്യത്തിന് പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇവിടം അക്രമ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. ദമ്പതികൾ ആധാർ കാർഡ് ഉൾപ്പടെ തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചിട്ടുള്ള രേഖകളുമായാണ് എത്തിയതെന്ന് ഒരു പക്ഷവും അല്ലെന്ന് മറുപക്ഷവും വാദിക്കുന്നു. അക്രമമേ നടന്നിട്ടില്ലെന്ന് പ്രതികരിച്ച രാഷ്ട്രീയ നേതാക്കളുമുണ്ട്. 

∙ വോട്ടർ ഐഡി കാർഡുമായാണു വന്നത്

പഞ്ചായത്ത് സെക്രട്ടറി കൊടുത്ത കാർഡുമായി വോട്ടു ചെയ്യാൻ വന്നു എന്ന ആരോപണം വ്യാജമാണെന്ന് ട്വന്റി ട്വന്റി അധ്യക്ഷൻ സാബു ജേക്കബ് പറയുന്നു. 40 പേർക്കു നേരെ ആക്രമണം നടന്നു. 250 പേർക്കെങ്കിലും ഇവരുടെ ഭീഷണി പേടിച്ച് വോട്ടു ചെയ്യാൻ സാധിക്കാതെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 14 വർഷമായി കിഴക്കമ്പലത്ത് ജോലിയുമായി ബന്ധപ്പെട്ട് കുടുംബമായി താമസിക്കുന്നയാളാണ് വിഡിയോയിൽ കാണുന്ന ആക്രമണത്തിന് ഇരയായ പിന്റു. 

local-body-election-ernakulam-voting-06

ഇദ്ദേഹത്തിന്റെ പേര് വോട്ടേഴ്സ് ലിസ്റ്റിലുണ്ട്. കൈവശം ആധാർ കാർഡുണ്ട്. പഞ്ചായത്ത് സെക്രട്ടറി കൊടുത്ത കാർഡുമായി വന്നുവെന്നു വെറുതെ പറയുന്നതാണ്. വാടകയ്ക്ക് താമസിക്കുന്നവർക്ക് ഇവിടെ താമസിക്കുന്നു എന്ന് തിരിച്ചറിയാനായി ഒരു റസിഡൻഷ്യൽ കാർഡാണ് നൽകുന്നത്. അതിന് ഇതുമായി ബന്ധമില്ല. തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞിട്ടുള്ള ആറു കാർഡുകളിൽ ഒന്നുമായി ചെല്ലുന്നവർക്ക് വോട്ടു ചെയ്യാം. പിന്റു വോട്ടു ചെയ്യാൻ കൊണ്ടുപോയത് ഇലക്ട്രൽ ഐഡി കാർഡും ആധാർ കാർഡുമായിരുന്നു. അതു പരിശോധിക്കപ്പെടും മുമ്പ് പോളിങ് സ്റ്റേഷനിൽനിന്നാണു വലിച്ചിറക്കി മർദിച്ചത്.

കിഴക്കമ്പലത്ത് വാടകക്കാരായി 560 പേരെങ്കിലുമുണ്ടെന്നാണ് കണക്ക്. ഇവരിൽ പ്ലൈവുഡ് ഫാക്ടറികൾ മുതൽ  ഇൻഫോ പാർക്കിൽ വരെ പല സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇവരെയൊക്കെ രണ്ടാഴ്ചയായി പാർട്ടിക്കാർ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇവിടെ ജനിച്ചു വളർന്നവർക്കു മാത്രമാണ് വോട്ടു ചെയ്യാൻ അവകാശമുള്ളൂ എന്നാണ് ഇവരുടെ വാദം. 40 പേരെങ്കിലും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വോട്ടു ചെയ്യാൻ സുരക്ഷ തേടി 560 പേർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവിടെ വോട്ടിങ് സമാധാനപരമായി നടക്കുന്നതിന് സുരക്ഷ ഒരുക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നതാണ്.

വെബ് കാസ്റ്റിങ് നടത്തുമെന്നും അറിയിച്ചിരുന്നു. പക്ഷെ നടപടിയുണ്ടായില്ല. ഒരാളെ ഉപയോഗിച്ച് ഇവിടെ നപടികൾ ഷൂട്ടു ചെയ്തിരുന്നു. ഇതിന്റെ വിഡിയോകൾ പൊലീസിന്റെ പക്കലുണ്ട്. സുരക്ഷിതമായി വോട്ടെടുപ്പു നടന്നെന്ന് അധികൃതർ പറയുമ്പോൾ വിഡിയോയിൽ കാണുന്നത് മറിച്ചാണ്. കൊല്ലുമെന്നാണ് വിഡിയോകളിലെ ഭീഷണി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വാർഡിൽ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.

