ADVERTISEMENT

ബെംഗളൂരു∙ കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരാനുള്ള സാധ്യത കണക്കിലെടുത്താണു രാത്രി കര്‍ഫ്യൂ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെ രാത്രി 11 മുതല്‍ വെളുപ്പിന് 5 വരെയാണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ രാത്രി കര്‍ഫ്യൂവിന്റെ ആവശ്യമില്ലെന്ന പൊതു വികാരം കണക്കിലെടുത്താണു തീരുമാനം പുനഃപരിശോധിക്കുന്നതെന്നു മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പറഞ്ഞു. മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ജനം സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാത്രി കര്‍ഫ്യൂ തീരുമാനം വന്നതോടെ ബെംഗളൂരു നഗരത്തെ ‘കളറാക്കുന്ന’ പുതുവത്സര ആഘോഷങ്ങള്‍ ഇത്തവണ ഉണ്ടായേക്കില്ലെന്ന സൂചനകള്‍ വന്നിരുന്നു. രാത്രി ആഘോഷങ്ങള്‍ക്ക് തടയിടാനാണ് കര്‍ഫ്യൂ കൊണ്ടുവരുന്നതെന്ന്് ആരോഗ്യമന്ത്രി പറയുകയും ചെയ്തു. പുതുവത്സര രാത്രിയെ ഉന്മാദത്തിലാക്കുന്ന നിശാ പാര്‍ട്ടികളും മറ്റും ഇത്തവണ ഉണ്ടാകുമോ എന്നു പക്ഷേ വ്യക്തത വന്നിട്ടില്ല.

കോവിഡ് മഹാമാരിയുടെയും ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തില്‍ ബുധനാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ രാത്രികര്‍ഫ്യൂ കൊണ്ടുവരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ കനത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിച്ചത്. സംസ്ഥാനത്തെ മറ്റു പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഇതെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ ആരോപിച്ചിരുന്നു. രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിലൂടെ കൊറോണ വൈറസിനെ എങ്ങനെ പിടിച്ചുകെട്ടാനാകുമെന്നാണ് നിങ്ങള്‍ പറയുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

ബിജെപി നേതാക്കളും കര്‍ഫ്യൂവിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളി ആരോഗ്യമന്ത്രി സുധാകര്‍ രംഗത്തെത്തുകയും ചെയ്തു. രാത്രികാലങ്ങളില്‍ പബ്ബിലും ബാറുകളിലും ചെറുപ്പക്കാരുടെ സാന്നിധ്യം കൂടിയതാണ് ഇംഗ്ലണ്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അത് തടയിടാനാണ് ആ സമയത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതെന്നും പറഞ്ഞു.

ഇക്കാര്യത്തിൽ സാങ്കേതിക ഉപദേശകസമിതിയാണ് നിർദേശം നൽകിയത്. അവർ പറഞ്ഞത് രാത്രി 8 മുതൽ കർഫ്യൂ വേണമെന്നാണ്. അതു നീട്ടിയാണ് സർക്കാർ 11 മണി മുതലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കര്‍ഫ്യൂ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് വാദത്തെ എന്ത് അത്യാവശ്യ സാമ്പത്തിക ഇടപാടാണ് രാത്രിയില്‍ നടക്കുന്നതെന്ന് മറുചോദ്യം കൊണ്ട് അദ്ദേഹം തടുക്കുകയും ചെയ്തു.

English Summary: Karnataka Withdraws Night Curfew Day After Announcing it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com