ADVERTISEMENT

കോട്ടയം∙ റാന്നി സ്വദേശികളായ 2 യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ അഭയക്കേസിന്റെ അന്വേഷണം. ചില തെറ്റിദ്ധാരണകളുടെ പേരില്‍ ഉള്‍പ്പെട്ടുപോയതാണ് പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ടുപേര്‍. ഇവർ തിരുവല്ലയിൽ ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു. ഇവരിലൊരാൾ നാടുവിട്ടു. മറ്റേയാൾക്കു കേസുമായി ബന്ധമില്ലെന്നുകണ്ട് വിട്ടയച്ചു. നാടുവിട്ടയാൾക്കു എന്തു സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. രണ്ടാമത്തെയാൾ റാന്നിയില്‍ വ്യാപാരവുമായി ഒതുങ്ങി കൂടുകയാണ്. 

ആ രണ്ടുപേരും നിരപരാധികളായിരുന്നുവെന്ന് സിബിഐ മുൻ ഡിവൈഎസ്പി വർഗീസ് പി. തോമസ് പറഞ്ഞു. സിബിഐ ചോദ്യം ചെയ്യലിനായി അവരെ വിളിച്ചുമില്ല. എന്റെ അന്വേഷണം സത്യസന്ധമായിരുന്നു‍വെന്നു തെളിഞ്ഞു. കേസിൽ സത്യം ജയിക്കാൻ വേണ്ടി താൻ കൊടുത്തത് വലിയ വിലയായിരുന്നുവെന്നു വർഗീസ് പി. തോമസ് പറയുന്നു. അഭയയുടെ മരണം കൊലപാതകമെന്ന് ആദ്യം റിപ്പോർട്ട് നൽകിയതു വർഗീസ് പി. തോമസായിരുന്നു.

‘സത്യത്തിനു വേണ്ടി നിലകൊണ്ടതിനു കൊടുത്ത വിലയാണ് എന്റെ സ്വയംവിരമിക്കൽ. 10 വർഷം സർവീസ് ‍ബാക്കിയുള്ളപ്പോഴാണു വിരമിച്ചത്. ഒപ്പമുണ്ടായിരുന്നവർ ഡിഐജി വരെയായി. മേലുദ്യോഗസ്ഥൻ പറയുന്ന തെറ്റായ കാര്യം അനുസരിക്കാൻ മനസ്സുണ്ടായിരുന്നില്ല. എന്നെ സ്വാധീനിക്കാൻ പലരും ശ്രമിച്ചിരുന്നു. ഞാനതിനു വഴങ്ങിയില്ല,' - അദ്ദേഹം പറയുന്നു. 

അഭയയുടെ മരണത്തെപ്പറ്റി ശ്രീധരൻ എന്നയാൾ പുറത്തുവിട്ട വിവരങ്ങൾ കേസിന്റെ പലഘട്ടങ്ങളിലായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊലപ്പെടുത്തിയയാളെ തനിക്കറിയാമെന്നു പറഞ്ഞ ശ്രീധരനെ സിബിഐ ചോദ്യം ചെയ്തെങ്കിലും പറയുന്നതിൽ കാര്യമില്ലെന്നു കണ്ട് വിട്ടയച്ചു. അന്വേഷണത്തിനിടെ സിബിഐ സംഘത്തിനും കോടതിക്കും വരെ പലയിടങ്ങളിൽ നിന്ന് ഊമക്കത്തുകൾ ലഭിച്ചു.

സംഭവത്തിനു പിന്നിൽ ‘അടയ്‌ക്കാ രാജു’ എന്ന മോഷ്‌ടാവാകാമെന്ന് അഭിപ്രായപ്പെട്ടത് വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. പയസ് ടെൻത് കോൺവന്റിലെ മോഷണക്കേസിൽ അറസ്റ്റിലായ രാജു തനിക്കു വിലപ്പെട്ട വിവരങ്ങൾ നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

English Summary: Former CBI officer welcomes court verdict on Sr Abhaya murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com