ADVERTISEMENT

ന്യൂഡല്‍ഹി ∙ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കരാർ കൃഷിയിലേക്കു കർഷകർ പോയാൽ അവരുടെ ഭൂമി തട്ടിയെടുക്കുമെന്നു ചിലർ കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുകയാണ്. പുതിയ മൂന്നു നിയമങ്ങളും കർഷകർക്കു ഗുണപ്രദമല്ലെന്നു പ്രചരിപ്പിച്ചു രാഷ്ട്രീയനേട്ടത്തിനായി കർഷകരെ വഴിതെറ്റിക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പിഎം–കിസാൻ) ഭാഗമായി ഒൻപതു കോടി കര്‍ഷക കുടുംബങ്ങൾക്കു 18,000 കോടി രൂപ അനുവദിച്ചു സംസാരിക്കുകയായിരുന്നു മോദി. 

‘ബംഗാൾ സർക്കാർ മാത്രമാണു പിഎം–കിസാനുമായി സഹകരിക്കാത്തത്. ഇതിൽ എനിക്കു വിഷമമുണ്ട്. ബംഗാളിലെ നിരവധി കർഷകരാണു കേന്ദ്രത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതിയത്. ഇതേ ബംഗാൾ സർക്കാരാണു പഞ്ചാബിൽ പോയി കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നത്. കർഷകർക്കു വേണ്ടിയെന്ന മട്ടിൽ ചിലർ ഇപ്പോൾ വലിയ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. അധികാരത്തിൽ ഇരുന്നപ്പോൾ അവരെന്താണു ചെയ്തത്? പോസിറ്റീവായ മാറ്റം കൊണ്ടുവന്നതു ഞങ്ങളാണ്.’– മോദി പറഞ്ഞു. കേന്ദ്രഫണ്ട് സംസ്ഥാന സർക്കാർ വഴി നൽകണമെന്നാണു ബംഗാളിലെ മമത സർക്കാരിന്റെ നിലപാട്. പണം കേന്ദ്രം നേരിട്ട് ഉപയോക്താക്കൾക്കു നൽകുന്നതിനെ സംസ്ഥാനം അനുകൂലിക്കുന്നില്ല.

കർഷക പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചും കേന്ദ്ര നിയമങ്ങൾക്ക് എതിരായും നിയമസഭാ സമ്മേളനം വിളിക്കാൻ ഒരുങ്ങുന്ന കേരളത്തെയും പ്രധാനമന്ത്രി വിമർശിച്ചു. ‘അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികളും (എപിഎംസി), മൊത്തക്കച്ചവട ചന്തകളും (മണ്ഡി) തകർക്കപ്പെടുമെന്നു പറയുന്ന കേരളവും ബംഗാളും എന്താണ് ചെയ്യുന്നത്? എപിഎംസികളും മണ്ഡ‍ികളും കേരളത്തിലില്ല. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ പ്രതിഷേധമില്ലാത്തത്? പഞ്ചാബിലെ കർഷകരെ വഴിതെറ്റിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. വർഷങ്ങളോളം കേരളം ഭരിച്ചിരുന്നവർ സ്വാർത്ഥ താൽപര്യത്തിനായാണു പഞ്ചാബിലെ കർഷകർക്കൊപ്പം ചേരുന്നത്. സ്വന്തം സംസ്ഥാനത്തു മണ്ഡി സംവിധാനം തുടങ്ങാൻ ഒന്നും ചെയ്യുന്നില്ല.’– മോദി ചൂണ്ടിക്കാട്ടി.

മുൻ സർക്കാരുകളുടെ ഭരണത്തെ തുടർന്നു രാജ്യത്തെ 80 ശതമാനത്തിലധികമുള്ള പാവപ്പെട്ട കർഷകർ പാവങ്ങളായി തുടരുന്നതിനാൽ കാർഷിക പരിഷ്കരണം ആവശ്യമാണ്. കർഷക സമരത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കുകയാണെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രി പ്രഖ്യാപിച്ച പിഎം–കിസാനിലൂടെ കര്‍ഷകരുടെ അക്കൗണ്ടിലേക്കു പണം നേരിട്ട് എത്തിക്കുകയാണു ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ വെള്ളിയാഴ്ച 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. ചെറുകിട കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 6000 രൂപയാണു മൂന്നു തവണയായി പദ്ധതിയുടെ ഭാഗമായി അക്കൗണ്ടിലേക്കു നല്‍കുന്നത്.

English Summary: 'These parties forget there are no APMCs in Kerala': PM Modi slams Opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com