ഇന്ത്യയെ കുരുക്കി മാലെ പാലമിട്ട് ചൈന; ബദൽ പാലമിട്ട് മോദിയുടെ മറുതന്ത്രം

MALDIVES-CHINA-INFRASTRUCTURE-DIPLOMACY
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈന മാലിദ്വീപ് സൗഹൃദ പാലം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്
SHARE

അറബിക്കടലിൽ 1192 ചെറുദ്വീപുകളുടെ സമൂഹം, വിസ്തൃതിയിലും ജനസംഖ്യയിലും ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം, ഭൂപ്രകൃതിയിൽ കേരളത്തിനോടു കുറെയൊക്കെ സമാനമായ, പല ബോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട ‘ഔട്ടിങ് സ്പോട്’– വിനോദസഞ്ചാരികളുടെ പറുദീസയായ മാലദ്വീപ് അഥവാ റിപ്പബ്ലിക് ഓഫ് മാൽദീവ്സിനെ കുറിച്ചുള്ള വിശേഷണങ്ങൾ അവസാനിക്കുന്നില്ല. സഞ്ചാരികളുടെ ഈ പറുദീസ എങ്ങനെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ നിർണായകമെന്നതും ഇത്രയും ചെറിയ രാജ്യവുമായുളള സൗഹൃദത്തിന് ഇരുരാജ്യങ്ങളും വാശിയോടെ പണമെറിയുന്നതെന്തിനുമുള്ള ചോദ്യത്തിന്റെ മറുപടി അൽപം വിപുലവും.

മഹാസമുദ്രത്തിലെ ‘ചൈനീസ് പാലം’

മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ അവരുടെ രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പ്രൗഢഗംഭീരമായ ഒരു പാലം 2018 ൽ ഉയർന്നു. ‘ചൈന– മാലദ്വീപ് സൗഹൃദ പാല’മെന്നു വിളിപ്പേരുള്ള ഈ പാലത്തിനായി മാലദ്വീപിലേക്ക് ബെയ്ജിങ്ങിൽ നിന്ന് ഒഴുകിയെത്തിയത് 200 ദശലക്ഷം ഡോളർ. ‘മാലദ്വീപ് ജനതയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ച ചൈനയിലെ സർക്കാരിന് അഭിവാദ്യം അർപ്പിക്കുന്നു’  –പാലത്തിന്റെ ഉദ്ഘാടന ദിനം അന്നത്തെ പ്രധാനമന്ത്രിയായ അബ്ദുല്ല യമീൻ പറഞ്ഞതിങ്ങനെ. 

1200-china-maldives-friendship-bridge2
ചൈന– മാലിദ്വീപ് സൗഹൃദ പാലം

തലസ്ഥാനമായ മാലെയും ഹുൽഹുലെ വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പാലം മാലദ്വീപ് മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഗയൂമിന്റെ ആശയമായിരുന്നു. 1978 മുതൽ 2008 വരെ സ്വേച്ഛാധിപതിയെന്ന പോലെ മാലദ്വീപ് അടക്കിവാണ ഗയൂം രാജ്യത്ത് സ്വതന്ത്രമായി നടന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഈ വാഗ്ദാനം മുന്നോട്ടുവച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല യമീനാകട്ടെ ചൈനയുമായി കൈകോർത്ത് പാലം നിർമാണം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. 

വിമാനത്താവളം മാത്രമല്ല തൊട്ടടുത്ത ആൾത്താമസമുള്ള ദ്വീപായ ഹൽഹുമാലെയുമായും മാലെയെ ഈ പാലം ബന്ധിപ്പിക്കുന്നു. ന്യൂയോർക്കിന്റെ സെൻട്രൽ പാർക്കിനേക്കാൾ വിസ്തീർണം കുറഞ്ഞ മാലെയിൽ ഒന്നര ലക്ഷത്തോളം പേരാണ് താമസം. ഈ കണക്കെടുത്താൽ രാജ്യത്തിന്റെ മൂന്നിലൊന്നു വരുന്ന ജനസംഖ്യ തലസ്ഥാനദ്വീപിലാണ് എന്നർഥം. മാലെയിലെ ജനപ്പെരുപ്പം കുറയ്ക്കാനാണ് 1997ൽ ഹുൽഹുമാലെ എന്ന ജനവാസ ദ്വീപിനു രൂപം നൽകിയതും. വൻതോതിൽ ഭൂമി വികസന നടപടികൾ സ്വീകരിച്ചാണ് ഹുൽഹുമാലെ ജലോപരിതലത്തിൽ പരന്നതും.