∙ മർദിച്ചത് അറിയില്ലെന്ന് യുഡിഎഫ്

കുമ്മനോട് വോട്ടു ചെയ്യാൻ വന്നവരെ മർദിച്ചതായി അറിയില്ലെന്നാണ് കിഴക്കമ്പലത്തെ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ജേക്കബ് സി.മാത്യുവിന്റെ പ്രതികരണം. പഞ്ചായത്ത് സെക്രട്ടറി കൊടുത്തു എന്നു പറയുന്ന അനധികൃത കാർഡുമായി മാത്രം വോട്ടു ചെയ്യാൻ വന്നപ്പോൾ ഇതിന് അനുവാദമില്ല, തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിക്കുന്ന കാർഡുമായി വന്നാൽ വോട്ടു ചെയ്യാം എന്നു പറഞ്ഞ് തർക്കമുണ്ടായി. അല്ലാതെ ഓടിച്ചിട്ട് ആരെയും അടിക്കുന്നത് കണ്ടിട്ടില്ല. അത് അറിയുകയുമില്ല.

1200-kizhakambalam-vote-issue
കിഴക്കമ്പലത്ത് വോട്ടറെ ആക്രമിക്കുന്ന വിഡിയോയിൽനിന്നുള്ള ദൃശ്യം.

‌റിട്ടേണിങ് ഓഫിസർ വന്നു, പൊലീസുണ്ടായിരുന്നു, ഈ കാർഡ് ഉണ്ടെങ്കിൽ വോട്ടു ചെയ്യാമെന്നു പറഞ്ഞു. അവർ വോട്ടും ചെയ്തു. പഞ്ചായത്ത് സെക്രട്ടറിക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി കൊടുത്തിട്ടുണ്ട്. കാർഡു കൊടുക്കാൻ അനുവാദം കൊടുത്തതായി അറിയില്ല. റിട്ടേണിങ് ഓഫിസർ ഉൾപ്പടെ വന്നു, അനുമതിയുള്ള കാർഡുമായി വരുന്നവർക്ക് വോട്ടു ചെയ്യുന്നതിന് തടസ്സമില്ലെന്നു പറഞ്ഞു. അതിനെ ആരും എതിർത്തിട്ടുമില്ല. 

1200-kizhakambalam-voters-attack
കിഴക്കമ്പലത്ത് വോട്ടറെ ആക്രമിക്കുന്ന വിഡിയോയിൽനിന്നുള്ള ദൃശ്യം.

അവിടെ വോട്ടെടുപ്പു നടത്തുന്നതിന് ഒരു തടസ്സവുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് റീപോളിങ് ആവശ്യപ്പെടുന്നത്. സിപിഎമ്മിന്റെ സ്ഥാനാർഥി മൽസരിച്ചോ എന്നറിയില്ല. ഞങ്ങളുടെ സ്വതന്ത്ര സ്ഥാനാർഥി അവിടെ മൽസരിച്ചിട്ടുണ്ട്. അവർക്ക് സിപിഎമ്മും പിന്തുണ കൊടുത്തിട്ടുണ്ട്. അല്ലാതെ അത് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥിയല്ല. യുഡിഎഫ് പോസ്റ്ററിനെ ആരും എതിർത്ത് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

∙ കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് എൽഡിഎഫ്

രാവിലെ വോട്ടു ചെയ്ത് പോയിട്ട് അവർ രണ്ടാമതും വോട്ടു ചെയ്യാൻ വന്നപ്പോഴാണ് എന്തോ പ്രശ്നമുണ്ടായത് എന്നാണ് മനസ്സിലാകുന്നതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി ജിൻസ് ടി.മുസ്തഫ പറഞ്ഞു. കുമ്മനോട് ഏഴാം വാർഡിൽ മൽസരിച്ചത് എൽഡിഎഫിന്റെ സ്ഥാനാർഥിയാണ്. രണ്ടു സിപിഎം പാർട്ടി അംഗങ്ങളുള്ള വീട്ടിലെ അംഗമാണ് അമ്മിണി രാഘവൻ. എന്തിന്റെയെങ്കിലും പേരിൽ പൊലീസ് കേസെടുത്തത് അറിയില്ലെന്നും അദ്ദേഹം മനോരമ ഓൺലൈനോടു വ്യക്തമാക്കി.

English Summary: Facts behind the viral video of attacking voters in Kizhakkambalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com