ADVERTISEMENT

തിരുവനന്തപുരം∙ കോർപറേഷനിൽ താമര വിരിയിക്കാമെന്ന പ്രതീക്ഷകൾ വാടി എൻഡിഎ. ഭരണം എൽഡിഎഫ് നിലനിർത്തിയപ്പോൾ കോൺഗ്രസ് തകർന്നടിഞ്ഞു. ബിജെപി ശക്തമായ മത്സരം കാഴ്ചവച്ചു. മേയർ ശ്രീകുമാർ കരിക്കകം വാർഡിലും മേയറാകുമെന്നു പ്രതീക്ഷിച്ച പുഷ്പലത നെടുങ്കാട് വാർഡിലും പരാജയപ്പെട്ടത് ഇടതുജയത്തിന്റെ മാറ്റു കുറച്ചു.

ശക്തമായ ത്രികോണ മത്സരം നടക്കുമെന്നു പ്രതീക്ഷിച്ച കോർപറേഷനിൽ തുടക്കം മുതൽ എൽഡിഎഫും ബിജെപി സഖ്യവും തമ്മിലായിരുന്നു പോരാട്ടം. കോൺഗ്രസ് ഒരു ഘട്ടത്തിൽപോലും വെല്ലുവിളി ഉയർത്തിയില്ല. വോട്ടെടുപ്പ് ആരംഭിച്ച് രണ്ടാം മണിക്കൂറിൽ ബിജെപി ഒരു സീറ്റിൽ ലീഡ് നേടി ഞെട്ടിച്ചെങ്കിലും പിന്നീട് എൽഡിഎഫ് കളംപിടിച്ചു. ‘തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുമ്പോൾ സ്വീകരിക്കാൻ ബിജെപി മേയർ’ എന്ന മുദ്രാവാക്യമാണ് ജില്ലാ ബിജെപി നേതൃത്വം ഉയർത്തിയിരുന്നത്. ആ പ്രതീക്ഷയ്ക്കൊപ്പം വോട്ടർമാർ പ്രതികരിച്ചില്ല.

കോർപറേഷൻ ഭരണത്തിനെതിരായ വികാരം ജനങ്ങളിൽ കാര്യമായില്ലെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. സർക്കാരിനെതിരായ പ്രചാരണവും കോർപറേഷനിലെ ജനം തള്ളി. സ്ഥാനാർഥി നിർണയത്തിൽ പ്രശ്നങ്ങളില്ലാതിരുന്നതും ചിട്ടയായ പ്രവർത്തനവും എൽഡിഎഫിന്റെ വിജയത്തിൽ പ്രധാനപ്പെട്ടതായി. കോർപറേഷൻ പിടിക്കുമെന്ന വലിയ പ്രചാരണം ബിജെപിക്കു തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ മേഖലകളിൽനിന്നുള്ള വോട്ട് എൽഡിഎഫിലേക്കെത്തി. ഈ വോട്ടുകൾ ലഭിക്കുമെന്ന യുഡിഎഫ് പ്രതീക്ഷകൾ വിലപ്പോയില്ല. അതേസമയം, സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടതും പ്രധാന സ്ഥാനാർഥികളിൽ ചിലർ പരാജയപ്പെട്ടതും എല്‍ഡിഎഫിനു ക്ഷീണമായി.

വലിയ തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. കഴിഞ്ഞ തവണത്തെ പ്രകടനത്തിനൊപ്പമെത്താൻ പോലും കഴിയാതെ മുന്നണി എൻഡിഎയ്ക്കും പിന്നിലായി. സ്വർണക്കടത്ത് വിവാദം ഉൾപ്പെടെ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിഷയങ്ങൾ ഉയർത്തിയുള്ള പ്രചാരണം നഗരമേഖലയിലെ ജനം കണക്കിലെടുത്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. നേതാക്കൾ തമ്മിലുള്ള തർക്കങ്ങളും ഗ്രൂപ്പ് യുദ്ധങ്ങളും പുറമേ കാണാനില്ലായിരുന്നെങ്കിലും താഴേത്തട്ടിൽ അണികളെ സജ്ജരാക്കാൻ കഴിയാത്തത് തിരിച്ചടിയായി. റിബൽ ശല്യവും പ്രശ്നമായി. തീരദേശമേഖലയിൽ പലയിടത്തും മുന്നണിക്കു പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല.

ഭരണം പിടിക്കാനായില്ലെങ്കിലും കോർപറേഷനിൽ ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു. നഗരമേഖലകളിലെ ശക്തികേന്ദ്രങ്ങളിൽ സ്വാധീനം നിലനിർത്തിയതോടൊപ്പം എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലെ സീറ്റും സ്വന്തമാക്കി. ന്യൂനപക്ഷവോട്ടുകളിൽ കൂടുതലും എൽഡിഎഫിനു കിട്ടിയതോടെ ഭരണംപിടിക്കാനായില്ല. പാർട്ടിക്കുള്ളിലെ തർക്കങ്ങളും ചില മേഖലകളിൽ തിരിച്ചടിയായി.

എൽഡിഎഫിനു 43 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. എൻഡിഎയ്ക്കു 35ഉം കോൺഗ്രസിനു 21 സീറ്റും ലഭിച്ചു. എൽഡിഎഫും എൻഡിഎയും നിലമെച്ചപ്പെടുത്തിയപ്പോൾ യുഡിഎഫ് ശോഷിച്ചു. ആകെ നൂറ് സീറ്റുള്ള കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിനു 51 സീറ്റാണ് വേണ്ടത്.

English Summary: LDF improves strength and emerges as leading front in Thiruvananthapuram Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com