ADVERTISEMENT

കേരളത്തിലെ ‘1000 പഞ്ചായത്തുകളിൽ’ ജയിക്കും എന്നൊക്കെ ബിജെപിയുടെ ‘താര’പ്രചാരകൻ സുരേഷ് ഗോപി എംപി പ്രചാരണവേളയിൽ പറഞ്ഞപ്പോൾ അതിനെ തമാശയായി മാത്രമേ ബിജെപിക്കാർ പോലും കരുതിയുള്ളൂ. എന്നാൽ ബിജെപിക്കാർ അൽപം സീരിയസായി മനസ്സിൽ കൂട്ടിയൊരു കണക്കുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ 3000 സീറ്റിൽ വിജയം. ഏറ്റവുമധികം സീറ്റിൽ മത്സരിക്കുന്ന കക്ഷി എന്ന അവകാശവാദം തിരഞ്ഞെടുപ്പിന് മുന്‍പ് ഉന്നയിച്ച അവർ 3500 സീറ്റിലെ ‘ജയം’ ആദ്യം തന്നെ പ്രവചിച്ചു. എന്നാൽ വോട്ടെണ്ണിയപ്പോൾ അതിൽ പകുതി സീറ്റിൽ പോലും ജയിക്കാനായില്ലെന്നതാണ് വാസ്തവം.

3000 പ്രതീക്ഷിച്ചിടത്ത് 300–ന്റെ വർധന

22 പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലുമാണ് വൈകിട്ട് ആറു വരെയുള്ള വോട്ടെണ്ണൽ കണക്കുപ്രകാരം ബിജെപി ഭൂരിപക്ഷം നേടിയത്. 1172 പഞ്ചായത്ത് വാർഡ്, 38 ബ്ലോക്ക് പഞ്ചായത്ത് വാർഡ്, 2 ജില്ലാ പഞ്ചായത്ത് വാർഡ്, 320 മുനിസിപ്പൽ വാർഡ്, 59 കോർപറേഷൻ വാർഡ് എന്നിവയിൽ ബിജെപി മുന്നേറി. ആകെ വാർഡുകളുടെ എണ്ണം നോക്കിയാൽ 1591. ബിജെപിക്ക് താരതമ്യേന വലിയ മുന്നേറ്റമുണ്ടായ 2015–ൽ 12 ഗ്രാമപഞ്ചായത്തുകളിലായിരുന്നു ഭൂരിപക്ഷം.

പാലക്കാട് നഗരസഭയിലൂടെ ആദ്യമായി കേരളത്തിൽ ഒരു നഗരസഭാ ഭരണത്തിലെത്തിയ ബിജെപിക്ക് അന്ന് 13.8 ശതമാനം വോട്ടുപങ്കാളിത്തം ലഭിച്ചു. അന്ന് 905 ഗ്രാമപഞ്ചായത്ത് വാർഡ്, 21 ബ്ലോക്ക് പഞ്ചായത്ത് വാർഡ്, 3 ജില്ലാ പഞ്ചായത്ത് വാർഡ്, 225 മുനിസിപ്പാലിറ്റി വാർഡ്, 51 കോർപറേഷൻ വാർഡ്. അങ്ങനെ ആകെ 1205 സീറ്റിലാണ് ജയിച്ചത്. ബിജെപി സ്വതന്ത്രർ 36 സീറ്റിലും വിജയിച്ചു. ചുരുക്കത്തിൽ, ഇത്തവണ 3000 സീറ്റിൽ എത്തുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ലഭിച്ചത് 300 സീറ്റുകളുടെ വർധന.