നിലവിൽ അരലക്ഷത്തോളം പേർ ഹുൽഹുമാലെ ദ്വീപിലുണ്ട്. സ്ഥാപിതമായതു മുതൽ ഹുൽഹുമാലെയിൽ നിന്ന് മാലെയിലേക്ക് എത്താൻ കടത്തുവള്ളം മാത്രമായിരുന്നു ആശ്രയം. നേരിട്ട് 20 മിനിറ്റ് വേണ്ടിടത്ത് മണിക്കൂറുകളോളം സഞ്ചരിച്ചാണ് ഇവിടെയുള്ളവർ മാലെയിൽ എത്തിയത്. പാലം വന്നത് ആശ്വാസമായെങ്കിലും അതിന്റെ സാങ്കേതികത്വത്തിനും ചെലവിനുമെതിരെ അങ്ങിങ്ങ് വിമർശനം ഉയരുന്നുണ്ട്. ദുർബലമായ പവിഴപ്പുറ്റുകളിൽ പാലത്തിനു നിലയുറപ്പിക്കാനാകുമോ എന്നും ടോൾപിരിവിലൂടെ മാത്രം പാലത്തിന്റെ നിർമാണച്ചെലവ് മടക്കി ലഭിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. 

1200-friendship-bridge
ചൈന– മാലിദ്വീപ് സൗഹൃദ പാലം.Image/ Shutterstock

നിക്ഷേപം നൽകി ‘നേടും’ തന്ത്രം

ലോകത്തെ തന്നെ ചെറിയൊരു ദ്വീപുസമൂഹത്തിലേക്ക് ചൈന കാശെറിയുന്നത് വെറും സൗഹൃദത്തിന്റെ പുറത്തല്ല. മാലദ്വീപിലെ വെള്ളമണൽതരികളിലും ഹരിത നീലപൊയ്കകളിലും ഒരുപിടി പദ്ധതികൾ കൂടി സ്വപ്നം കണ്ടിട്ടാണ്. മാലദ്വീപിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി ഇവിടുത്തെ ധാരാളം കമ്പനികളിൽ ചൈന നിക്ഷേപം നടത്തുന്നുമുണ്ട്. 

2017 ൽ മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിട്ട ചൈന ദ്വീപിൽ പുതിയ വിമാനത്താവളം ഉൾപ്പെട 17 വൻകിട പദ്ധതികളാണ് പൂർത്തിയാക്കിയത്. 2018 ലെ ‘സൗഹൃദ’പ്പാലത്തിനു പിന്നാലെ പ്രസിഡന്റ് അബ്ദുല്ല യമീന്റെ കൂടി ആശീർവാദത്തോടെ മാകുനുതു ദ്വീപിൽ ഒരു സമുദ്ര നിരീക്ഷണ താവളം നിർമിക്കാനുള്ള അനുവാദവും ചൈനയ്ക്കു ലഭിച്ചു. ലക്ഷ്വദീപിനു തൊട്ടടുത്തുള്ള മാകുനുതു ദ്വീപിൽ ചൈന താവളമുറപ്പിക്കുന്നത് ഇന്ത്യയെ കൂടി ലക്ഷ്യമിട്ടാണെന്നതും സ്പഷ്ടം.

2018 ൽ തന്നെ യമീൻ സ്ഥാനഭ്രഷ്ടനായെങ്കിലും ദ്വീപിൽ ചൈന നടത്തിയ നിക്ഷേപത്തിന്റെ കടക്കെണിയും മാലദ്വീപിന് ഒപ്പം ഏറ്റുവാങ്ങേണ്ടതായി വന്നു. രാജ്യത്തിന്റെ വരുമാനത്തിൽ 70 ശതമാനത്തിലേറെ ചൈനയ്ക്കുളള വായ്പ മടക്കാൻ വേണ്ട ദുരവസ്ഥ. ചുരുക്കത്തിൽ സൗഹൃദപാലമടക്കം ചൈനയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ മാലദ്വീപിൽ വികസനത്തിനൊപ്പം നിറച്ചതു കുന്നോളം കടം. 

