ADVERTISEMENT

ഇൻഡോർ ∙ മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പങ്കുവഹിച്ചിരുന്നുവെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ. ഇൻഡോറിലെ പൊതുചടങ്ങിൽ സംസാരിക്കവേയാണ് തുറന്നുപറച്ചിൽ. മാർച്ചിലാണു കോൺഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാർ മധ്യപ്രദേശിൽ രാജിവച്ചത്.

‘ആരോടും പറയരുത്. ഞാന്‍ ഇക്കാര്യം ഇതുവരെയും പറഞ്ഞിട്ടില്ല. ഈ വേദിയിലാണ് ആദ്യമായി പറയുന്നത്. കമൽനാഥ് സർക്കാരിനെ താഴെയിടാൻ ആരെങ്കിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിൽ അത് നരേന്ദ്ര മോദിയാണ്. അല്ലാതെ ധർമേന്ദ്ര പ്രധാൻ അല്ല’ – വിജയ്‌വർഗിയ പറഞ്ഞു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും വേദിയിലിരിക്കേയാണു വിജയ്‌വർഗിയയുടെ പ്രസ്താവന.

ജ്യോതിരാദിത്യ സിന്ധ്യയുടെ കലാപത്തിനു പിന്നാലെ കോൺഗ്രസ് സർക്കാരിന്റെ പതനത്തിന് രൂപം നൽകിയത് ബിജെപിയുടെ കേന്ദ്ര നേതൃത്വമാണെന്ന് ജൂണിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പാർട്ടി പ്രവർത്തകരോട് പറഞ്ഞിരുന്നു. 22 എംഎൽഎമാരുമായി സിന്ധ്യ പാർട്ടിവിട്ടതിനെ തുടർന്നാണു കമൽനാഥ് വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടത്. 2018 ഡിസംബറില്‍ അധികാരമേറിയതിനു പിന്നാലെ തന്നെ താഴെയിറക്കാൻ ബിജെപി പദ്ധതികൾ തയാറാക്കിയിരുന്നതിനായി കമൽനാഥ് പറഞ്ഞിരുന്നു.

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ പതനത്തിനു പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് തുടക്കം മുതലേ ആരോപിച്ചിരുന്നു. ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നരേന്ദ്ര മോദി ഭരണഘടനാ വിരുദ്ധമായി താഴെയിറക്കിയതായി ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നു കോൺഗ്രസ് വക്താവ് നരേന്ദ്ര സാലുജ വിഡിയോയ്ക്കൊപ്പം ട്വിറ്ററിൽ കുറിച്ചു.

English Summary: "PM Modi Had Important Role In Overthrowing Kamal Nath": BJP Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com