മുഖ്യമന്ത്രി രാഷ്ട്രീയ വനവാസത്തിലോ, മൗനവ്രതത്തിലോ?: കെ.സുരേന്ദ്രൻ

Mail This Article
കോഴിക്കോട്∙ സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും സ്പീക്കറുമടക്കം കൂടുതൽ കൂടുതൽ പരുങ്ങിലാവുന്ന സ്ഥിതിയുണ്ടായിട്ടും മുഖ്യമന്ത്രി മൗന വ്രതത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടുകയാണ്. അതിനിപ്പോൾ ജയിൽ വകുപ്പും കുടപിടിക്കുകയാണെന്ന് സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
സ്വപ്നയെ ജയിലിൽ പോയി ഭീഷണിപ്പെടുത്തിയെന്നുള്ളതും സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട് എന്നുള്ളതും കോടതിക്ക് മുമ്പാകെ സ്വപ്ന പരാതിയായി നൽകിയ കേസിൽ വലിയ അട്ടിമറിയാണ് ജയിലിന് അകത്ത് നടക്കുന്നത്. ജയിൽ ഡിഐജി ആ സംഭവത്തെ വലിയ രീതിയിൽ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ജയിൽ ഡിഐജി ഇന്നലെ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പറഞ്ഞുണ്ടാക്കിയതാണ്. കസ്റ്റംസിന്റെ അനുമതിയില്ലാതെ ജയിലിൽ സ്വപ്നയെ സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥൻ ഈ നീക്കത്തിന് പിന്നിലുണ്ട്. ജയിൽ ഡിഐജിയുടെ നീക്കം സംശയാസ്പദമാണ്. സ്വപ്നയെ നേരത്തെ ജയിലിൽ സന്ദർശിച്ച ജയിൽ ഉദ്യോഗസ്ഥൻ ആരാണെന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു
ജയിൽ ഡിഐജിയിൽ നിന്ന് മൊഴിയെടുക്കണം. സ്വർണക്കള്ളക്കടത്ത് കേസിലെ സുപ്രധാന മൊഴികൾ തിരുത്തിക്കാനും അതുവഴി കേസ് അട്ടിമറിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ജയിൽ വകുപ്പിനെ ദുരുപയോഗപ്പെടുത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാരെ കുറിച്ചും സ്പീക്കറെ കുറിച്ചുമെല്ലാം സംശയമുയർന്നിട്ടും ദൂരീകരിക്കാൻ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല. അന്വേഷണം നടത്തുമെന്ന് പോലും പറയുന്നില്ല. രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. അദ്ദേഹം രാഷ്ട്രീയ വനവാസത്തിലാണോ, അല്ലെങ്കിൽ മൗനവ്രതത്തിലാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ധർമടത്തിരുന്ന് കൊണ്ട് മുഖ്യമന്ത്രി സർക്കാരിന്റെ പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും വാഗ്ദാനങ്ങൾ നടത്തുകയും ചെയ്യുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ അക്കാര്യങ്ങൾ പരിശോധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
English Summary: K Surendran on Gold Smuggling Case