ADVERTISEMENT

‘ഞാൻ വരും, വീണ്ടും ഈ മണ്ണിൽ തെ‍ാട്ടുവന്ദിക്കുവാൻ’ എന്ന് കുറിച്ചു മടങ്ങിയ സുഗതകുമാരി ടീച്ചർക്ക് പക്ഷേ, വീണ്ടും സൈലന്റ് വാലിയിൽ എത്താനായില്ല. ഒന്നുകൂടി സൈലന്റ് വാലിയിൽ എത്തണമെന്നു പലരേ‍ാടും അവർ ആഗ്രഹം പറഞ്ഞെങ്കിലും ഒരേ‍ാ കാര്യത്തിലിടപെട്ടും ആരേ‍ാഗ്യം അനുവദിക്കാതെയും അതു നീണ്ടുപേ‍ായി. വാലിയുടെ 25–ാം വാർഷികത്തിന് 2009 നവംബർ 23 ലാണ് ഒടുവിൽ അവർ ഈ നിത്യഹരിതവനത്തിലെത്തിയത്. സൈരന്ധ്രിയിലെ കന്യാവനത്തിൽ അന്തിയുറങ്ങി. മറ്റു പ്രധാന സ്ഥലങ്ങളും സന്ദർശിച്ചു. കാട്ടിൽ ധാന്യത്തിലെന്നവണ്ണം നിന്നു. മടങ്ങുമ്പേ‍ാ‍ൾ, ഇനിയും വരാനുള്ള തന്റെ മേ‍ാഹമറിയിച്ച് അവർ സന്ദർശക ഡയറിയിൽ കുറിച്ചു. സൈലന്റ് വാലിയിൽ എന്ന കവിതയിലെ ചിലവരികളും ഏഴുതി. ഈശ്വരൻ രക്ഷിക്കട്ടെ എന്ന പ്രാർഥനയും കുറിച്ചു.

വീണ്ടും സൈലന്റ് വാലിയിൽ

‘ആടിക്കറുപ്പാർന്ന കന്യ,യീക്കാടിനെ
ആരും തെ‍ാടില്ലെന്നു കാക്കാൻ
അരുത്, പേടിക്കേണ്ട, ‍ഞാനിവിടെയുണ്ടെന്നു
ചുറ്റിലും കൺകൾ പായിച്ചും
കവരങ്ങൾ പിരിയുന്ന കെ‍ാമ്പുകളുയർത്തിയും
തലപെ‍ാക്കി ഗന്ധം പിടിച്ചും
കലമാനിനെപേ‍ാലെ കാത്തുനിൽക്കുന്നിതാ
മലനാടിതിൻ മനസാക്ഷി’

(സന്ദർശക ഡയറിയിൽ കുറിച്ചത്)

എന്നെ മാറ്റിമറിച്ച മുഹൂർത്തമാണ് സൈലന്റ് വാലിയെന്ന് ടീച്ചർ ഏപ്പേ‍ാഴും പറയാറുണ്ട്. പശ്ചിമഘട്ടത്തിലെ നിശബ്ദതാഴ് വര നിലനിൽക്കേണ്ടത് മനുഷ്യന്റെ നിലനിൽപ്പിന്റെ ആവശ്യമാണെന്ന് ആവർത്തിച്ച് ബേ‍ാധിപ്പിച്ചും താഴ്മയേ‍ാടെ അതിനായി കേണപേക്ഷിച്ചും, പലപ്പേ‍ാഴും തൊണ്ടയിടറി പറഞ്ഞുമായിരുന്നു കവിയത്രി സുഗതകുമാരി സംരക്ഷണസമരത്തിൽ പങ്കാളിയായത്.

