ADVERTISEMENT

കോട്ടയം ∙ അവസാന വാർഡിലും ഫലമെത്തുംവരെ ആകാംക്ഷ നിറഞ്ഞ കോട്ടയം നഗരസഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. 52 അംഗ നഗരസഭയിൽ എൽഡിഎഫ് 22 സീറ്റും (സ്വതന്ത്രനുള്‍പ്പെടെ) യുഡിഎഫ് 21 സീറ്റുമാണ് നേടിയത്. അവസാനഘട്ടത്തിലേക്കെത്തുമ്പോൾ 20 സീറ്റോടെ എൽഡിഎഫ് മുന്നേറിയെങ്കിലും ഫലം അവസാനമറിഞ്ഞ സീറ്റുകളിൽ വിജയം നേടി യുഡിഎഫ്  ഒപ്പമെത്തുകയായിരുന്നു.

കേവല ഭൂരിപക്ഷത്തിന് 26 സീറ്റുകൾ വേണ്ട നഗരസഭയിൽ എട്ടു സീറ്റു ജയിച്ച എൻഡിഎയുടെ നിലപാടാണ് നിർണായകമാകുക. എൻഡിഎയുടെ ഭാഗമായി ജയിച്ച എട്ടുപേരും ബിജെപി അംഗങ്ങളാണ്. 52 –ാം വാർഡിൽ (ഗാന്ധിനഗർ സൗത്ത്) ഒരു സ്വതന്ത്ര സ്ഥാനാർഥിയും ജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ ബിജെപി പിന്തുണ തേടാൻ ഇടതുവലതു മുന്നണി നേതൃത്വം തുനിയുമോ എന്നതാണ് വിലയേറിയ ചോദ്യം. നഗരസഭാ ഭരണം അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിയാകും ഉണ്ടാകുകയെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിൽ യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. 2015 ൽ യുഡിഎഫ് – 29, എൽഡിഎഫ് – 13, ബിജെപി – 5, സ്വതന്ത്രർ – 5 എന്നിങ്ങനെയാണ് കക്ഷിനില.

കോട്ടയം നഗരസഭ അധ്യക്ഷപദം അലങ്കരിച്ചിട്ടുള്ള അഞ്ചു പേർ പുതിയ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിലെ അധ്യക്ഷ ഡോ. പി.ആർ. സോന വിജയിച്ചു. ദമ്പതികളായ എം.പി.സന്തോഷ് കുമാർ, ബിന്ദു സന്തോഷ് കുമാർ, ബി.ഗോപകുമാർ എന്നിവരാണു യുഡിഎഫ് മുന്നണിയിൽ നിന്നു മത്സരിച്ചു ജയിച്ച മുൻ അധ്യക്ഷൻമാർ. എൻഡിഎ സ്ഥാനാർഥിയായി ജയിച്ച റീബ വർക്കിയും മുൻ അധ്യക്ഷയാണ്.

നഗരസഭയിലെ സ്ഥാനാർഥികളിൽ ജനറൽ വാർഡിൽ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച ഏക വനിതാ സ്ഥാനാർഥി ഷീന ബിനു ജയിച്ചു. മൂലവട്ടം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഷീന ബിനു കഴിഞ്ഞ ടേമിലും കൗൺസിലർ ആയിരുന്നു.

English Summary: No alliance gets majority in Kottayam Muncipality; NDA stand crucial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com