ADVERTISEMENT

കലിഫോർണിയ∙ മരിച്ച് വർഷങ്ങൾക്കിപ്പുറവും പൊന്നുംവിലയുള്ള താരമാണ് പോപ് സംഗീത ചക്രവർത്തി മൈക്കിൾ ജാക്സൻ. ഇപ്പോഴും 14 കോടിയിലധികം ഡോളറാണ് വർഷം തോറും ജാക്സന്റെ അക്കൗണ്ടിലെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജാക്സന്റെ സമ്പാദ്യങ്ങളും സജീവ ചർച്ചയാണ്. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം കലിഫോര്‍ണിയയിലെ നെവർലാൻഡ് എസ്റ്റേറ്റാണ്. ഇപ്പോഴിതാ ആ സ്വപ്ന സാമ്രാജ്യം ലേലത്തിൽ സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ കോടീശ്വരൻ.

അമേരിക്കയിലെ കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ ആണ് 2700 ഏക്കര്‍ വരുന്ന തോട്ടം 161 കോടി രൂപയ്ക്ക് വാങ്ങിയത്. 12500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 3700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നീന്തല്‍കുളവും അടക്കം ജാക്സന്റെ സ്വപ്നലോകമാണ് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നത്. 15 വർഷത്തോളം അദ്ദേഹം ഇവിടെയാണ് താമസിച്ചത്. അദ്ദേഹത്തിന്റെ പ്രിയ വളർത്തുമൃഗങ്ങളും കുട്ടികൾക്കായുള്ള ഭീമൻ പാർക്കും അടക്കം അത്യാഡംബര സൗകര്യങ്ങൾ നിറഞ്ഞതാണ് നെവർലാൻഡ്.

neverland-residence-jacson

നാലു വര്‍ഷം മുമ്പ് 730 കോടി രൂപയ്ക്ക് വില്‍ക്കാനിരുന്ന എസ്റ്റേറ്റാണ് ഇപ്പോൾ 161 കോടി രൂപയ്ക്ക് വിറ്റുപോയത് എന്നതും ശ്രദ്ധേയം. ഇവിടെ കോടീശ്വരൻമാർക്കായുള്ള ക്ലബ് തുടങ്ങാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ജാക്സന്റെ ആത്മാവ് എസ്റ്റേറ്റിലും ബംഗ്ലാവിലും ഇപ്പോഴും അലഞ്ഞു നടക്കുന്നു എന്ന പ്രചാരണം ശക്തമായിരുന്നു. ഇത് നെവർലാൻഡിന്റെ വിലയെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

ജാക്സന്റെ ബംഗ്ലാവ്

1982 -ലാണ് ബംഗ്ലാവ് നിർമിച്ചത്. കൊളോണിയൽ ശൈലിയുടെ പ്രൗഢി നിറയുന്ന പുറംകാഴ്ചയും അകത്തളങ്ങളും വിശാലമായി പരന്നുകിടക്കുന്ന ഉദ്യാനങ്ങളുമാണ് ബംഗ്ലാവിന്റെ സവിശേഷത. നാലേക്കറിൽ ഒരു കൃത്രിമ തടാകവും ഒരുക്കിയിട്ടുണ്ട്. ആറു കിടപ്പുമുറികളുണ്ട് ബംഗ്ലാവിൽ. സമീപം വിനോദങ്ങൾക്കായി പൂൾ ഹൗസും വേർതിരിച്ചിരിക്കുന്നു. മൂന്ന് അതിഥി മന്ദിരങ്ങൾ പലയിടത്തായി നിർമിച്ചിരിക്കുന്നു. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളും വഴിവിളക്കുകളും ഇവിടെയുണ്ട്.

neverland-residence-view

2005 ൽ 100 മില്യൻ ഡോളറിനാണ് ബംഗ്ലാവ് വിൽപനയ്ക്ക് വച്ചിരുന്നത്. വാങ്ങാൻ ആളില്ലാതായതോടെ പല തവണ വില കുറച്ചിരുന്നു. ഇതിനിടെ 2009 ലായിരുന്നു ജാക്സന്റെ ദുരൂഹ മരണം. അതോടെ ബംഗ്ലാവിനു കൂടുതൽ മാധ്യമശ്രദ്ധ ലഭിച്ചു. വിപണിമൂല്യം ഉയർന്നു. ഇതിനു തടയിടാൻ എന്നോണം മൈക്കിൾ ജാക്സന്റെ 'പ്രേതം' ഇവിടെ ഗതി കിട്ടാതെ അലഞ്ഞുതിരിയുന്നു എന്ന പേരിൽ നിരവധി വ്യാജ വിഡിയോകൾ ബംഗ്ലാവ് വിൽപനയ്ക്ക് വച്ച സമയത്ത് പ്രചരിച്ചിരുന്നു. താൽപര്യം പ്രകടിപ്പിച്ചിരുന്ന പലരും അതിനെത്തുടർന്ന് പിന്മാറി. ഒടുവിൽ 2017ൽ 67 മില്യൻ ഡോളറായി വില വെട്ടിച്ചുരുക്കി. ഇപ്പോൾ 22 മില്യൻ ഡോളറിനാണ് വിൽപന നടന്നത്.

English Summary :Once Asking $100 Million, Michael Jackson’s Neverland Ranch Sells to Billionaire Ron Burkle for $22 Million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com