ADVERTISEMENT

തിരുവനന്തപുരം ∙ 28 വർഷത്തെ അന്വേഷണങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം അഭയക്കേസിലെ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് സിബിഐ പ്രത്യേക കോടതി ഇന്ന് വിധിച്ചത്. കേരള പൊലീസ് അന്വേഷിച്ച് അട്ടിമറിച്ച കേസിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കിയത് സിബിഐ ആണെന്ന് നിസംശയം പറയാം. കോടതിയുടെ പ്രത്യേക ഇടപെടലുകളും ഇതിനൊപ്പം ചേർത്ത് വായിക്കണം. വിധി വന്ന ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

കെ. കരുണാകരന്റെ പത്താം ചരമവാർഷിക ദിനമാണ് ഇന്ന്. വിവാദമായ അഭയ കേസ് സിബിഐക്ക് കൈമാറിയത് കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ്. 1993 മാർച്ച് 28നാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ നേരിൽ കണ്ട് കേസ് സിബിഐക്കു കൈമാറണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സത്യം പുറത്തുവരണമെന്ന തീരുമാനത്തിൽ കരുണാകരൻ കേസ് സിബിഐക്കു കൈമാറി. പക്ഷേ അദ്ദേഹത്തിന്റെ പത്താം ചരമവാർഷിക ദിനത്തിലാണ് അട്ടിമറിക്കപ്പെട്ടും ഇഴഞ്ഞുനീങ്ങിയതുമായ കേസിൽ ഒടുവിൽ വിധി വന്നത്.

കൊലപാതകത്തിനും അതിക്രമിച്ചു കടക്കലിനുമായി ഇരട്ട ജീവപര്യന്തവും ആറു ലക്ഷം രൂപയുമാണ് ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് വിധിച്ചിരിക്കുന്നത്. മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപയുമാണ് ശിക്ഷ. തെളിവു നശിപ്പിക്കലിന് ഇരുവർക്കും ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവു ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവ് അനുഭവിക്കണം.

ഇരുപ്രതികളും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്നു ജഡ്ജി കെ.സനിൽകുമാർ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം ലക്ഷ്യമിട്ട് ഫാ. കോട്ടൂർ കോൺവന്റിൽ അതിക്രമിച്ചു കടന്നെന്നു വ്യക്തമായതായും ചൂണ്ടിക്കാട്ടി. 28 വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പുറത്തുവരുന്നത്.

 English Summary : Importance of the day of Abhaya case verdict relating K Karunakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com