MALDIVES-INDIA-SRI LANKA-CHINA-TRANSPORT-DIPLOMACY
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും

കുമിയുന്ന ‘കട’പ്പാടിൽ പിടിമുറുക്കി ചൈന

ചൈനയിൽ നിന്ന് മാലദ്വീപ് എത്രത്തോളം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്താൻ 2018 ൽ പ്രസിഡന്റായി അധികാരമേറ്റ ഇബ്രാഹിം മുഹമ്മദ് സോലിഹ് വളരെയധികം പണിപ്പെട്ടെന്നാണ് റിപ്പോർട്ട്. മാലദ്വീപിലെ സെൻട്രൽ ബാങ്ക് ഗവർണറുടെ കണക്കു പ്രകാരം 600 ദശലക്ഷം ഡോളറാണ് മാലദ്വീപ് സർക്കാരിനു മാത്രം ചൈനയോട് കടമുള്ളത്. എന്നാൽ ഇതിനു പുറമേ സർക്കാരിന്റെ ഈടിൽ മാലദ്വീപിലെ കമ്പനികൾക്കായി 900 ദശലക്ഷം ഡോളറിന്റെ കൂടി വായ്പ ചൈന നൽകിയിട്ടുണ്ടെന്നാണു കണക്കുകൾ. ഈ വായ്പകൾ മാലദ്വീപ് എങ്ങനെ തിരിച്ചടയ്ക്കുമെന്നതിൽ വലിയ ആശങ്കയുണ്ടെന്നാണ് ഓസ്ട്രേലിയൻ നാഷനൽ സർവകലാശാലയിലെ സീനിയർ റിസർച്ച് ഫെലോയായ ഡേവിഡ് ബ്രൂസ്റ്റർ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞത്. ചൈന പണം മുടക്കിയ പല പദ്ധതികളും മാലദ്വീപിനു സാമ്പത്തികമായി ഗുണം ചെയ്യില്ല എന്നതാണ് ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 

കള്ളപ്പണ ഇടപാടിൽ ഇക്കഴിഞ്ഞ നവംബറിൽ അഞ്ചു വർഷം തടവിനു ശിക്ഷിക്കപ്പെട്ട മുൻ പ്രസിഡന്റ് അബ്ദുല്ല യമീൻ ചൈനയുമായി വലിയ സാമ്പത്തിക കരാറുകളിൽ ഒപ്പിട്ടിട്ടുണ്ടെന്നാണു വിവരം. രാജ്യത്തെ ജിഡിപിയുടെ പകുതിയിൽ ഏറെയായിരിക്കും ചൈനയോടുള്ള കടമെന്നാണ് മുൻ പ്രസിഡന്റും നിലവിലെ ഭരണപക്ഷമായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷനുമായ മുഹമ്മദ് നഷീദ് പറയുന്നത്. ഇത് ഏതാണ്ട് 300 കോടി ഡോളർ വരെയാകാമെന്നാണ്  അദ്ദഹത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ മുഖ്യവരുമാനമാർഗമായ വിനോദസഞ്ചാരത്തിന് കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം ഈ കടം അധികരിക്കാനും കാരണമായി. 

സാമ്പത്തികസ്ഥിതിയിലും ‘ഹൈ റിസ്ക്’

ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം കോവിഡ് ഏറ്റവും മോശമായി ബാധിച്ച ദക്ഷിണേഷ്യൻ രാജ്യമാണ് മാലദ്വീപ്. ഈ വർഷം മാത്രം 19.5% ആണ് ജിഡിപിയിലെ ഇടിവ്. രാജ്യാന്തര നാണ്യനിധിയുടെ കണക്കു പ്രകാരം വായ്പ ദുരിതത്തിൽ ‘ഹൈ റിസ്ക്’ വിഭാഗത്തിലാണ് മാലദ്വീപിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 53 ശതമാനത്തോളം പ്രത്യക്ഷവായ്പ ഉണ്ടെന്നാണ് അവരുടെ കണക്ക്. എന്നാൽ ചൈന നടപ്പാക്കിയ എല്ലാ പദ്ധതികളും മാലദ്വീപുകാരുടെ ആഗ്രഹങ്ങൾക്കും വികസനാവശ്യങ്ങളും ഉറപ്പാക്കി അവിടുത്തെ ജനജീവിതത്തിന്റെ പുരോഗതി ലക്ഷമാക്കിയുള്ളതാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടത്.

വായ്പ തിരിച്ചടവിനു ചൈന സമ്മർദം ചെലുത്തുന്നതായും ഈ വർഷം അവസാനത്തോടെ 83 ദശലക്ഷം ഡോളർ രാജ്യം തിരികെ അടയ്ക്കുമെന്നുമാണ് നഷീദ് പറയുന്നത്. 2021 ൽ 320 ദശലക്ഷം ഡോളറും നൽകും. അടുത്ത വർഷത്തെ സർക്കാരിന്റെ വരുമാനത്തിൽ 53 ശതമാനവും വായ്പ തിരിച്ചടവിന് ഉപയോഗിക്കും. അതിൽ 80 ശതമാനവും ചൈനയിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. താങ്ങാനാവാത്ത രീതിയിൽ മാലദ്വീപിനു കടമുണ്ടെന്നാണ് നഷീദ് അടുത്തിടെ ട്വിറ്ററിൽ കുറിച്ചത്. അപ്പനപ്പൂപ്പന്മാരുടെ സമ്പാദ്യം വിറ്റാലും വീട്ടാനാകാത്ത അത്ര എന്നാണ് കുറിപ്പ്. 

china-maldives-friendship-bridge-1

മാലദ്വീപിലെ ചൈനീസ് ആധിപത്യം ഏറ്റവും അധികം അസ്വസ്ഥമാക്കുന്നത് മാലദ്വീപിന്റെ സുഹൃദ്‌ പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യയെയാണ്. ചൈനയുമായി മാലദ്വീപിന്റെ സൗഹൃദം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് ഇന്ത്യയുടെ നോട്ടം. അതിനാൽ തന്നെ ചൈനയുടെ ‘സൗഹൃദ സേതു’വിനെ മറികടന്ന് മറ്റൊരു പാലം നിർമിക്കുന്നതിനായി 500 ദശലക്ഷം ഡോളറിന്റെ പാക്കേജാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ സൈനികേതര സംരംഭ പദ്ധതിയായാണ് 6.7 കിലോമീറ്റർ (4.1 മൈൽ) നീളമുള്ള ഈ ബദൽ പാലത്തെ ഇന്ത്യ കണക്കാക്കുന്നത്. തലസ്ഥാനമായ മാലെയെ തൊട്ടടുത്തുള്ള മൂന്ന് ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന പാലം നീളത്തിലും വീതിയിലും ചെലവിലും ചൈനയുടെ പാലത്തെ മറികടക്കുന്നതാകുമെന്നാണു പ്രഖ്യാപനം.

ഇന്ത്യയും മാലദ്വീപും

അടുത്തുകിടക്കുന്ന ദ്വീപുരാഷ്ട്രമെന്ന നിലയിലും ഒരേ വ്യോമാതിർത്തി പങ്കിടുന്ന രാജ്യങ്ങളെന്ന നിലയിലും ഇന്ത്യയ്ക്കെന്നും മാലദ്വീപ് സൗഹൃദപട്ടികയിൽ ഒന്നാമതാണ്. 2004 ൽ സൂനാമി തിരമാലകൾ ആഞ്ഞടിച്ച വേളയിൽ മാലദ്വീപിനു സഹായഹസ്തമേകാൻ വ്യോമസേനയെ അയയ്ക്കാനും ഇന്ത്യ മടിച്ചില്ല. മാലദ്വീപിലെ സുരക്ഷാക്രമീകരണങ്ങളിലും സാമ്പത്തിക–സായുധ ഇടപാടുകളിലും ഇന്ത്യയുടെ വ്യക്തമായ കയ്യൊപ്പുകൾ കാണാം.

