ADVERTISEMENT

യ്യേറ്റങ്ങൾ ശീലമാക്കിയ ചൈനയെ പ്രതിരോധിക്കാൻ വൻ സന്നാഹമൊരുക്കി തയ്‍വാൻ. അത്യാധുനിക അന്തർവാഹിനികൾ ഉൾപ്പെടെ നിർമിച്ചാണു തയ്‍വാൻ പ്രതിരോധശേഷി കൂട്ടുന്നത്. ദ്വീപ് അക്രമിക്കാനോ നാവിക ഉപരോധം ഏർപ്പെടുത്താനോ ഉള്ള ചൈനീസ് സാധ്യതകളെയും സേനാ പദ്ധതികളെയും തയ്‍വാന്റെ നീക്കം സങ്കീർണമാക്കുമെന്നു നയതന്ത്ര, പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ‘ചരിത്രപരമായ നാഴികക്കല്ല്’ എന്നാണു പദ്ധതിയെ തയ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെന്‍ വിശേഷിപ്പിച്ചതും.

ആദ്യഘട്ടമായി, 2025ൽ സമുദ്ര പരീക്ഷണങ്ങൾ ലക്ഷ്യമിട്ട്, തെക്കൻ തുറമുഖ നഗരമായ കഹ്‌സിയൂങിൽ എട്ട് പുതിയ അന്തർവാഹിനികളുടെ നിർമാണം ആരംഭിച്ചു. പദ്ധതിക്കു തുടക്കം കുറിക്കുന്ന ചടങ്ങിൽ, ലോകത്തിനുമുന്നിൽ തയ്‌വാന്റെ ഇച്ഛാശക്തി പ്രകടമാക്കുന്ന അവസരമാണിതെന്നു പറഞ്ഞ പ്രസിഡന്റ്, ചരിത്രപരമായ നാഴികക്കല്ലാണിതെന്നും വ്യക്തമാക്കി. ഏഴു പതിറ്റാണ്ടിലേറെയായി വെവ്വേറെ ഭരണമാണെങ്കിലും തെക്കുകിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ദ്വീപ് രാജ്യമായ തയ്‍വാനിൽ പൂർണ പരമാധികാരമാണു ചൈന അവകാശപ്പെടുന്നത്.

24 ദശലക്ഷം ജനങ്ങൾ താമസിക്കുന്ന ദ്വീപുരാജ്യം സ്വതന്ത്രമാകാൻ ബെയ്ജിങ് ഒരിക്കലും അനുവദിക്കില്ലെന്നാണു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കടുത്ത നിലപാട്. ആവശ്യമെങ്കിൽ ബലപ്രയോഗം നടത്തുമെന്നും ഷി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനയോട് എന്നും ഇടഞ്ഞുനിന്ന പാരമ്പര്യമാണു തയ്‍വാന്റേത്. ഏഷ്യയിലെ സ്വേച്ഛാധിപത്യ ആക്രമണത്തിൽനിന്നു ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു തയ്‌വാൻ മുന്നിലുണ്ടെന്നു പ്രസിഡന്റ് സായ് പറയുന്നു.

∙ ചൈന കുടുങ്ങുന്ന കടലിടുക്ക്

ഏതാനും മാസങ്ങളായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ദ്വീപിൽ സൈനിക സാന്നിധ്യവും സമ്മർദവും വർധിപ്പിച്ചിട്ടുണ്ട്. തയ്‌വാന്റെ വ്യോമമേഖലയിലേക്കു യുദ്ധവിമാനങ്ങൾ അയച്ചും സമീപ ദ്വീപുകളിൽ സൈനികാഭ്യാസം വർധിപ്പിച്ചുമാണു ചൈനയുടെ ഭീഷണി. എന്നാൽ അധിനിവേശത്തിനായി ചൈനീസ് പട്ടാളത്തിന്റെ കപ്പൽക്കൂട്ടത്തിനു തയ്‌വാൻ കടലിടുക്ക് കടക്കണം. താരതമ്യേന ഇടുങ്ങിയ കടലിടുക്കാണിത്. തയ്‍വാൻ സ്വന്തമായി കൂടുതൽ അന്തർവാഹിനികൾ നിർമിച്ചു വിന്യസിക്കുന്നതിന്റെ പ്രധാന്യം ഇവിടെയാണ്. 

