ADVERTISEMENT

ന്യൂഡല്‍ഹി∙ കോവിഡ് വാക്‌സീന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ മോക് ഡ്രില്‍ നടത്തും. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ നാല് സംസ്ഥാനങ്ങളിലും രണ്ടു ജില്ലകളില്‍ വീതം അഞ്ച് സെഷനുകളിലായാണു ഡ്രൈ റണ്‍ നടപ്പാക്കുക. 

വാക്‌സീന്‍ വിതരണത്തിനുള്ള മാര്‍ഗരേഖകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്‌സീന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍, ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയുടെ കൃത്യത ഡ്രൈ റണ്ണില്‍ പരിശോധിക്കും. യഥാര്‍ഥ വാക്‌സീന്‍ കുത്തിവയ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണില്‍ ഉണ്ടാകും. ബ്ലോക്ക്, ജില്ലാ തലത്തിലുള്ള ഒരുക്കങ്ങള്‍ മോക് ഡ്രില്ലില്‍ വിലയിരുത്തപ്പെടും. 

കേന്ദ്ര ആരോഗ്യമന്ത്രാലയം വാക്‌സീന്‍ വിതരണത്തിനായി പിന്തുടരേണ്ട വിശദമായ നടപടി ക്രമങ്ങള്‍ തയാറാക്കി നാല് സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ വാക്‌സീന്‍ കുത്തിവയ്ക്കും എന്നാണ് ആരോഗ്യമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്ടര്‍ക്കു പുറമേ നഴ്‌സ്, ഫാര്‍മസിസ്റ്റ്, പൊലീസ്, ഗാര്‍ഡ് എന്നിവരും ഉണ്ടാകും. പ്രതിദിനം ഇരുന്നൂറ് പേര്‍ക്ക് വരെയാകും ഓരോ കേന്ദ്രത്തിലും വാക്‌സീന്‍ നല്‍കുക. കുത്തിവച്ചവരെ അരമണിക്കൂര്‍ നിരീക്ഷിക്കും. കുത്തിവയ്പിനും നിരീക്ഷണത്തിനും പ്രത്യേകം മുറികള്‍ സജ്ജീകരിക്കും. 

ഇരുന്നൂറു പേരെയെങ്കിലും കുത്തിവയ്പ് കേന്ദ്രത്തില്‍ എത്തിച്ചാവും മോക് ഡ്രില്‍ നടത്തുക. കുത്തിവച്ച് അരമണിക്കൂറിനുള്ളില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായാല്‍ അവരെ ആശുപത്രിയിലേക്കു മാറ്റാനുള്ള സംവിധാനവും ഡ്രൈ റണ്ണില്‍ പരിശോധിക്കും.

English Summary: Dry run for Covid-19 immunisation drive in 4 states next week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com