ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്തു കേസിൽ റിമാൻഡിലുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ജാമ്യഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വിധിപറയും. ഏറ്റവും അവസാനമായി ശിവശങ്കറിൽനിന്ന് കസ്റ്റംസ് എടുത്ത മൊഴിയുടെ പകർപ്പ് അടുത്ത ദിവസം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.

അതേസമയം തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചു. എന്നാൽ ശിവശങ്കറിന്റെ സ്വർണക്കടത്തിലെ ഇടപെടൽ വ്യക്തമാണെന്നു കസ്റ്റംസ് കോടതിയിൽ വാദിച്ചു.

സ്വപ്നയുമൊത്ത് എം.ശിവശങ്കർ നടത്തിയ വിദേശയാത്രകൾ ചൂണ്ടിക്കാണിച്ചായിരുന്നു കസ്റ്റംസ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ കോടതിയിൽ വാദം ഉയർത്തിയത്. ഏഴു തവണ നടത്തിയ യാത്രകളുടെ ചെലവുകൾ സ്വയം വഹിച്ചതായാണു ശിവശങ്കർ മൊഴി നൽകിയിരിക്കുന്നത്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗൂഢലക്ഷ്യങ്ങൾ പുറത്തു വരാനുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.

2015 മുതൽ ആരോഗ്യപ്രശ്നമുണ്ടെന്നു പറയുന്ന ശിവശങ്കർ പിന്നെ എങ്ങനെയാണ് വിദേശയാത്രകൾ നടത്തിയതെന്നും ചോദിച്ചു. മറ്റു പ്രതികളുടെ രഹസ്യ മൊഴികൾ എന്ന പേരിൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകളിൽ കാര്യമായി എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല എന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Content Highlight: M Sivasankar bail plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com