ADVERTISEMENT

ന്യൂഡൽഹി∙ കടക്കെണിയിലായ എയർ ഇന്ത്യ ഏറ്റെടുക്കുന്നതിനു താൽപര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ വിമാനക്കമ്പനി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യപത്രം സമര്‍പ്പിച്ചുവെന്നു സൂചന. കോവിഡ് പശ്ചാത്തലത്തില്‍ പല തവണ നീട്ടിയ സമയപരിധിയാണ് ഇന്നവസാനിക്കുന്നത്. ടാറ്റയുടെ താല്‍പര്യപത്രം അംഗീകരിച്ചാല്‍ 67 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റ വീണ്ടും എയര്‍ ഇന്ത്യയുടെ അമരത്തെത്തും. എയർ ഇന്ത്യയുടെ പ്രധാനപ്പെട്ട ഓഹരികൾ കൈവശമുണ്ടെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയ്ക്കായുള്ള ശ്രമം തുടരുന്നത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വാങ്ങുന്നതിന് ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായാണ് താല്‍പര്യപത്രം നല്‍കിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചനകൾ . ഇരു കമ്പനികളുടെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഉപയോഗിച്ച് എയര്‍ഇന്ത്യ വാങ്ങാനാണ് നീക്കം. 8.34 ലക്ഷം കോടി രൂപയുടെ അറ്റാദായമുള്ള സ്ഥാപനമാണ് ടാറ്റാ സണ്‍സ്. 

എയർ ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതി, പ്രവര്‍ത്തന ശേഷി തുടങ്ങിയവ വിലയിരുത്തിയതായി വിസ്താര എയര്‍ലൈന്‍സ്  സ്ഥിരീകരിച്ചിരുന്നു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ തുടർന്നാണ് ഒരിക്കൽ കൂടി എയർ ഇന്ത്യയ്ക്കായി പിടിമുറുക്കാൻ ടാറ്റ തീരുമാനിച്ചത്. 

2018 ല്‍ ആദ്യമായി എയർ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റാ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികള്‍ വാങ്ങാതെ വിസ്താര - എയര്‍ ഇന്ത്യ ലയനം സാധ്യമാകാത്തതിനാലാണ് അന്ന് ടാറ്റ പിന്‍വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ എയർ ഇന്ത്യ പൂര്‍ണമായും വില്‍പനയ്ക്ക് വച്ച സാഹചര്യത്തില്‍ ആണ് ടാറ്റാ  മുന്നോട്ട് വന്നിരിക്കുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഏപ്രിൽ 30 ആണു മുൻപ് നിശ്ചയിച്ചിരുന്ന സമയപരിധിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അതു ഡിസംബർ 14 വരെ നീട്ടി നൽകുകയായിരുന്നു. എയർ ഇന്ത്യയ്ക്കായി നിലവിൽ, ടാറ്റ ഗ്രൂപ്പ് മാത്രമാണു രംഗത്തുള്ളത്. മുൻപ് താൽപര്യമറിയിച്ചിരുന്ന ഹിന്ദുജ, അദാനി കമ്പനികൾ മൗനം പാലിക്കുകയാണ്.

കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് കമ്പനികൾ പിന്നാക്കം പോകാൻ കാരണമെന്നു മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ലോക്ഡൗണിനു ശേഷം വിമാന സർവീസ് പുന:രാരംഭിക്കാൻ പണം ആവശ്യമാണെന്നും നിലവിൽ എയർ ഇന്ത്യയിൽ നിക്ഷേപിക്കാനാവില്ലെന്നും കമ്പനികളിലൊന്ന് അറിയിച്ചതായി മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. 

58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്‍റെ സഹായത്തിലാണ് എയർ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7500 കോടിയോളം രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം.

തുടക്കം ടാറ്റയിൽ

1932ൽ ‍ജെആർഡി ടാറ്റയാണ് എയർഇന്ത്യ സ്ഥാപിച്ചത്. ആദ്യം ടാറ്റ എയർലൈൻസ് എന്നായിരുന്നു പേര്. ആദ്യവിമാനം പറത്തിയത് കറാച്ചിയിൽ നിന്ന് മുംബൈയിലേക്ക് ജെആർഡി ടാറ്റ തന്നെയായിരുന്നു. 1948ൽ എയർഇന്ത്യ ഇന്റർനാഷണൽ എന്നാക്കി പേരുമാറ്റി. 1953ൽ എയർഇന്ത്യ സർക്കാർ ഏറ്റെടുത്തുവെങ്കിലും 1977 വരെ ടാറ്റ തന്നെയായിരുന്നു കമ്പനിയുടെ ചെയർമാൻ.

English Summary: Tatas bid for Air India, 67 years after exit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com