ADVERTISEMENT

തിരുവനന്തപുരം ∙ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിനു പിന്നിലെ കാരണങ്ങൾ പൊലീസ് കണ്ടെത്തിയതായി സൂചന. ജെസ്ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്നത്. ജെസ്ന തമിഴ്നാട്ടിലേക്കാണു പോയതെന്നാണു വിവരം.

മാർച്ച് അവസാനം ജെസ്നയെ സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാൽ അന്വേഷണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. കേസിനെക്കുറിച്ച് ഈ ഘട്ടത്തിൽ ഒന്നും പ്രതികരിക്കാൻ കഴിയില്ലെന്ന് അന്വേഷണ ചുമതലയുള്ള പത്തനംതിട്ട എസ്പി കെ.ജി.സൈമൺ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. കെ.ജി.സൈമൺ ഈ മാസം 31ന് വിരമിക്കും. അതിനു മുൻപ് കേസില്‍ വ്യക്തത ഉണ്ടാകുമെന്നാണ് അറിയുന്നത്.

2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല.

ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ - മൊബൈല്‍ നമ്പരുകൾ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ജെസ്നയ്ക്കായി  പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജെസ്നയല്ലെന്നു പിന്നീട് വ്യക്തമായി. 

ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല. സംഭവദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നു പൊലീസ് പറയുന്നു.

English Summary : Jesna missing case follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com