ADVERTISEMENT

ന്യൂഡല്‍ഹി∙ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കു മുഖ്യാതിഥിയായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്തും. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചുവെന്നും വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നും ഇന്ത്യ സന്ദര്‍ശിക്കുന്ന യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ചുമതലയേറ്റ ബോറിസ് ജോണ്‍സന്റെ ആദ്യ പ്രധാന വിദേശസന്ദര്‍ശനമായിരിക്കുമിതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റാബിനെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സ്വീകരിച്ചു. 

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും വിഭാവനം ചെയ്യുന്ന തരത്തില്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ കുതിപ്പുണ്ടാകുമെന്നും ബോറിസ് ജോണ്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. 'ലോകത്തിന്റെ ഔഷധശാല' എന്നാണ് ഇന്ത്യയെ ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. ലോകത്ത് അമ്പതു ശതമാനത്തോളം വാക്‌സീന്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് യുകെയിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്‌സീന്‍ നിര്‍മിക്കുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു. 

1993-ല്‍ ജോണ്‍ മേജറിനു ശേഷം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകുന്ന രണ്ടാമത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണു ബോറിസ് ജോണ്‍സണ്‍. ബോറിസിന്റെ സാന്നിധ്യം ഇന്ത്യ-യുഎസ് ബന്ധത്തില്‍ പുതിയൊരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാകുമെന്നു വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. 

അടുത്തവര്‍ഷം ബ്രിട്ടനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോറിസ് ജോണ്‍സണ്‍ ക്ഷണിച്ചിട്ടുണ്ട്. കോവിഡ് അനന്തര, ബ്രെക്‌സിറ്റ് അനന്തര ലോകത്ത് ഇന്ത്യയുമായുള്ള ബന്ധം ബ്രിട്ടന് ഏറെ നിര്‍ണായകമാണ്. വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാന്‍ ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം ഉപകരിക്കുമെന്ന് ജയ്ശങ്കര്‍ പറഞ്ഞു.

English Summary: Boris Johnson Will Be Republic Day Chief Guest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com