ADVERTISEMENT

വാഗമൺ∙ നിശാപാര്‍ട്ടി നടന്നിടത്തുനിന്ന് വൻ ലഹരിമരുന്നു ശേഖരം പിടികൂടിയ സംഭവത്തിൽ സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അധ്യക്ഷനുമായ ഷാജി കുറ്റിക്കാടിനെതിരെ നടപടിയെടുക്കുമെന്നു സിപിഐ. റിസോർട്ടുടമയും സിപിഐ നേതാവുമായ ഷാജി കുറ്റിക്കാടിന്റെ വാഗമണ്ണിലെ ക്ലീഫ് ഇൻ റിസോർട്ടിൽ മുൻപും പല തവണ നിശാ പാർട്ടി നടന്നിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. നക്ഷത്ര ആമകളെ കൈവശം വച്ച കേസിലും മ്ലാവിറച്ചി റിസോർട്ടിൽ വിളമ്പിയ കേസിലും ഇയാൾ ആരോപണവിധേയനാണെന്ന് ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു.

സംഭവത്തിൽ ഒരു യുവതിയടക്കം ഒന്‍പതു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ സംസ്ഥാനത്ത് പലയിടത്തും ലഹരിമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചെന്നും സൂചനയുണ്ട്. അറുപതുപേരെയാണ് ഇന്നലെ പിടികൂടിയത്. വാഗമൺ ലഹരി പാർട്ടി കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ്  ജില്ലാ നേതൃത്വം ആരോപിച്ചു. ജില്ലയിലെ ഇടതുനേതാക്കളുടെ നിർദേശപ്രകാരം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. 

ജന്മദിന പാർട്ടിക്കായി ഓൺലൈൻ വഴിയാണ് റിസോർട്ട് ബുക്ക് ചെയ്തതെന്നു ഉടമ ഷാജി കുറ്റിക്കാട് വ്യക്തമാക്കി. പരിധിയിൽ കവിഞ്ഞ് ആളുകൾ എത്തിയത് ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും ഷാജി പറയുന്നു. വലിയ അളവിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയെന്ന ആദ്യ വിവരത്തിന് വിരുദ്ധമായി അളവ് കുറച്ച് കാണിച്ച് കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നു കോൺഗ്രസ് ആരോപിച്ചു. 

ഇന്നലെ വൈകിട്ടു തുടങ്ങിയ നിശാപാർട്ടിയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്. എൽഎസ്ഡി സ്റ്റാംപ്, ഹെറോയിൻ, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ആയിരുന്നു റെയ്ഡ് എന്നു പൊലീസ് അറിയിച്ചു. ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയ സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.

English Summary: Rave party busted Vagamon, CPI Leader expelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com