ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കൊച്ചിയിൽ ഉയർന്നു കേട്ട പേരാണ് കോൺഗ്രസിലെ ദീപ്തി മേരി വർഗീസിന്റേത്. മേയർ സ്ഥാനാർഥിയായ എൻ. വേണുഗോപാലിനു പിന്നാലെ ഡപ്യൂട്ടി മേയറായിരുന്ന കെ.ആർ. പ്രേംകുമാറും തോറ്റതോടെ കോർപറേഷനിൽ യുഡിഎഫ് വന്നാൽ ദീപ്തിയെ മേയർ സ്ഥാനത്തേയ്ക്ക് പരിഗണിക്കുമെന്നായിരുന്നു വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ദീപ്തി പ്രതികരിക്കുന്നു.

കൊച്ചിയുടെ മേയർ ആകുമോ?

അയ്യോ, അതിനെക്കുറിച്ചൊന്നും പറയാൻ കഴിയില്ല. ഭൂരിപക്ഷം നേടാനുള്ള ചർച്ചകളിലാണ്. തീരുമാനം ആയിട്ടില്ല. വിമതരുടെ മനസറിഞ്ഞാലെ ഭരണം നിലനിർത്താനാകുമോ എന്നറിയാൻ കഴിയൂ. നിർഭാഗ്യവശാൽ കോൺഗ്രസിന് ഉറപ്പായിരുന്ന മൂന്ന് നാലു സീറ്റുകൾ‌ നഷ്ടമായി.

കൊച്ചിയിൽ കോൺഗ്രസിലെ വോട്ടുകൾ ചോർന്നതെങ്ങനെയാണ്?

വി ഫോർ കൊച്ചി പോലുള്ള അരാഷ്ട്രീയ സംഘടനകൾ അധികാരമോഹവുമായി തിരഞ്ഞെടുപ്പിലിറങ്ങിയതാണ് കോൺഗ്രസ് സ്ഥാനാർഥികൾക്ക് തിരിച്ചടിയായത്. അവർ ഇതുവരെ പൊതുപ്രവർത്തന രംഗത്ത് ഇല്ലാതിരുന്നവരാണ്. എല്ലാവരും ജോലിക്കാരോ പെൻഷൻ ആയവരോ ആണ്.

അവർക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പരിചയമില്ല. ഒാരോ തിരഞ്ഞെടുപ്പിനും ഉദയം ചെയ്ത് അപ്രത്യക്ഷരാകും. ഇപ്പോ ശരിയാക്കിത്തരം എന്നു പറഞ്ഞ് അധികാരക്കൊതിയുമായി വന്നാൽ എല്ലാം എളുപ്പമാണെന്നാണ് അവരുടെയൊക്കെ വിചാരം. ജനാധിപത്യത്തെ ചോദ്യം ചെയ്യുകയാണ് യാഥാർഥത്തിൽ ‍ഇക്കൂട്ടർ.

ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരകേന്ദ്രങ്ങൾ പരിഗണിക്കാത്തതുകൊണ്ടല്ലേ ഇങ്ങനെയുള്ള സംഘടനകൾ ഉണ്ടാകുന്നത്?

31 വർഷമായി കൊച്ചിയിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. കൊച്ചിയുടെ സ്പന്ദനങ്ങൾ നേരിട്ടറിയാം. കൊച്ചിയിലെ വെള്ളക്കെട്ട് വലിയൊരു പ്രശ്നമാണ്. അടുത്തിടെ ഉണ്ടായ പ്രളയങ്ങളുടെ ബാക്കി പത്രമാണത്. കോൺഗ്രസ് കോർപ്പറേഷനിൽ അധികാരത്തിലെത്തിയാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കും.

കോൺഗ്രസ് ഭരണമാണ് കൊച്ചിയുടെ മുഖഛായ മാറ്റിയത്. കൊച്ചിയെന്നാൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. 10 വർഷം മാത്രമേ ആയുള്ളൂ കൊച്ചി കോർപ്പറേഷന്റെ ഭരണം കോൺഗ്രസിന്റെ കയ്യിലെത്തിയിട്ട്. ടോണി ചിമ്മിണി മേയറായിരുന്ന കാലത്താണ് ഒട്ടേറെ നഗരങ്ങളെ പിന്തള്ളി സ്മാർട് സിറ്റി നമ്മുടെ കൊച്ചിയിലെത്തിയത്.

മേഴ്സി വില്ല്യംസ് അധികാരമിറങ്ങുമ്പോൾ മാലിന്യം മുഴുവൻ വഴിയിലുപേക്ഷിച്ച നിലയിലായിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കൊണ്ടു വന്ന് മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടത് ഞങ്ങളുടെ ഭരണമാണ്.

എന്തൊക്കെ പദ്ധതികളാണ് മനസിൽ?

കൊച്ചിയുടെ മുഖം മാറ്റുകതന്നെയാണ് സ്വപനം. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണം. അമൃത് പദ്ധതി പൂർത്തിയാക്കണം. കൊച്ചിയെ സുന്ദരിയാക്കണം. ഇതിന് ഉദ്യോഗസ്ഥരുടെ സഹായം കൂടിയേ തീരൂ. അഴിമതി മുക്തവും ശാസ്ത്രീയ രീതിയിലുമായിരിക്കണം കൊച്ചിയുടെ വികസനം.

English Summary : Interview with Deepthi Mary Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com