അങ്ങിങ്ങ് വിരിഞ്ഞ താമരകൾ

പാലക്കാട് നഗരസഭയിലെ 52 ഡിവിഷനുകളിലെയും വേ‍ാട്ട് എണ്ണിക്കഴിഞ്ഞപ്പേ‍ാൾ കേവല ഭൂരിപക്ഷത്തിനു വേണ്ട 27 സീറ്റുകളിൽ ഒരെണ്ണം അധികം നേടി ബിജെപി ഭൂരിപക്ഷം അരക്കിട്ടുറപ്പിച്ചു. 32 സീറ്റുവരെ പിടിച്ച് ശക്തമായ തിരിച്ചുവരാനുള്ള ആസൂത്രണത്ത‍ാടെയാണ് ബിജെപി ഒരുങ്ങിയതെങ്കിലും അതു നടന്നില്ല. എൽഡിഎഫ് ഭരിച്ച പന്തളം നഗരസഭ പിടിച്ചെടുത്തതാണ് ഇത്തവണ അവകാശപ്പെടാവുന്ന പ്രധാനപ്പെട്ട നേട്ടം. ഫലമറിഞ്ഞ 30 വാർഡുകളിൽ എൻഡിഎ സഖ്യം 17 എണ്ണം നേടി. ഇവിടുത്തെ വിജയം ബിജെപി നേതാക്കളെ പോലും ഞെട്ടിച്ചു.

ആദ്യമായി കണ്ണൂർ കോർപറേഷനിലും അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും ബിജെപി അക്കൗണ്ട് തുറന്നു. പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളിലും മുന്നേറി. കോട്ടയം ജില്ലയിലെ മുത്തോലി, പള്ളിക്കത്തോട് തുടങ്ങിയ പഞ്ചായത്തുകൾ, പത്തനംതിട്ടയിലെ കവിയൂർ, കുളനട പഞ്ചായത്തുകൾ, ആലപ്പുഴയിലെ തിരുവൻവണ്ടൂർ പഞ്ചായത്ത് എന്നിവ നേടിയത് പാർട്ടിക്ക്  ആശ്വാസം പകർന്നു. ഇതൊഴിച്ചാൽ കേന്ദ്രം ഭരിക്കുന്ന പാർ‌ട്ടിക്ക് ആശ്വാസമായി കൂടുതലൊന്നും ഇൗ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല.

thiruvananthapuram-corporation-asha-manju-bjp
തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച ബിജെപി വനിതാ സ്ഥാനാർഥികൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കരിഞ്ഞുപോയ ചില ‘താമരമൊട്ടുകൾ’

പ്രധാനമന്ത്രി കേരളത്തിൽ എത്തുമ്പോൾ സ്വീകരിക്കാൻ തിരുവനന്തപുരത്ത് ബിജെപി മേയർ ഉണ്ടാകുമെന്നായിരുന്നു അവകാശവാദമെങ്കിലും അത് അസ്ഥാനത്താക്കുന്ന പ്രകടനമാണ് പാർട്ടി കാഴ്ച വച്ചത്. നിലവിലെ മേയർ എൽഡിഎഫിന്റെ കെ.ശ്രീകുമാറിനെ തോൽപിച്ചെന്നുള്ള ആശ്വാസം മാത്രമാണ് ബിജെപിക്കു തിരുവനന്തപുരത്ത് ബാക്കി. കഴിഞ്ഞ തവണത്തെ സീറ്റുകളിലേക്ക് പോലും എത്താനാകാതെ ബിജെപി കിതച്ചു.

‘തിരുവനന്തപുരം എടുക്കും’ എന്നു പറഞ്ഞതു പോലെ ബിജെപി അവകാശവാദമുന്നയിച്ച മറ്റൊരു തദ്ദേശഭരണ സ്ഥാപനം തൃശൂർ കോർപറേഷനായിരുന്നു. എന്നാൽ അവിടുത്തെ മേയർ സ്ഥാനാർഥിയായ സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള സ്ഥാനാർഥികൾ നിലം തൊട്ടില്ല. ബിജെപിയുടെ സിറ്റിങ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ ജനവിധി തേടിയത്. 55 സീറ്റുകളിൽ അഞ്ചിടത്തു മാത്രമാണ് ബിജെപി സ്ഥാനാർഥികൾ ജയിച്ചത്.