1981ൽ ഇന്ത്യയും മാലദ്വീപും തമ്മിൽ സംയുക്തവ്യാപാര കരാർ ഒപ്പിട്ടിരുന്നു. സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോർപറേഷന്റെ(സാർക്) സ്ഥാപക രാജ്യങ്ങളിൽപ്പെട്ടവരാണ് ഇരുവരും. 1988 മാലദ്വീപ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് ഇരുട്ടടി നൽകിയ ഇന്ത്യയുടെ ‘ഓപ്പറേഷൻ ക്യാക്ടസി’ന്റെ വിജയത്തിനു ശേഷമാണ് ഇന്ത്യ– മാലദ്വീപ് ബന്ധം കൂടുതൽ ദൃഢമാകുന്നത്. മാലദ്വീപിന് സാമ്പത്തിക സഹായങ്ങൾ നൽകുക മാത്രമല്ല അടിസ്ഥാന സൗകര്യ വളർച്ചയ്ക്കും ആരോഗ്യ– ആശയവിനിമയ രംഗത്തുമൊക്കെ ഇന്ത്യയുടെ കയ്യൊപ്പുണ്ട്. മാലെയിൽ ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രി സ്ഥാപിച്ച് ആരോഗ്യരംഗത്തും മാലദ്വീപിന് ഇന്ത്യ നൽകിയ സംഭാവനകൾ  വലുതാണ്. 

ഇന്ത്യ സായുധസഹായങ്ങളും മാലദ്വീപിനു നൽകുന്നുണ്ട്.  2006 ൽ 46 മീറ്റർ നീളമുള്ള അതിവേഗ പ്രഹരശേഷിയുള്ള ജലയാനവും മാലദ്വീപ് തീരസേനയ്ക്ക് ഇന്ത്യൻ നാവിക സേന സമ്മാനമായി നൽകി. ദ്വീപിലെ റിസോർട്ടുകളിൽ ഭീകരരുടെ ഭീഷണിയുണ്ടാകാമെന്ന സൂചന ലഭിച്ചപ്പോൾ 2009 ൽ മാലദ്വീപ് സർക്കാർ ഇന്ത്യയെ സമീപിച്ചിരുന്നു. തുടർന്ന് മാലദ്വീപിന് ആവശ്യമായ സായുധസഹായങ്ങളും ഇന്ത്യ നൽകിവരുന്നു. 

CHINA-MALDIVES-DIPLOMACY
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും മൂൻ മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീനും. ചിത്രം. എഎഫ്‌പി

ഇങ്ങനെ ഇന്ത്യയുടെ സൗഹൃദത്തണലിൽ തുടരവേ 2013 ൽ അബ്ദുല്ല യമീൻ അധികാരത്തിൽ എത്തിയതോടെയാണ് ഇന്ത്യയുമായുണ്ടായിരുന്ന മാലദ്വീപിന്റെ അടുപ്പം ചൈനയിലേക്കു കൂറുമാറ്റം നടത്തുന്നത്. യമീന്റെ ഭരണത്തിൽ മാലദ്വീപും ബെയ്ജിങ്ങും അടുത്ത സുഹൃത്തുക്കളായി. 2014 ൽ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ മാലദ്വീപിലേക്ക് ചരിത്രസന്ദർശനം നടത്തി. ആദ്യമായാണ് അന്ന് ഒരു ചൈനീസ് പ്രസിഡന്റ് മാലദ്വീപിലേക്ക് എത്തിയത്.

എന്നാൽ 2018 ൽ യമീനെ പരാജയപ്പെടുത്തി മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയിലെ ഇബ്രാഹിം മുഹമ്മദ് സോലിഹ് പ്രസിഡന്റായതോടെ മാലദ്വീപ് ന്യൂഡൽഹിയുമായി കൈകോർത്തു. ഊഷ്മള സൗഹൃദം തിരികെയെത്തിയതിന്റെ ഭാഗമായി 250 ദശലക്ഷം ഡോളറാണ് കോവിഡ് പ്രതിസന്ധിയിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യ മാലദ്വീപിന് അടുത്തിടെ കടമായി നൽകിയത്. എന്നാൽ മാലദ്വീപുമായി ബന്ധം അരക്കിട്ട് ഉറപ്പിക്കാൻ കോടികൾ മുടക്കി ചൈന നിർമിച്ച ‘സൗഹൃദ പാലം’ ഈ ബന്ധത്തിൽ വിനയാകുമോ എന്നതാണ് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്. 

