ADVERTISEMENT

ന്യൂഡല്‍ഹി∙ കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമായിരിക്കുന്ന സാഹചര്യത്തില്‍ റഫാല്‍ യുദ്ധവിമാനത്തില്‍നിന്നു തൊടുക്കുന്ന ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന. സബ്‌സോണിക് മിസൈലുകള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഫ്രഞ്ച് നിര്‍മാതാക്കള്‍ സോഫ്റ്റ്‌വെയര്‍ നവീകരിച്ചു കഴിഞ്ഞു. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്‌സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. 

മിസൈലുകള്‍ നവീകരിക്കപ്പെടുന്നതോടെ പര്‍വതങ്ങളിലും ഉയര്‍ന്നപ്രദേശങ്ങളിലും സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുളള ശത്രുകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ റഫാലിനു ശേഷിയുണ്ടാകും. നിലവില്‍ 2,000 മീറ്റര്‍ ഉയരത്തില്‍ പ്രഹരിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു. വ്യോമസേനയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയാണ് സോഫ്റ്റ്‌വെയര്‍ നവീകരണം നടത്തിയത്. 

വായുവില്‍നിന്നു തൊടുക്കാവുന്ന സ്‌കാല്‍പ് മിസൈലുകള്‍ ചൈനയും പാക്കിസ്ഥാനും വികസിപ്പിച്ചിട്ടുണ്ടെങ്കിലും സ്‌കാല്‍പ് മിസൈലിന്റെ ഫയര്‍ ആന്‍ഡ് ഫൊർഗെറ്റ് പ്രക്രിയയാണ് സവിശേഷത. പോര്‍വിമാനത്തില്‍നിന്നു തൊടുത്തുകഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന് 100-130 അടി ഉയരത്തില്‍ എത്തിനില്‍ക്കും. റഡാറുകശുടെ ജാമിങ് സംവിധാനങ്ങളുടെയും കണ്ണുവെട്ടിക്കാനാണിത്. വീണ്ടും 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിക്കുന്ന മിസൈല്‍ പിന്നീട് കുത്തനെ ലക്ഷ്യത്തിലേക്കു പതിക്കുകയാണ് ചെയ്യുന്നത്. 

rafale-meteor

റിപ്പബ്ലിക്ക് ദിനത്തില്‍ മൂന്നു റഫാല്‍ വിമാനങ്ങള്‍ കൂടി ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. അംബാലയിലേക്കു പറന്നെത്തുമ്പോള്‍ യുഎഇ വ്യോമസേന എയര്‍ബസ് 330 മള്‍ട്ടി-റോള്‍ ട്രാന്‍സ്‌പോര്‍ട്ട് ടാങ്കറുകള്‍ ഉപയോഗിച്ച് ആകാശത്ത് റഫാലുകളില്‍ ഇന്ധനം നിറയ്ക്കുമെന്നാണു റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ ഏഴു റഫാലുകളിലാണ് ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ 36 റഫാല്‍ യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തും.  

റഫാലിലെ ആയുധബലം

∙ 9.3 ടണ്‍ ആയുധങ്ങള്‍ വിമാനത്തിനു വഹിക്കാം.

∙ മീറ്റിയോര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍:  ആകാശത്തെ ലക്ഷ്യം തകര്‍ക്കാനുള്ള മിസൈല്‍. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി: 120 - 150 കിലോമീറ്റര്‍. 

∙ സ്‌കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈല്‍: ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈല്‍. ദൂരപരിധി 300 കിലോമീറ്റര്‍. ഒരു വിമാനത്തിന് 2 സ്‌കാല്‍പ് മിസൈലുകള്‍ വഹിക്കാം. ഇറാഖില്‍ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളില്‍ മുന്‍പ് റഫാലിലെ സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ച് ഫ്രാന്‍സ് ആക്രമണം നടത്തിയിട്ടുണ്ട്.

സാങ്കേതിക സൗകര്യങ്ങള്‍

∙ അത്യാധുനിക റഡാര്‍.

∙ ശത്രു സേനയുടെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനം.

∙ ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എന്‍ജിന്‍ കരുത്ത്.

∙ ശത്രുസേനയുടെ മിസൈലുകള്‍ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യ.

English Summary: Eye on East Ladakh, IAF tweaks Rafale’s terrain-hugging deep-strike missile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com