ശക്തി കേന്ദ്രങ്ങളായ കാസർകോട്ടും തിരുവനന്തപുരത്തും ഉൾപ്പെടെ പലയിടത്തും ബിജെപിക്കു പ്രതീക്ഷിച്ച ജയം ലഭിച്ചില്ല. സംസ്ഥാന അധ്യക്ഷന്റെ സഹോദരനു പോലും കോഴിക്കോട് മത്സരിച്ച വാർഡിൽ‌ എൽഡിഎഫ് സ്ഥാനാർഥിയോട് തോൽക്കാനായിരുന്നു വിധി. യുഡിഎഫ് വിജയിക്കുമോ എൽഡിഎഫ് വിജയിക്കുമോ എന്നുപോലും പ്രവചിക്കാൻ മടിച്ചിരുന്ന ആളുകൾ പക്ഷേ സംശയത്തിനിടയില്ലാതെ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത് ബിജെപി മുന്നേറ്റം ഉറപ്പാണെന്നാണ്.

നടൻ സലിംകുമാർ പോലും താൻ‌ യുഡിഎഫ് അനുഭാവി ആണെങ്കിലും ബിജെപി മുന്നേറും എന്ന് പരസ്യമായി പറഞ്ഞു. 3000 സീറ്റുകൾ പ്രതീക്ഷിച്ചില്ലെങ്കിലും ബിജെപി അണികൾ ഒരു 2000 എങ്കിലും കണക്കുകൂട്ടി. എന്നാൽ ഫലം വന്നപ്പോൾ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. പാർട്ടിയിലെ പടലപ്പിണക്കങ്ങൾക്കിടയിലും നന്നായി നയിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനു ഷോക്ക് ട്രീറ്റ്മെന്റ് കൂടിയാണ് ഫലം.

കണക്കുകൂട്ടൽ തെറ്റിച്ച വിലവർധന

ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനാകാതെ പോയത് എന്തു കൊണ്ടാകാം? പലതാണ് കാരണങ്ങൾ. ഉയർന്ന പെട്രോൾ–ഡീസൽ നിരക്കുകൾ എന്നും തിരഞ്ഞെടുപ്പുകളിൽ ചർച്ചയാകാറുണ്ടെങ്കിലും ഇത്തവണ പോളിങ് ദിനത്തിനു തൊട്ടടുത്തുണ്ടായ വിലവർധന വലിയ തിരിച്ചടിയാണ് ബിജെപിക്ക് നൽകിയത്. കോവിഡ് കാലത്തെ കൊള്ളയായി മാർച്ചിൽ വരുത്തിയ നികുതി വർധന വിശേഷിപ്പിക്കപ്പെട്ടെങ്കിൽ, ‘ഉന്തിന്റെ കൂടെയുള്ള തള്ളെ’ന്ന മട്ടിലായി അടുത്ത കാലത്തെ വർധന.

ശബരിമലവിഷയം കഴിഞ്ഞ് ഏതാണ്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും ബിജെപി പലയിടത്തും അതു ചർച്ചയാക്കി. ഭൂരിപക്ഷങ്ങൾക്കിടയിൽ നേട്ടമുണ്ടാക്കിയെങ്കിലും ന്യൂനപക്ഷങ്ങളുമായി വലിയ തരത്തിലുള്ള അകൽച്ച ഇതുമൂലം പാർട്ടിക്കുണ്ടായെന്നാണ് സൂചന‌. കൂട്ടായ പ്രവർത്തനത്തിന്റെ അഭാവവും പലയിടങ്ങളിലും പിന്നോട്ടടിച്ചു. പല സ്ഥലങ്ങളിലും ആർഎസ്എസ് നേരിട്ട് പ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും അതിന്റെ ഫലം കാണാനുമായില്ല.

English Summary: Performance of BJP in Kerala Local Body Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com