ADVERTISEMENT

തിരുവനന്തപുരം ∙ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍ പിള്ളയ്ക്കുമെതിരെ അച്ചടക്ക നടപടി. പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവയ്ക്കാത്തതിന് ഇരുവരെയും കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ നല്‍കിയതിനാലാണ് രാജി ആവശ്യപ്പെട്ടത്. എസ്ഡിപിഐ പിന്തുണയില്‍ ലഭിച്ച വെമ്പായം ഗ്രാമപഞ്ചായത്തിലെ ഭരണം ഉപേക്ഷിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം പ്രാദേശിക നേതൃത്വം തള്ളിയിരുന്നു.

നറുക്കെടുപ്പിലൂടെയാണ് അധികാരം കിട്ടിയതെന്നും അതിന് മുമ്പ് ആരൊക്കെ അനുകൂലിച്ച് വോട്ടിട്ടെന്ന് അറിയില്ലെന്നുമാണ് പ്രസിഡന്റിന്റേയും ബ്ലോക്ക് കമ്മിറ്റിയുടെയും വിശദീകരണം. 25 വര്‍ഷത്തിന് ശേഷമാണ് വെമ്പായത്ത് യുഡിഎഫിന് അധികാരം കിട്ടിയത്. 21 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും അംഗങ്ങളായിരുന്നു. വോട്ടെടുപ്പില്‍ എസ്ഡിപിഐ അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ ഇരു മുന്നണികള്‍ക്കും തുല്യമായി.

തുടര്‍ന്നുള്ള നറുക്കെടുപ്പില്‍ യുഡിഎഫിന് ഭരണം കിട്ടി. എസ്ഡിപിഐ പിന്തുണച്ച് കിട്ടിയ ഭരണം പലയിടത്തും എല്‍ഡിഎഫ് ഉപേക്ഷിച്ചെങ്കിലും യുഡിഎഫ് തുടരുന്നത് വിമര്‍ശനത്തിനിടയാക്കി. ഇതോടെ വെമ്പായത്തെ പ്രസിഡന്റിനോട് സ്ഥാനം രാജിവയ്ക്കാന്‍ ഡിസിസി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നായിരുന്നു ബീന ജയന്റ പ്രതികരണം.

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും ഡിസിസിയുടെ ആവശ്യത്തെ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. എസ്ഡിപിഐയുടെ പിന്തുണ കിട്ടിയിട്ടുണ്ടെങ്കില്‍ രാജിവച്ചേ മതിയാകൂവെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവര്‍ത്തിച്ചു. തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി എടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിൽ പാർട്ടി നല്‍കിയ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്.

നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ സൗകര്യമൊരുക്കി സ്വന്തം വോട്ട് അസാധുവാക്കിയ കൗണ്‍സിലര്‍ ജി.സുകുമാരി, തിരുപുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കാതെ അസാധുവാക്കിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എല്‍.ക്രിസ്തുദാസ്, വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി നിര്‍ത്തിയ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കിയ കാരോട് വാര്‍ഡ് മെമ്പര്‍ വി.ആര്‍.അനീഷ് എന്നിവര്‍ക്ക് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരുടെ അംഗത്വം റദ്ദാക്കുന്നതു സംബന്ധിച്ച നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. വി.ആര്‍.അനീഷിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കി. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച എ.നിഹാസിനും കാരണം കാണിക്കൽ നോട്ടിസ് നല്‍കി.

English Summary: Congress action against president and vice president in Vembayam Panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com