മാലദ്വീപ് നിർണായകമാകുന്നത്

MALDIVES-HEALTH-VIRUS
ഇബ്രാഹിം മുഹമ്മദ് സോലി. ചിത്രം .എഎഫ്‌പി

26 പവിഴദ്വീപുസമൂഹങ്ങൾ (അറ്റോൾ) ചേർന്നതാണ് മാലദ്വീപുകൾ. ഓരോ പവിഴദ്വീപുസമൂഹത്തിലും ഒട്ടേറെ ചെറുദ്വീപുകൾ ഉണ്ടാകും. അങ്ങനെ ആകെ 1192 പവിഴപുറ്റ് ദ്വീപുകളാണ് ഈ ദ്വീപുസമൂഹത്തിൽ. ദ്വീപ് സമൂഹങ്ങൾക്കു നടുവിൽ നീലനിറത്തിൽ ശോഭിക്കുന്ന ജലാശയം. ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്ററാണ് ഒരോ ദ്വീപിന്റെയും വിസ്തീർണം. ഒരോ ദ്വീപുസമൂഹത്തിലും ജനവാസമില്ലാത്ത നിരവധി ദ്വീപുകളുണ്ട്. വിനോദസഞ്ചാരവും മീൻപിടുത്തവുമാണ് രാജ്യത്തെ സമ്പദ്ഘടനയുടെ അടിസ്ഥാനം. 

രാജ്യാന്തര വ്യാപാരത്തിന്റെയും ഊർജപ്രവാഹത്തിന്റെയും പ്രധാനപാതയാണ് ഇന്ത്യൻ മഹാസമുദ്രം. മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഏദൻ കടലിടുക്കുകളും ഹോർമുസ് കടലിടുക്കിനുമിടയിലും മഹാസമുദ്രത്തിന്റെ കിഴക്കുള്ള മലാക്ക കടലിടുക്കും മറ്റുള്ളവയുമായുള്ള ‘ടോൾ ഗേറ്റ്’ എന്ന പോലെയാണ് മാലദ്വീപ് നിൽക്കുന്നതെന്ന് ഭൂമിശാസ്ത്രപരമായി പറയാം.

ആഗോളവ്യാപാരം സുഗമമാക്കുന്നതിൽ വലിയ പങ്കു തന്നെ ഇന്ത്യ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹങ്ങൾക്കുണ്ട്. ഈ നിർണായക സ്ഥാനമാണ് ഇന്ത്യയും ചൈനയും യുഎസ്സുമടക്കമുള്ള രാജ്യങ്ങളെ ഇവിടേക്ക് കണ്ണെറിയാൻ പ്രേരിപ്പിക്കുന്നതും. മാലദ്വീപിനോട് ചേർന്നുള്ള രാജ്യാന്തര കടൽപാതയ്ക്ക് (ഇന്റർനാഷനൽ ഷിപ്പിങ് ലൈൻ) കടൽമാർഗമുള്ള രാജ്യാന്തര വ്യാപാരത്തിൽ തന്ത്രപ്രധാനമായ സ്ഥാനമുണ്ട്. എന്നാൽ അത് ഇന്ത്യക്കാണ് കൂടുതൽ പ്രധാനപ്പെട്ടതെന്നാണ് വിലയിരുത്തൽ.

ഇന്ത്യയുടെ ബാഹ്യ വ്യാപാരത്തിന്റെ പകുതിയും ഊർജ ഇറക്കുമതിയുടെ 80 ശതമാനവും മാലദ്വീപിന് അടുത്തുള്ള ഈ കടൽപാതകളിലൂടെയാണ്. മധ്യപൂർവേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ചൈനയിലേക്കുള്ള ക്രൂഡ്ഓയിൽ ഇറക്കുമതിയുടെ 62 ശതമാനവും ഈ പാതകളിലൂടെയാണ്.

