അച്ഛനൊപ്പം ബൈക്കിൽ വന്ന് മേയറായി ആര്യ; ശേഷം ഔദ്യോഗിക കാറിൽ പൊതുപരിപാടിക്ക്

Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്ത് പുതുചരിത്രം എഴുതി വിദ്യാര്‍ഥി മേയര്‍. രണ്ട് കോണ്‍ഗ്രസ് വിമതരുടേതടക്കം 54 വോട്ട് നേടിയാണ് ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രന്‍ വിജയിച്ചത്. ആരെയും ഭരിക്കലല്ല, ഒന്നിച്ചുകൊണ്ടുപോകലാണ് ലക്ഷ്യമെന്ന് ആര്യ പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോർപറേഷന്റെ തലപ്പത്തെത്തിയ നിമിഷം. ആര്യക്കൊപ്പം കേരളവും ഒരുപക്ഷെ രാജ്യവും ചരിത്രത്തിൽ ഇടംപിടിക്കുകയായിരുന്നു. ഈ നേട്ടത്തിലേക്കുള്ള ആര്യയുടെ യാത്രയും ലളിതമായിരുന്നു.
മുടവന്‍മുഗളിലെ വാടകവീട്ടില്‍ നിന്ന്, അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കുടുസുവഴിയിലൂടെയാണ് മേയറാകാനായി പുറപ്പെട്ടത്. ബിജെപി സിമി ജ്യോതിഷിനെയും യുഡിഎഫ് മേരി പുഷ്പത്തെയും മല്‍സരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ ആര്യക്ക് മുന്നണി വോട്ടിനേക്കാള്‍ രണ്ടെണ്ണം കൂടുതല്‍ ലഭിച്ചു. ബിജെപിക്ക് 35, യുഡിഎഫിന് 9, സിപിഎമ്മിന്റെ ഒരുവോട്ട് അസാധുവായി.
അച്ഛനെയും അമ്മയേയും മുന്‍ഗാമികളെയും ചേര്‍ത്ത് പിടിച്ച് മേയര്‍ കസേരയില്‍. അങ്ങനെ ബൈക്കിലെത്തിയ ആര്യ മേയറുടെ ഔദ്യോഗിക വാഹനത്തിലേറി ആദ്യ പൊതുപരിപാടിക്കു പുറപ്പെട്ടു. മകളുടെ ആത്മവിശ്വാസമാണ് അച്ഛന്റെ ധൈര്യവും സന്തോഷവും.

English Summary : Thiruvananthapuram corporation mayor Arya