ADVERTISEMENT

തിരുവനന്തപുരം ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലിൽ സന്ദർശിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും വിലക്ക്. കസ്റ്റംസിനെ വിലക്കിക്കൊണ്ടുള്ള ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫെപോസ ബോർഡിനു പരാതി നൽകി. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ജയിൽ വകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസിന്റെ പരാതി. 

കൊഫേപോസ ചുമത്തപ്പെട്ട സ്വർണക്കടത്തുകേസ് പ്രതികൾക്കു സന്ദർശകരെ അനുവദിക്കുന്നതിനു കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്നു ജയിൽ മേധാവി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നു ബുധനാഴ്ച സ്വപ്ന സുരേഷിന്റെ ബന്ധുക്കൾക്കൊപ്പം ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയയ്ക്കുകയും ചെയ്തു. 

കൊഫേപോസ പ്രതികളെ ജയിലിൽ സന്ദർശിക്കണമെങ്കിൽ കസ്റ്റംസിനെ മുൻകൂട്ടി അറിയിച്ച് അവരുടെ സാന്നിധ്യത്തിൽ ആഴ്ചയിൽ ഒരു ദിവസമേ അനുമതി നൽകിയിരുന്നുള്ളു. എന്നാൽ, 1975 ൽ സംസ്ഥാന സർക്കാർ ഇറക്കിയ കൊഫേപോസ അനുബന്ധ നിയമത്തിൽ അന്വേഷണ ഏജൻസികളുടെ അനുമതിയോ സാന്നിധ്യമോ വേണമെന്നു പറയുന്നില്ല. അതിനാൽ ജയിൽ ചട്ടപ്രകാരം കൂടിക്കാഴ്ച അനുവദിക്കാമെന്നാണു ജയിൽവകുപ്പിന്റെ വിശദീകരണം. അത്തരം വ്യവസ്ഥയുണ്ടെങ്കിൽ കസ്റ്റംസ് ‍രേഖ ഹാജരാക്കട്ടെയെന്നായിരുന്നു ജയിൽ വകുപ്പിന്റെ നിലപാട്. ജയിൽ വകുപ്പിന്റെ ഇൗ നീക്കം സ്വർണക്കടത്തുകേസ് അട്ടിമറിക്കാനാണെന്നു കസ്റ്റംസ് പരാതിപ്പെട്ടിരുന്നു.

സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതു മുതൽ ജയിൽ വകുപ്പും കേന്ദ്ര ഏജൻസികളും തമ്മിൽ ഉരസൽ തുടങ്ങിയതാണ്. പ്രതികളെ ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണ ഏജൻസികൾ വിഡിയോ ചിത്രീകരിക്കാനുള്ള സംവിധാനങ്ങൾ കൊണ്ടുവരണമെന്ന ജയിൽ മേധാവിയുടെ ഉത്തരവിനും പിന്നാലെയാണു സന്ദർശനത്തിൽ കസ്റ്റംസിനെ വിലക്കുന്നത്. 

English Summary: Customs complaint against DGP order on denying permission to visit Swapna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com