രണ്ടാം ലോക മഹായുദ്ധകാലം മുതലുള്ള അന്തർവാഹിനികൾക്കു പകരമായാണു പുതിയതു നിർമിക്കുന്നത്. അതിർത്തിയിലും മേഖലയിലും ചൈനയ്ക്കെതിരെ പോരാടാനും പ്രതിരോധക്കോട്ട കെട്ടാനും അത്യാധുനിക അന്തർവാഹിനികൾക്കു സാധിക്കുമെന്നാണു തയ്‍വാന്റെ കണക്കുകൂട്ടൽ. ലോകത്തിലെ രഹസ്യായുധ സംവിധാനങ്ങളിൽ (സ്റ്റെൽത്ത് വെപ്പൺസ് പ്ലാറ്റ്ഫോം) ഇപ്പോഴും മുൻനിരയിലാണ് അന്തർവാഹിനികൾ. ശത്രുക്കൾക്കുമേൽ അപ്രതീക്ഷിത മാരകപ്രഹരം ഏൽപ്പിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.

1200-Chinese-Army-PLA

ഡീസൽ-ഇലക്ട്രിക് ഇനം അന്തർവാഹിനകളാണു നിർമിക്കുന്നതെന്നാണു നിഗമനം. ഇവ നിർമിക്കാൻ എളുപ്പവും ചെലവ് കുറവുമാണ്. ഉപരിതലത്തിൽ ആയിരിക്കുമ്പോൾ ഡീസൽ എൻജിനുകളിൽ ഓൺ ആകും. ലിഥിയം അയൺ ബാറ്ററികൾ കൊണ്ടുള്ള ഇലക്ട്രിക് മോട്ടറുകളാണു ജലാന്തർ ഭാഗത്തു നിശബ്ദമായി പ്രവർത്തിക്കുക. ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളേക്കാൾ യുഎസ് നാവികസേന ഡീസൽ-ഇലക്ട്രിക് ഇനങ്ങളാണ് ഉപയോഗിക്കുന്നത്. ചൈനയും ഇത്തരത്തിലുള്ളത് വിന്യസിച്ചിട്ടുണ്ട്. വെള്ളത്തിൽ മുങ്ങുമ്പോൾ വൈദ്യുത മോട്ടറുകൾ ആണവ റിയാക്ടറുകളേക്കാൾ കുറഞ്ഞ ശബ്ദമേ ഉണ്ടാക്കൂ എന്നതാണു കാരണം.

∙ കണ്ടുപിടിക്കാൻ ചൈനയ്ക്കു പ്രയാസം

നിശബ്ദമായി പ്രവർത്തിക്കുന്ന അന്തർവാഹിനികൾ കണ്ടുപിടിക്കുക ചൈനീസ് സൈന്യത്തിന്റെ ആന്റി സബ്‍മറീൻ വാർഫെയർ (എഎസ്ഡബ്ല്യു) യൂണിറ്റിനു ദുഷ്കരമാകും. എന്നാൽ, കടലിടുക്കിലെ വെള്ളത്തിൽ ആഴ്‍ന്നുകിടക്കുന്ന തയ്‍വാന്റെ അന്തർവാഹിനികൾക്ക് ഇങ്ങോട്ടുള്ള ചൈനയു‌ടെ സമുദ്രനീക്കങ്ങൾ പലവഴികളിലൂടെ അറിയാനാകും. അതിർത്തി ഭേദിക്കാനുള്ള ചൈനീസ് നാവികപ്പടയുടെ ഏതു ശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാനും സാധിക്കുമെന്നാണു നിരീക്ഷണം.

‘ചൈനീസ് എഎ‌സ്‌ഡബ്ല്യുവിന്റെ കഴിവുകൾ താരതമ്യേന ദുർബലമാണ്. ജപ്പാനും യുഎസും വിന്യസിച്ചതുപോലുള്ള ആധുനിക എഎ‌സ്‌ഡബ്ല്യുകൾക്കു പോലും ഇത്തരം സമുദ്രങ്ങളിലെ കാര്യങ്ങൾ തിരിച്ചറിയുക പ്രയാസം’– മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സെക്യൂരിറ്റി സ്റ്റഡീസ് പ്രോഗ്രാം അസോസിയേറ്റ് ഡയറക്ടർ ഓവൻ കോട്ട് പറയുന്നു. അതേസമയം, ഏത് സാങ്കേതികവിദ്യയാണ് അന്തർവാഹിനികളിൽ ഘടിപ്പിക്കുന്നതെന്നു തയ്‍വാൻ വ്യക്തമാക്കിയിട്ടില്ല. ഈ വർഷമാദ്യം, മാർക്ക് 48 ടോർപ്പിഡോകൾ വാങ്ങാൻ വാഷിങ്ടൻ തയ്‍വാന് അനുമതി നൽകിയിട്ടുണ്ട്.

