ADVERTISEMENT

ആലപ്പുഴ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മസ്ഥലമായ ചെന്നിത്തല – തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബിജെപിയെ നേരിടാന്‍ സിപിഎം – കോണ്‍ഗ്രസ് ധാരണയ്ക്ക് നീക്കം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇത്തവണ ഇവിടെയില്ല. ജയിച്ച കോണ്‍ഗ്രസ് വിമതന്‍റെ നിലപാടും നിര്‍ണായകമാകും.

കഴി‍ഞ്ഞതവണ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറു സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്. ബിജെപിക്കൊപ്പം ആറു സീറ്റ് ലഭിച്ചെങ്കിലും യുഡിഎഫില്‍ പട്ടിക ജാതി വനിതകളാരും ജയിച്ചിട്ടില്ല. അതേസമയം എല്‍ഡിഎഫിനും ബിജെപിക്കും പട്ടികജാതി വനിത പ്രതിനിധികളുണ്ട്. ഈ സഹാചര്യത്തിലാണ് രഹസ്യധാരണയ്ക്ക് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്.

പ്രസിഡന്‍റ് സ്ഥാനം സിപിഎം പ്രതിനിധിയായ പട്ടികജാതി വനിതയ്ക്ക് നല്‍കാനാണ് ആലോചന. വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനും ലഭിക്കും. പതിനഞ്ചാം വാര്‍ഡില്‍ നിന്ന്  കോണ്‍ഗ്രസ് റിബലായി ജയിച്ച ദീപുവിന്‍റെ നിലപാടും നിര്‍ണായകമാണ്. തനിക്കൊപ്പം നിന്ന കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തീരുമാനമെടുക്കുമെന്ന് ദീപു മനോരമ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ റിബല്‍ സ്ഥാനാര്‍ഥിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ബിജെപി പഞ്ചായത്തില്‍ അധികാരത്തിലെത്തരുതെന്ന് ആഗ്രഹമുണ്ട്. സിപിഎം – കോണ്‍ഗ്രസ് ധാരണയെപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണ്. തീരുമാനം കെപിസിസി നേതൃത്വം കൈക്കൊള്ളുമെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വം പറയുന്നത്.

അതേസമയം എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പിന്തുണ വേണ്ടെന്ന് പറയുന്ന ബിജെപി, സ്വതന്ത്രന്‍റെ പിന്തുണയോടെ ഭരണം പിടിക്കുന്നതിനുള്ള ആലോചനകള്‍ ശക്തമാക്കിയിട്ടുണ്ട്. 

Content Highlights: Local Body Election, Chennithala-Thripperumthura Grama Panchayat, Congress, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com