ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും അപകട മരണമാണെന്നും പൊലീസ് നിഗമനത്തിലെത്തിയതോടെ നിലവിലെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഭാര്യ ശ്രീജ എസ്.നായര്‍. മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കുന്നതിനിടയാക്കിയ ഹണിട്രാപ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും പ്രദീപിന്റെ മരണത്തിൽ സംശയമുണ്ടെന്നും ശ്രീജ മനോരമ ന്യൂസിനോടു പറഞ്ഞു.

അന്വേഷണം പ്രദീപിന്‍റെ സ്കൂട്ടറിലിടിച്ച ലോറിയില്‍ മാത്രമായി ഒതുങ്ങി. വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ടു നിലവിൽ പ്രദീപ് നിരവധി ഭീഷണികളാണ് നേരിട്ടിരുന്നതെന്നും ഭാര്യ ശ്രീജ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു വിവിധ കോണുകളില്‍നിന്നുയരുന്ന സംശയം തീര്‍ക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ശ്രീജ പറയുന്നു. 

വെള്ളായണിയിൽ പാറപ്പൊടി ഇറക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നും കയ്യേറ്റം ഭയന്നാണു നിർത്താതെ പോയതെന്നുമായിരുന്നു അറസ്റ്റിലായ ലോറി ഡ്രൈവർ പേരൂർക്കട വഴയില സ്വദേശി ജോയി(50) മൊഴി നൽകിയിരുന്നത്. 

അപകടത്തിനു മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നു പള്ളിച്ചലിലേക്കു പോവുകയായിരുന്ന പ്രദീപിന്റെ സ്കൂട്ടറിൽ പിന്നാലെ എത്തിയ ലോറി ഇടിക്കുകായിരുന്നു. അപകടത്തിനു തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യങ്ങളിൽ പ്രദീപിന്റെ സ്കൂട്ടർ ഇടതുവശത്തെ ട്രാക്കിലൂടെയും 100 മീറ്ററോളം പിന്നിലായി ലോറി വലതുവശത്തെ ട്രാക്കിലൂടെയും പോകുന്നതു കാണാം.

ലോറിക്കു തൊട്ടു മുന്നിലായി മറ്റൊരു ബൈക്കുമുണ്ട്. വലതു ട്രാക്കിൽനിന്ന് ഇടത്തേക്കു മാറിയാണ് ലോറി സ്കൂട്ടറിൽ ഇടിക്കുന്നത്. റോഡിന്റെ മധ്യത്തേക്കു മറിഞ്ഞു വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. അപകടം നടന്നശേഷം ലോറി നിർത്താതെ അതിവേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

English Summary: Journalist Pradeep’s family alleges foul play behind fatal accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com