കടക്കെണി മാറ്റാൻ മോദി നയതന്ത്രം

 ഇബ്രാഹിം മുഹമ്മദ് സോലിഹ് സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യയുമായി ഊഷ്മള ബന്ധം മടക്കിയെത്തിക്കാനാണ് മാലദ്വീപ് ശ്രമിക്കുന്നത്. സോലിഹ് അധികാരത്തിൽ വന്നതിനു പിന്നാലെ 200 കോടി ഡോളറിലേറെയാണ് ഡൽഹിയിൽ നിന്നുള്ള സഹായവാഗ്ദാനം ലഭിച്ചത്. മാലദ്വീപുമായുള്ള ബന്ധം എന്തു വില കൊടുത്തും നിലനിർത്തേണ്ടത് ഇന്ത്യയുടെ വ്യാവസായിക കയറ്റുമതിക്കും അനിവാര്യമെന്നാണ് വിലയിരുത്തൽ.

ചൈനയുടെ കടക്കെണിയിൽ വലയുന്ന മാലദ്വീപിന് 140 കോടി ഡോളറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ വാഗ്ദാനം ചെയ്തത്. ഓഗസ്റ്റിൽ ‘ഗ്രേറ്റർ മാലെ കണക്ടിവിറ്റി പ്രോജക്ടി’നായി( മൂന്നു ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലം) 500 ദശലക്ഷം ഡോളറും പ്രഖ്യാപിച്ചു. ഇതിൽ 100 ദശലക്ഷം ഗ്രാന്റും 400 ദശലക്ഷം സോഫ്റ്റ്‌ ലോണുമാണ്. എക്സിം ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 20 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1.75 ശതമാനം മാത്രം പലിശയ്ക്കാണ് ഇന്ത്യ മാലദ്വീപിന് ഈ വായ്പ നൽകുന്നത്. ഇതിനു പുറമേ കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞ സാമ്പത്തിക സ്ഥിതിയെ പിടിച്ചുയർത്താൻ 250 ദശലക്ഷം ഡോളർ അധിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കുറഞ്ഞ ചെലവിലുള്ള വികസന സഹായങ്ങളാണ് മാലദ്വീപിന് ആവശ്യമെന്നാണ് ഈ പ്രഖ്യാപനങ്ങൾക്കു മറുപടിയായി മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്  ട്വിറ്ററിൽ കുറിച്ചത്.

‘‘രാജ്യത്തെ കടക്കെണിയിലാക്കുന്ന, കണ്ണുനനയ്ക്കുന്ന വിലയേറിയ വാണിജ്യ വായ്പകൾക്ക് പകരം നിർണായകമായ അടിസ്ഥാന സൗകര്യവികസനത്തിന് ഉതകുംവിധം ഒരു സുഹൃത്തിൽ നിന്നുള്ള യഥാർഥ സഹായം.’’– ഇന്ത്യയുടെയും ചൈനയുടെയും സഹായത്തെ താരതമ്യം ചെയ്ത് നഷീദ് അഭിപ്രായപ്പെട്ടതിങ്ങനെ. മാലദ്വീപിൽ ക്രിക്കറ്റ് സ്റ്റേഡിയവും ആശുപത്രിയും ഉൾപ്പെടെ ഇന്ത്യയുടെ അടിസ്ഥാന വികസന പദ്ധതികളെല്ലാം പുരോഗമിക്കുകയാണെന്നും അവയിൽ മാലദ്വീപിന് കൃത്യമായ നിയന്ത്രണവും ഉണ്ടെന്നു പറഞ്ഞ നഷീദ് അതേസമയം ചൈനയുടെ പദ്ധതികളിൽ ആർക്കാണു കരാറെന്നോ എത്ര പണമാണ് ചെലവാക്കുന്നതെന്നോ മാലദ്വീപുകാർക്ക് ഒരു ധാരണയുമില്ലെന്നാണ് പറയുന്നത്. 