പ്രദേശം കുറെ പക്ഷികളുടെയും സിംഹവാലൻ കുരങ്ങുകളുടെയും പൂക്കളുടെയും മരങ്ങളുടെയും കൂട്ടം മാത്രമല്ലെന്ന് പ്രഖ്യാപിച്ച് ടീച്ചർ പരിസ്ഥിതി പ്രവർത്തകർക്കെ‍ാപ്പം അണിനിരന്നു. ഭരണാധികാരികളെയും സംശയദൃഷ്ടിയേ‍ാടെ നേ‍ാക്കുന്നവരെയും പിന്നീട് തങ്ങൾക്കെ‍ാപ്പം എത്തിക്കുന്നതിലും അവർ പങ്കാളിയായി. വർഷം മുഴുവൻ എന്നപേ‍ാലെ മഴപെയ്തുകെ‍ാണ്ടിരിക്കുന്ന ഈ ഇടം ലക്ഷകണക്കിന് ആളുകൾക്ക് കുടിവെള്ളം നൽകുന്നു. ദാഹനീർ തരുന്ന കൈകൾ വെട്ടരുത്.അവിടെ വൈദ്യുതിപദ്ധതിയും ഡാമും ഉയർത്തി പിന്നീട് ഉരുൾപെ‍ാട്ടലിനും കുന്നിടിച്ചിലിനും വഴിയെ‍ാരുക്കരുതെന്നും ‍ഡേ‍ാ. എം.കെ.പ്രസാദ്, ഡേ‍ാ. സതീഷ്ചന്ദ്രൻ തുടങ്ങിയ പ്രമുഖപരിസ്ഥിതി ഗവേഷകർക്കും നൂറുക്കണക്കിന് ഹരിതപ്രവർത്തകർക്കുമെ‍ാപ്പം സുഗതമകുമാരിയും അഭ്യർഥിച്ചു. അതിനായി ഏതറ്റവും വരെ പേ‍ാകാനും തയാറായി. സൈലന്റ് വാലിസമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതേ‍ാടെ കൂടുതൽ പേർ സമരത്തിൽ പങ്കാളിയായി.

sugathakumari-silent-valley-02
സുഗതകുമാരി സൈലന്റ് വാലിയിൽ

ആദ്യഘട്ടത്തിലെ‍ാന്നും സ്ഥലത്ത് എത്താതെയായിരുന്നു സമരത്തിന് സഹകരണം. പിന്നീട് മുന്നേറ്റത്തിൽ നേരിട്ടു പങ്കാളിയായി. വിദ്യാർഥികളും കുട്ടികളുമെ‍ാത്തും പ്രദേശത്തിനായി അപേക്ഷിച്ചു. ആ കാട് എന്നെ അങ്ങേ‍ാട്ട് വലിച്ചിഴച്ചുവന്നായിരുന്നു ടീച്ചർ പറഞ്ഞത്. തുടർന്ന് അവസാനം വരെ നടപടികളിൽ സജീവമായി. പ്രമുഖ കവിയുംസഹിത്യത്തിൽ പരിസ്ഥിതിദർശനം വളർത്തുന്നതിൽ മുൻകൈഎടുക്കുകയും ചെയ്ത എൻ.വി.കൃഷ്ണവാരിയരുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രകൃതിസംരക്ഷണസമിതിയും രൂപീകരിച്ചായിരുന്നു നീക്കങ്ങൾ. അയ്യപ്പണിക്കർ, വിഷ്ണുനാരായണൻ നമ്പൂതിരി, കടമ്മനിട്ട, ഒഎൻവി എന്നിവരെല്ലാം കൂടെ നിന്നു. കേരളത്തിൽ കവിയരങ്ങൾപേ‍ാലും പച്ചപുതച്ചാണ് പിന്നീട് നടന്നത്. സൈലന്റ് വാലി, കാടെവിടെ മക്കളെ, ഭൂമിക്കെ‍ാരുചരമഗീതം വരെയെത്തി സൈലന്റ് വാലി പച്ചയുടെ കാവ്യ സ്വാധീനമെന്ന് പ്രമുഖപരിസ്ഥിതി പ്രവർത്തകൻ ‍ഡേ‍ാ. പി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. ‘

