ADVERTISEMENT

തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് നടത്തിപ്പിനായി വിളിച്ച ടെന്‍ഡറിലെ സാങ്കേതിക ബിഡ്, റിലയന്‍സ് കമ്പനി പാസായതോടെ ധനവകുപ്പ് വെട്ടിലായി. സാമ്പത്തിക ബിഡിലും റിലയന്‍സ് മുന്നിലെത്തിയാല്‍ അവരെ ഒഴിവാക്കാനാവില്ല. ഇതോടെ ടെന്‍ഡര്‍ തന്നെ റദ്ദാക്കി മെഡിസെപ് നടത്തിപ്പ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്മെന്‍റിനു കൈമാറുന്നതിന്‍റെ സാധ്യത തേടുകയാണ് ഇപ്പോള്‍ ധനവകുപ്പ്.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ധനവകുപ്പിനു തീരാ പ്രതിസന്ധിയാകുന്നു. പദ്ധതിയുടെ നടത്തിപ്പില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് പരാജയപ്പെട്ടെന്നു പറഞ്ഞാണ് കരാര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍നിന്ന് റിലയന്‍സിനെ വിലക്കാന്‍ ധനവകുപ്പിനായില്ല. കഴിഞ്ഞദിവസം സാങ്കേതിക ബിഡ് പരിശോധിച്ചപ്പോള്‍ റിലയന്‍സ് ഉള്‍പ്പടെ പങ്കെടുത്ത അഞ്ച് കമ്പനികളും യോഗ്യത നേടി.

ഇനി സാമ്പത്തിക ബിഡ് തുറക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് റിലയന്‍സ് ആണെങ്കില്‍ കരാര്‍ വീണ്ടും അവര്‍ക്കുതന്നെ നല്‍കേണ്ടിവരും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷം സാമ്പത്തിക ബിഡ് തുറക്കും. ഇന്‍ഷുറന്‍സ് റഗുലേറ്ററി നിയമപ്രകാരം ഒരു കമ്പനിയെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കാനാവില്ല. എന്നാല്‍ കരാര്‍ലംഘനം ചൂണ്ടിക്കാണിച്ച് റിലയന്‍സിനെ ടെന്‍ഡറില്‍ പങ്കെടുപ്പിക്കാതിരിക്കാം എന്നു ധനവകുപ്പിന് നിയമോപദേശം ലഭിച്ചിരുന്നു.

എന്നാല്‍ കരാറില്‍നിന്ന് ഒഴിവാക്കി 180 ദിവസത്തിനകം വിലക്ക് പ്രാബല്യത്തില്‍ കൊണ്ടുവരണമായിരുന്നു. ഈ സമയപരിധി കഴിഞ്ഞുപോയതിനാല്‍ ഇനി റിലയന്‍സിനെ ഒഴിവാക്കാനാവാത്ത സ്ഥിതിയാണ്. തല്‍ക്കാലം സാമ്പത്തിക ബിഡ് തുറക്കുന്നതുവരെ കാത്തിരിക്കാനുള്ള തീരുമാനത്തിലാണ് ധനവകുപ്പ്. സാമ്പത്തിക ബിഡില്‍ മറ്റേതെങ്കിലും കമ്പനി മുന്നിലെത്തിയാല്‍ പ്രതിസന്ധിയൊഴിവാകും. റിലയന്‍സ് തന്നെയാണ് മുന്നിലെത്തുന്നതെങ്കില്‍ ടെന്‍ഡര്‍ റദ്ദാക്കുന്നതടക്കം സര്‍ക്കാര്‍ പരിഗണിക്കുന്നു.

ധനവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്മെന്‍റിനു നടത്തിപ്പ് ചുമതല കൈമാറുന്നതിന്‍റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്മെന്‍റ് ശക്തിപ്പെടുത്തേണ്ടിവരും. ഇതിന്‍റെ പ്രായോഗിക പ്രശ്നങ്ങളടക്കം പരിശോധിച്ചേ അന്തിമ തീരുമാനമെടുക്കൂ.

Content Highlights: Medisep Insurance, Finance Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com