‘യുഎസ് മാർക്ക് 48 പോലെയുള്ള ആധുനിക ടോർപിഡോ തൊടുത്താൽവിട്ടാൽ ശത്രുസേനയുടെ ബറ്റാലിയൻ തന്നെ നാമാവശേഷമാകും. അതിനാൽ, യുദ്ധക്കപ്പലുകൾ കടലിടുക്കിലേക്ക് അയയ്‌ക്കാൻ അധികമാരും തയാറാകില്ല.’– മുൻ യുഎസ് നേവി ക്യാപ്റ്റനും ഹവായ് പസിഫിക് സർവകലാശാലയിലെ അനലിസ്റ്റുമായ കാൾ ഷസ്റ്റർ പറഞ്ഞു. യുഎസ് ടോർപ്പിഡോകൾ ഉപയോഗിക്കുന്നതിനു പുറമെ, യുഎസിന്റെയും ജപ്പാന്റെയും നൂതന സാങ്കേതികവിദ്യകൾ അന്തർവാഹിനികളിൽ സംയോജിപ്പിച്ചേക്കുമെന്നും കാൾ പറഞ്ഞു.

40 വർഷം പഴക്കമുള്ള തയ്‌വാൻ റിലേഷൻസ് ആക്ടിന്റെ ഭാഗമായി വാഷിങ്ടൻ ദീർഘകാലമായി രാജ്യത്തിന് ആയുധങ്ങൾ നൽകുന്നുണ്ട്. അടുത്തിടെ 10 ബില്യൻ ഡോളർ വിലമതിക്കുന്ന ആയുധ വിൽപ്പനയ്ക്കു യുഎസ് അംഗീകാരം നൽകിയിരുന്നു. ഡസൻ കണക്കിന് എഫ്-16 യുദ്ധവിമാനങ്ങൾ, എം1എ2ടി അബ്രാംസ് ടാങ്കുകൾ, പോർട്ടബിൾ സ്റ്റിങ്ങർ ആന്റി-എയർക്രാഫ്റ്റ് മിസൈലുകൾ എന്നിവ ഉൾപ്പെടെയാണിത്. നിലവിലെ സാഹചര്യത്തിൽ ചൈനയ്ക്കെതിരെ നിലയുറപ്പിക്കുന്ന അന്തർവാഹിനികൾക്ക് അധിക ഉപകരണങ്ങളും സംവിധാനങ്ങളും നൽകാൻ യുഎസ് സഹായിക്കുമെന്നും തയ്‍വാനു പ്രതീക്ഷയുണ്ട്.

∙ അന്തർവാഹിനി പദ്ധതി പരാജയപ്പെട്ടാൽ?

വലിയ അന്തർവാഹിനികൾ നിർമിക്കാനുള്ള തയ്‌വാന്റെ ആദ്യ ശ്രമമാണിത്. ഇവയ്ക്കു 2,500 മുതൽ 3,000 മെട്രിക് ടൺ വരെ ഭാരശേഷിയുണ്ടാകും. തദ്ദേശീയ അന്തർവാഹിനി പദ്ധതിയുടെ കരാർ തയ്‌വാൻ കപ്പൽ നിർമാതാക്കളായ ചൈന ഷിപ്പ്ബിൽഡിങ് കോർപ്പറേഷനാണ് (സി‌എസ്‌ബിസി) ലഭിച്ചത്. തയ്‌വാനിൽ ഈ അന്തർവാഹിനികൾ നിർമിക്കാൻ കഴിയുമെങ്കിൽ അതു തികച്ചും ഫലപ്രദമാകുമെന്നു വാഷിങ്ടണിലുള്ള രാജ്യാന്തര പ്രതിരോധ ഗവേഷകൻ തിമോത്തി ഹീത്ത് പറഞ്ഞു.

