ADVERTISEMENT

അഞ്ച് വർഷം മുൻപ് കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ് സ്വതന്ത്ര മുന്നണിയുണ്ടാക്കി കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ അധികാരം പിടിച്ചെടുത്ത ഡിഡിഎഫിന് സീറ്റ് നിലയിൽ തിരിച്ചടി. വീറും വാശിയുമേറിയ ജനകീയ വികസന മുന്നണിയുടെ (ഡിഡിഎഫ്) പോരാട്ടത്തിൽ നിലതെറ്റിയെങ്കിലും യുഡിഎഫ് പിടിച്ചുനിന്നു. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴു വീതം സീറ്റുകൾ നേടി ഇരുകൂട്ടരും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും എൽഡിഎഫിന്റെ പിന്തുണയോടെ ഡിഡിഎഫ് പഞ്ചായത്തിൽ വീണ്ടും അധികാരത്തിലേറുമെന്നാണ് വിവരം.

ആകെയുള്ള 16 സീറ്റിൽ, മത്സരിച്ച 12ൽ ഏഴു സീറ്റുകൾ നേടി നിൽക്കുകയാണ് ഡിഡിഎഫ്. യുഡിഎഫിനും ഏഴു സീറ്റുകൾ ലഭിച്ചു. എന്നാൽ രണ്ടു സീറ്റുകൾ നേടിയ എൽഡിഎഫിന്റെ പിന്തുണയിൽ പഞ്ചായത്ത് ഭരണം ഡിഡിഎഫ് തന്നെ ഏറ്റെടുക്കും. ഫുട്ബോൾ ചിഹ്നത്തിൽ മത്സരിച്ച ഡിഡിഎഫ് ഫുട്ബോളിന്റെ പോരാട്ട വീര്യം തന്നെയാണ് ഇനി ഈസ്റ്റ് എളേരിയെന്ന കളിക്കളത്തിൽ പ്രകടിപ്പിക്കാൻ പോകുന്നതും.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിൽ ജനകീയ വികസന മുന്നണി (ഡിഡിഎഫ്) രൂപീകരിച്ചത്. അന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഇവർക്കു 16ൽ 10 സീറ്റുകളിലും വിജയിക്കാനായി. സിപിഎമ്മിനു നാലും, യുഡിഎഫിൽ കോൺഗ്രസ്, കേരളാ കോൺഗ്രസ് (എം) എന്നിവർക്ക് ഓരോ സീറ്റുകളും‍ മാത്രമാണ് അന്നു ലഭിച്ചത്.

പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ചിറ്റാരിക്കാൽ, കോട്ടമല ഡിവിഷനുകളും അന്നു ഡിഡിഎഫ് നേടി. ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷനിൽ നാമമാത്രമായ വോട്ടുകൾക്കു പരാജയപ്പെടുകയും ചെയ്തു.

പഞ്ചായത്ത് തിരിച്ചുപിടിക്കേണ്ടത് അഭിമാനപ്രശ്നമായി കണ്ട കോൺഗ്രസ് പ്രചാരണത്തിനായി ഉമ്മൻ ചാണ്ടിയെയും രാജ്മോഹൻ ഉണ്ണിത്താനെയും ഇറക്കിയിരുന്നു. കുടിയേറ്റ വോട്ടുകൾ ഏറെയുള്ള പഞ്ചായത്തിൽ സമുദായ സമവാക്യങ്ങളും ഫലത്തിൽ നിർണായകമായി.

English Summary: DDF to retain East Eleri Panchayat in Kasargod with the support of LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com