ADVERTISEMENT

കോട്ടയം ∙ ജില്ലാ പഞ്ചായത്തിൽ ആധിപത്യം നേടിയതിനു പിന്നാലെ യുഡിഎഫ് കാലങ്ങളായി ഭരിച്ചു വന്ന മണർകാട്, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും പിടിച്ചെടുത്ത് ഇടതുമുന്നണി. ചരിത്രത്തിൽ ആദ്യമായാണ് മണർകാട് പഞ്ചായത്തിൽ ഇടതുമുന്നണി അധികാരത്തിൽ വരുന്നതെങ്കിൽ 24 വർഷങ്ങൾക്കു ശേഷമാണ് പുതുപ്പള്ളി ചുവപ്പണിയുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്താണ് പുതുപ്പള്ളിയെങ്കിൽ മണർകാട് അദ്ദേഹത്തിന് സർവസ്വാധീനമുള്ള അയൽ പഞ്ചായത്തും. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകളായ വാകത്താനം, പാമ്പാടി, അകലക്കുന്നം, കൂരോപ്പട എന്നിവടങ്ങളിലും ഇടതുപക്ഷത്തിനാണ് മേൽക്കൈ.  

രാഷ്ട്രീയവും വിശ്വാസവും വീശിയടിച്ച മണർകാട്

രാഷ്ട്രീയപരമായ എതിർപ്പും വിശ്വാസ വികാരവുമാണ് മണർകാട് പഞ്ചായത്തിൽ ഭരണം പിടിച്ചെടുക്കാൻ ഇടതുമുന്നണിയെ സഹായിച്ചതെന്നാണ് വിലയിരുത്തൽ. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള, പഞ്ചായത്ത് മുൻപ്രസിഡന്റ് ആയിരുന്ന യുഡിഎഫിന്റെ ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാർഥി സുരക്ഷിതമായ വാർ‌ഡിൽ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയോട് തോറ്റുവെന്നതും പഞ്ചായത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ തെളിവായി. കഴിഞ്ഞ തവണ നാലു വാർഡിൽ മാത്രം ജയിച്ച എൽഡിഎഫ് ഇത്തവണ സീറ്റുകളുടെ എണ്ണം ഒൻപതാക്കി. രൂപീകൃതമായി ഇന്നു വരെ എൽഡിഎഫിനു ഭരിക്കാൻ സാധിക്കാത്ത പഞ്ചായത്താണ് മണർകാട് എന്നത് അവരുടെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. 

യാക്കോബായ സഭയുടെ ഏറ്റവും പ്രധാന പള്ളികളിലൊന്നായ മണർകാട് പള്ളി സ്ഥിതി ചെയ്യുന്ന പഞ്ചായത്തു കൂടിയാണ് ഇത്. കടുത്ത സഭാതർക്കം നിലനിൽക്കെ ശവസംസ്കാര ഒാർഡിനൻസ് പാസ്സാക്കിയതു പോലെ യാക്കോബായ സഭയ്ക്ക് അനുകൂലമായ നിലപാട് ഒരു പരിധി വരെ സ്വീകരിച്ച സർക്കാരിനുള്ള വിശ്വാസികളുടെ അംഗീകാരം കൂടിയായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നു.

താമര വിരിഞ്ഞപ്പോൾ ചെങ്കൊടി പാറിയ പുതുപ്പള്ളി

24 വർഷങ്ങൾക്കു ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് ഇടതുപക്ഷത്തിന് ലഭിക്കുന്നത്. ഉമ്മൻചാണ്ടിയുടെ പഞ്ചായത്താണെങ്കിലും സിപിഎമ്മിന് ഇവിടെ സ്വാധീനമുണ്ട്. 2015–ൽ ഇടതുമുന്നണിക്ക് പഞ്ചായത്തിൽ ഏഴു സീറ്റാണ് ഉണ്ടായിരുന്നത്. ഏഴിൽ നിന്ന് ഒൻപതാക്കി സീറ്റ് നേട്ടം വർധിപ്പിച്ചതിനൊപ്പം ബിജെപി രണ്ട് സീറ്റ് പിടിച്ചെടുക്കുക കൂടി ചെയ്തതോടെ പുതുപ്പള്ളി കൈപ്പത്തിയെ കൈവിട്ടു. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിക്ക് ഒരു വാർഡിൽ കിട്ടിയ ഭൂരിപക്ഷം 650 ആണെന്നത് രാഷ്ട്രീയ ചായ്‌വിലുണ്ടായ മാറ്റത്തിന്റെ സൂചന കൂടിയാണ്. പഞ്ചായത്തിലെ നാലു വാർഡുകളിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥികൾ യുഡിഎഫിന്റെ സിറ്റിങ് മെമ്പർമാരായിരുന്നു. 

യുഡിഎഫിന് ശക്തമായ ആധിപത്യമുണ്ടായിരുന്ന വാകത്താനം പഞ്ചായത്തിൽ 2015–ലാണ് ഒരു സ്വതന്ത്രന്റെ സഹായത്തോടെ എൽഡിഎഫ് ഭരണത്തിലെത്തുന്നത്. എന്നാൽ അവിടെ ഇത്തവണ വ്യക്തമായ മേൽക്കൈ നേടിയാണ് എൽഡിഎഫ് കരുത്തു കാണിച്ചത്. കേരളകോൺഗ്രസിന്റെ ശക്തമായ കോട്ടയായ അകലക്കുന്നവും ഇൗസി വാക്കോവറായി എൽഡിഎഫ് നേടി. കൂരോപ്പടയും പാമ്പാടിയും കൂടി നേടിയതോടെ ഉമ്മൻചാണ്ടിയുടെ നിയമസഭാ മണ്ഡലത്തിലെ മീനടം, അയർക്കുന്നം ഒഴികെയുള്ള പഞ്ചായത്തുകൾ ഇടതുഭരണത്തിലായി. 

അതിശക്തമായ ഇടതുകാറ്റ് ആഞ്ഞടിച്ച 2016–ൽ യുഡിഎഫിനൊപ്പം അടിയുറച്ചു നിന്ന ഒരേയൊരു ജില്ല കോട്ടയമായിരുന്നു. മുസ്‌ലിം ലീഗിന് സമഗ്രാധിപത്യമുള്ള മലപ്പുറം ജില്ലയിൽ പോലും ചില ചാഞ്ചാട്ടങ്ങൾ ഉണ്ടായപ്പോൾ കോട്ടയം കോട്ട പോലെ യുഡിഎഫിനൊപ്പം നിന്നിരുന്നു. എന്നാൽ ആ കോട്ടയാണ് ഇത്തവണ തകർന്നത്. നേട്ടം പ്രതീക്ഷിച്ചെങ്കിലും ജോസ് കെ. മാണിയെ കൊണ്ട് ഇത്രയും ഗുണമുണ്ടാകുമെന്ന് കോട്ടയത്തെ എൽഡിഎഫ് അണികൾ പോലും വോട്ടെണ്ണൽ ദിനത്തിലാകും മനസ്സിലാക്കിയിട്ടുണ്ടാവുക. ഒരുപക്ഷേ ഇൗ ഫലം കണ്ട് കോൺഗ്രസ്സുകാരെക്കാൾ കൂടുതൽ ഞെട്ടിയതും അവർ തന്നെയാകും.

English Summary: LDF bags Puthupally, Manarcadu Panchayaths in Kerala Local Polls 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com