ADVERTISEMENT

കോട്ടയം ∙ ചലച്ചിത്രതാരം അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചതിനു പിന്നാലെ മൂകമായി മലയാള സിനിമാലോകം. സിനിമ ചിത്രീകരണത്തിന്റെ ഇടവേളയിൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ശനിയാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളത്തിൽ വീണ് എട്ടു മിനിറ്റിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും അനിലിനെ മരണം കവർന്നിരുന്നു. തൊടുപുഴയിൽ ജോജു ജോർജ് നായകനായ സിനിമ ‘പീസി’ന്‍റെ  ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ.സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു.

ഭാഗ്യ ലൊക്കേഷനെന്ന് പേരുകേട്ട തൊടുപുഴയിൽ സിനിമാതാരത്തിന്റെ ദാരുണ മരണം നാടിനും വലിയ ഞെട്ടലായി. സെറ്റിൽ പൂർണ സന്തോഷവാനായി നിറഞ്ഞുനിന്ന അനിൽ ഇനി ഇല്ല എന്ന നടുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഈ സിനിമയുടെ സഹസംവിധായകൻ വിനയൻ പറയുന്നതിങ്ങനെ: 

‘അനിലേട്ടന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിേലക്ക് കൊണ്ടുപോകും. 20 ദിവസത്തിലേറെയായി അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ട്. ഇടയ്ക്ക് രണ്ടു ദിവസം അനുരാധ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു. കഴിഞ്ഞ രണ്ടുദിവസം അദ്ദേഹത്തിന് ഷൂട്ട് ഇല്ലായിരുന്നു. മുറിയിലായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്.

സിനിമയിൽനിന്നുള്ള സുഹൃത്തുക്കൾ ആയിരുന്നില്ല ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച അനിലേട്ടനു ഷൂട്ട് ഉണ്ടായിരുന്നു. ഏകദേശം 70 ശതമാനത്തോളം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അനിലേട്ടന് നാലു ദിവസം കൂടിയേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മുഴുനീള കഥാപാത്രമായിരുന്നു. എസ്ഐ ഡിക്സൺ എന്ന കരുത്തുറ്റ പൊലീസ് വേഷം..’– വിനയൻ പറഞ്ഞുനിർത്തി.

English Summary : Actor Anil Nedumangadu drowns in Malankara dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com