ADVERTISEMENT

കാബുള്‍ ∙ അഫ്ഗാനിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്ന സ്ത്രീ അടക്കം പത്തംഗ ചൈനീസ് സംഘം പിടിയിൽ. കാബുളില്‍ ഭീകരസെല്‍ ആയി പ്രവര്‍ത്തിച്ചിരുന്ന പത്തു ചൈനീസ് പൗരന്മാരെയാണു പിടികൂടിയതെന്നും ചൈന മാപ്പ് പറയണമെന്നും അഫ്ഗാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ അഷ്‌റഫ് ഗാനി സര്‍ക്കാരിനുമേല്‍ ചൈന സമ്മര്‍ദം ചെലുത്തുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. 

ചൈനീസ് ചാരസംഘടനയുമായി ബന്ധമുള്ള പത്തു പേരെയാണ് അഫ്ഗാന്‍ നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) അറസ്റ്റ് ചെയ്തത്. ഡിസംബര്‍ പത്തു മുതലാണ് ചൈനീസ് ചാരന്മാര്‍ക്കെതിരായ നീക്കം ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ ലീ യാങ്യാങ് ജൂലൈ മുതല്‍ ചൈനീസ് ചാരസംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ്. കാബുളിന്റെ പ്രാന്തപ്രദേശത്തെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

കാബുളിലെ ഷിര്‍പുരില്‍ റസ്‌റ്ററന്റ് നടത്തിയിരുന്ന ഷാ ഹുങ് എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തു. ഇവരുടെ താമസസ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. വൈസ് പ്രസിഡന്റും അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്‍ മേധാവിയുമായ അമറുള്ള സലേഹിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കാബുളിലെ ചൈനീസ് പ്രതിനിധി വാങ് യുവുമായി അമറുള്ള കൂടിക്കാഴ്ച നടത്തി. ചൈന ഖേദപ്രകടനം നടത്തിയാല്‍ ചാരന്മാര്‍ക്കു മാപ്പു നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ പറഞ്ഞു.  

ഏറെ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ചൈനീസ് പൗരന്മാരെ അഫ്ഗാനില്‍ ചാരപ്രവര്‍ത്തനത്തിനു പിടികൂടുന്നത്. ഇവര്‍ക്കു താലിബാന്‍ ബന്ധമുള്ള ഹഖാനി ഗ്രൂപ്പുമായി അടുപ്പമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അമേരിക്ക അഫ്ഗാനില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചതിനു പിന്നാലെ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണു ചൈന.

English Summary: Apologise, Afghanistan tells China after busting its espionage cell in Kabul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com