China army parade

അന്തർവാഹിനി പദ്ധതി പരാജയപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്താലും ചൈനയുടെ സൈനിക നീക്കങ്ങൾക്കെതിരെ നിലകൊള്ളാൻ തയ്‍‍വാനു ശേഷിയുണ്ടെന്നും നിരീക്ഷണമുണ്ട്. യുഎസ് നിർമിത ഹാർപൂൺ മിസൈൽ, നാവിക മൈനുകൾ, മിഡ്ഗറ്റ് അന്തർവാഹിനികൾ എന്നിവയുൾപ്പെടെ വിവിധതരം കപ്പൽവേധ സന്നാഹങ്ങൾ തയ്‌വാനുണ്ടെന്നു ലണ്ടനിലെ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സമുദ്ര ശക്തികളിലെ റിസർച്ച് ഫെല്ലോ സിദ്ധാർഥ് കൗശൽ പറഞ്ഞു. ഇതെല്ലാം ചേരുമ്പോൾ പിഎൽഎയുടെ നാവികപ്പടയ്ക്കു കടലിടുക്കിലേക്കുള്ള വരവ് അത്യന്തം പ്രയാസകരമാകുമെന്നും കൗശാൽ ചൂണ്ടിക്കാട്ടി.

എങ്കിലും സൈനിക ബലാബലത്തിൽ ചൈന ഏറെ മുന്നിലാണ്. ബെയ്ജിങ്ങിനാണ് ഇപ്പോഴും മേഖലയിൽ മേധാവിത്തവും. ഡസൻ കണക്കിന് അന്തർവാഹിനികൾ, കപ്പലുകൾ, മിസൈലുകൾ, വ്യോമസേനാ ബോംബറുകൾ, സ്‌ട്രൈക്ക് വിമാനങ്ങൾ എന്നിവ ഏത് സംഘർഷ മേഖലയിലേക്കും എത്തിക്കാൻ ചൈനയ്ക്കു കെൽപുണ്ട്. ലോകത്തിലെ മുൻനിര സൈനിക ശക്തികളിലൊന്നായ ചൈന, കൂടുതൽ യുദ്ധക്കപ്പലുകൾ ഉൾപ്പെടെ നിർമിച്ച് ശേഷി കൂട്ടുകയുമാണ്.

∙ എന്താണ് ചൈനയുടെ പ്രതികരണം?

തയ്‍വാന്റെ നീക്കത്തിനു പ്രകോപനപരമായ പ്രതികരണമാണു ചൈന നടത്തിയത്. ‘തയ്‍വാന്റെ വിഘടനവാദത്തിനു തടസ്സമുയർത്തി  പി‌എൽ‌എയു‌ടെ ആന്റി സബ്മറീൻ യുദ്ധവിമാനങ്ങൾ ഡ്രില്ലുകൾ നടത്തുന്നു’ എന്നാണു കഴിഞ്ഞദിവസം ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. ചൈനീസ് എ‌എസ്‌ഡബ്ല്യു ശേഷികളെക്കുറിച്ചുള്ള അപൂർവ റിപ്പോർട്ട് എന്നും ലേഖനത്തെ വിശേഷിപ്പിച്ചിരുന്നു.

china-navy

പി‌എൽ‌എ വൈ-8 ആന്റി സബ്മറീന്റെ ചിത്രവും വാർത്തയ്ക്കൊപ്പം പ്രസിദ്ധീകരിച്ചു. തയ്‍വാനിലുള്ള ചൈനയുടെ മോഹങ്ങളുടെ കൂടി തെളിവാണ് ഈ സൈനികാഭ്യാസവും വിശദമായ വാർത്തയും. തയ്‌വാന്‍ കടലിടുക്കിന്റെ മറുഭാഗത്തുനിന്നു പ്രകോപനം കൂടുന്നതിനാൽ സൈനിക സന്നാഹങ്ങള്‍ ആധുനികവല്‍ക്കരിക്കാനും ശക്തിപ്പെടുത്താനും തീരുമാനിച്ചതായി ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞിരുന്നു.

ചൈനയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന വാഗ്ദാനത്തോടെയാണു സായ് വീണ്ടും അധികാരത്തിലെത്തിയത്. ഇന്തോ-പസിഫിക്ക് മേഖലയില്‍ ജനാധിപത്യവും സമാധാനവും കടുത്ത വെല്ലുവിളി നേരിടുകയാണെന്നും സമാന മനസ്‌കരുമായി കൈകോര്‍ക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കുന്നു. യുഎസും തയ്‌വാനും കൈകോര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണു ചൈനയുടെ നിലപാട്. ദ്വീപില്‍ അമേരിക്കയുടെ സാന്നിധ്യം വര്‍ധിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നു. യുഎസിന്റെ സൈനിക, ധാർമിക പിന്തുണയാൽ ചൈനയ്ക്കെതിരായ അതിജീവന പോരാട്ടത്തിനു വീര്യമേറ്റുകയാണ് തയ്‍വാൻ.

English Summary: Taiwan's planned submarine fleet could forestall a potential Chinese invasion for decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com