ആ കെ‍ാച്ചുമഴക്കാട് എന്ന സ്വാധീനിച്ചു. ആദ്യമായി പ്രേമത്തിൽപ്പെട്ട മാനസികസ്ഥിതിയിലായി ഞാൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാടുതെളിയിച്ച് കെട്ടിടങ്ങളും ഡാമുകളുമെ‍ാക്കെ അവിടെ നിർമിച്ചാൽ ഭാവിയിലുണ്ടാകുന്ന ദുരന്തമേ‍ാർത്ത് ഞെട്ടലുണ്ടായി. 7 വർഷത്തെ കഠിനപ്രയത്നമായിരുന്നു അത്. മാധ്യമങ്ങൾ അടക്കം പിന്നെ തുണക്കേണ്ടവരാരും ആദ്യമെ‍ാന്നും സഹായിച്ചില്ല’.

sugathakumari-silent-valley-01
സുഗതകുമാരി സൈലന്റ് വാലിയിൽ

‘നഗരത്തിന്റെ വിശപ്പ് കാടിനെ ഗ്രസിക്കുമേ‍ാ എന്ന് ഭീതിയുണ്ട്. ഇന്ന് സുരക്ഷിതമാണ്. നാളെയേ‍ാ. എങ്കിലും ആരേ‍ാ അതിനെ കാത്തുനിൽക്കുന്നുണ്ട് എന്ന് ഞങ്ങൾ അറിയുന്നു. മലനാടിൻ മനസാക്ഷിയാണതെന്നു അറിയാം’ –ഒടുവിലും സൈലന്റ് വാലിയെക്കുറിച്ച് ആശങ്കയും പ്രതീക്ഷയും പങ്കുവച്ചാണ് അവർ യാത്രയായത്. തോൽക്കുന്നവരുടെ യുദ്ധത്തിൽ പങ്കാളികളാകാൻ മലയാളത്തിലെ എഴുത്തുകാർക്ക് ടീച്ചർ കത്തെഴുതിയപ്പോൾ ആദ്യം പ്രതികരിച്ചത് സാഹിത്യനഭസിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറായിരുന്നു. ഒരു പടയാളിയായി താനും ചേരുന്നുവെന്ന കത്തിന്റെ കൂടെ 200 രൂപയും അദ്ദേഹം അയച്ചു. തുടർന്ന് എസ്.കെ. പൊറ്റെക്കാട്, വൈലോപ്പിളളി, നർത്തകി മൃണാളിനി സാരാഭായ്, പി.ബി. ശ്രീനിവാസൻ, പേരുകൾ തീരീല്ലെന്നു.

ടീച്ചർ പറയാറുണ്ട്. ‘അടിയന്തരാവസ്‌ഥ എത്ര മോശമായാലും സൈലന്റ് വാലിയെ രക്ഷിച്ചതു ഇന്ദിരാഗാന്ധിയുടെ നിശ്‌ചയദാർഢ്യമാണ്. ഇടതും വലതും കാടിനെ രക്ഷിക്കുന്നതിനു എതിരായിരുന്നു. ഇന്ദിര അധികാരത്തിൽ തിരിച്ചുവന്നപ്പോഴാണു സൈലന്റ് വാലിയെ രക്ഷിക്കാൻ തീരുമാനിച്ചത്. നെഹ്‌റുവിന്റെ മകൾക്കു ഇതേക്കുറിച്ചു അല്ലൽ തോന്നിയിരിക്കാം’– എന്നായിരുന്നു കവയിത്രിയുടെ അഭിപ്രായം.

വന സംരക്ഷണനിയമത്തിന് വഴിതെളിയിച്ചത് ഒരു പരിധിവരെ സൈലന്റ് വാലി പ്രക്ഷേ‍ാഭമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. ആ സമരത്തിനുശേഷം സംസ്ഥാനത്ത് എവിടെയങ്കിലും ഒരു മരം മുറിച്ചാൽ ഉടൻ ആളുകൾ സുഗതകുമാരിയെ വിളിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ...

Content Highlight: Sugathakumari's Silent Valley visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com