ഇരുരാജ്യങ്ങളെയും പിണക്കാതെ മാലെ

ഇന്ത്യയുമായി അടുക്കുക, ഒപ്പം ചൈനയെ പിണക്കാതിരിക്കുക, ഈ അവസ്ഥയിലാണ് മാലദ്വീപ്.  അത്രയധികം വായ്പയാണ് ചൈനയിൽ നിന്ന് മാലദ്വീപ് സ്വീകരിച്ചത് എന്നതാണ് ഇതിനു കാരണം. മാലദ്വീപിലേക്ക് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്നതും ചൈനയിൽ നിന്നാണ്. ചൈനയുമായുള്ള ബന്ധം നിലനിർത്തുമെന്ന് സോലിഹ് സർക്കാർ ചൈനയ്ക്ക് ആവർത്തിച്ച് ഉറപ്പും നൽകുന്നുണ്ട്. മാലദ്വീപിന്റെ പ്രധാന സാമ്പത്തിക, സംയുക്ത വികസനത്തിന്റെ മികച്ച പങ്കാളിയായി ചൈന തുടരുമെന്നും മാലദ്വീപ് വീദേശകാര്യമന്ത്രിയും ഒരു അഭിമുഖത്തിൽ അടുത്തിടെ അറിയിച്ചു. ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നാലെ യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മാലദ്വീപ് സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ട്. 

‘ലഡാക്ക് ചൂട്’ മാലദ്വീപിലും

2020 ജൂണിൽ കിഴക്കൻ ലഡാക്കിൽ ഉണ്ടായ സംഘർഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം തകർന്നത് മാലദ്വീപിനും വലിയ വിഷയമാണ്. ഇന്ത്യയും ചൈനയും വൈരികളായി തുടരുന്ന സാഹചര്യമുണ്ടായാൽ ഇരുരാജ്യങ്ങളും തമ്മിൽ രാജ്യത്തിനുള്ള ബന്ധം നിലനിർത്താൻ മാലദ്വീപിന് ഏറെ പണിപ്പെടേണ്ടതായി വരും. ഈ സാഹചര്യത്തിലും ആർക്കാണു കൂടുതൽ പ്രാധാന്യം നൽകേണ്ടത് എന്നതിൽ നഷീദിന് കൃത്യമായ ഉത്തരമുണ്ട്– ‘‘ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഞങ്ങൾക്ക് ഉദ്ദേശമില്ല. എന്നാൽ ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ, ഞങ്ങൾക്കു സമാനമായി ചിന്തിക്കുന്ന മനസ്സുകളോടാണ് താൽപര്യം. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്ത്യ തന്നെയാണ് ആദ്യം. എപ്പോഴും അതങ്ങനെ തന്നെയായിരിക്കും.’’ – നഷീദ് അഭിപ്രായപ്പെടുന്നു.

എന്നാൽ മാലദ്വീപിലേക്ക് പണമൊഴുക്കുന്നതിൽ ഇന്ത്യയ്ക്കു പരിധിയുണ്ടെന്നാണു രാജ്യാന്തര സാമ്പത്തിക വിദഗ്ധർ പറയുന്നത്. കോവിഡ് മഹാമാരിയിൽ ഇന്ത്യയുടെ സാമ്പത്തിക ഘടനയ്ക്കും കാര്യമായ ക്ഷതമേറ്റു. ലോക്ഡൗൺ കൂടി വന്നതോടെ ഇന്ത്യയുടെ ജിഡിപി 23.9 ശതമാനമാണ് ഇടിഞ്ഞത്. ജൂലൈയിൽ ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ജോലി നഷ്ടമാകുന്നവരുടെ എണ്ണം കൂടിയത് ജനസംഖ്യയുടെ പകുതിയേയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക ഘടന ചൈനയേക്കാൾ വളർച്ച കുറഞ്ഞതായതിനാൽ മാലദ്വീപിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പണമൊഴുക്കുന്ന സാഹചര്യം ഇന്ത്യൻ ജനതയിൽ പ്രകോപനം സൃഷ്ടിക്കുമെന്നും ഇതിനിടെ വിലയിരുത്തലുണ്ട്. 

English Summary : A tale of two bridges: India and China vying for influence in the Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA