കാഞ്ഞങ്ങാട്ടെ കൊലപാതകം: പരുക്കേറ്റയാളുടെ മൊഴി നിർണായകം, അന്വേഷണം തുടരുന്നു

SHARE

കാസർകോട്∙ കാഞ്ഞങ്ങാട് മുണ്ടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നത് രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജില്ലാ പൊലീസ് മേധാവി. കല്ലൂരാവി സ്വദേശി അബ്ദുൽ റഹ്മാൻ എന്ന ഔഫാണ് കൊല്ലപ്പെട്ടത്. ഔഫിന്റെ കൂടെയുണ്ടായിരുന്ന ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് ഉൾപ്പെടെ മൂന്നുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഒരു യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം. പരുക്കേറ്റയാളിൽനിന്ന് കൂടുതൽ മൊഴിയെടുത്ത ശേഷം നടപടിയുണ്ടാകും. കൊലപാതകത്തെ അപലപിച്ച് സിപിഎം രംഗത്തുവന്നു. ലീഗ് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതായും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ, കാഞ്ഞങ്ങാട് കൊലപാതകവുമായി ലീഗിന് ബന്ധമില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കി. സംഭവം നിർഭാഗ്യകരമാണ്. നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു.

ഇന്നലെ രാത്രി പത്തേകാലോടെയാണ് അബ്ദുൽ റഹ്മാനെ മൂന്നംഗസംഘം കുത്തി വീഴ്ത്തിയത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എപി സുന്നി വിഭാഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്. കാഞ്ഞങ്ങാട് നഗരസഭയിലെ വാർഡ് 35 ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്ന് എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. തുടർന്നു നടന്ന എല്‍ഡിഎഫ് ആഹ്ലാദ പ്രകടനത്തിലും ഔഫ് പങ്കെടുത്തു. ഇതെല്ലാം പ്രകോപന കാരണമായെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷുഹൈബ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. 

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് ഔഫിനെ ആശുപത്രിയിൽ എത്തിച്ച നാട്ടുകാരൻ റിയാസ് പറഞ്ഞു. കേസിൽ പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇർഷാദ് സംഘർഷത്തിൽ പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മുണ്ടത്തോട് സ്വദേശികളായ മറ്റു രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 

English Summary: Kanhangad DYFI leader murder updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA